കലാഭവന്‍ അശോകന്‍ ഹരിശ്രീ അശോകനായപ്പോള്‍...

തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2011 (12:11 IST)
PRO
‘മിമിക്സ് പരേഡ്’ എന്ന വാക്ക് ആരുടെ സംഭാവനയാണെന്ന് അറിയില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പൂരപ്പറമ്പുകളിലും പള്ളിമുറ്റങ്ങളിലും അരങ്ങെറുന്ന ഈ ജനപ്രിയ പരിപാടിയുടെ പിന്നില്‍ ആബേലച്ചന്‍ രൂപം കൊടുത്ത കലാഭവന്‍ ആയിരുന്നു. മിമിക്സ് പരേഡിലൂടെയാണ് ഇന്ന് നമ്മള്‍ ഇഷ്ടപ്പെടുന്ന പല സിനിമാ പ്രവര്‍ത്തകരും പേരെടുക്കുന്നത്. സിദ്ദിഖ്, ലാല്‍, ജയറാം, ദിലീപ്, കലാഭവന്‍ മണി, എന്‍ എഫ് വര്‍ഗീസ്, സൈനുദ്ദീന്‍, കലാഭവന്‍ നവാസ്, കലാഭവന്‍ സന്തോഷ്, കലാഭവന്‍ പ്രജോദ്, കെ എസ് പ്രസാദ് എന്നിവരാണ് മിമിക്രി രംഗത്ത് പയറ്റി പ്രശസ്തരായവര്‍.

ഇവരില്‍ ഏറ്റവും പ്രശസ്തര്‍ സിദ്ധിക്കും ലാലും തന്നെ. പുല്ലേപ്പടിക്കാരന്‍ സിദ്ധിക്കും ചേരാനല്ലൂരുകാരന്‍ ലാലും തമ്മിലുള്ള ചങ്ങാത്തതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലാലും കൂട്ടരും അവതരിപ്പിച്ച രമണന്റെ മരണം എന്ന ഹാസ്യനാടകം കണ്ട് ബോധിച്ചതിനെ തുടര്‍ന്നാണ് സിദ്ധിക്ക് ലാലുമായി സൌഹൃദത്തില്‍ ആകുന്നത്. ഈ ബന്ധം ലാലിനെ കലാഭവന്‍ ആബേലച്ചന്റെ അരികിലെത്തിച്ചു. ഇവരിരുവരും ചേര്‍ന്ന് കലാഭവനെ പ്രശസ്തിയുടെ നെറുകയില്‍ എത്തിച്ചത് ചരിത്രം.

തകര്‍പ്പന്‍ തമാശകളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ജയറാം കലാഭവനിലെ സൂപ്പര്‍ താരമായിരുന്നു. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചുതുടങ്ങിയതോടെ പരിപാടികള്‍ക്ക് ജയറാമിനെ കിട്ടാതായി. തനിക്ക് പകരം മറ്റാരെയെങ്കിലും നോക്കിക്കൊള്ളാന്‍ ആബേലച്ചനോട് ജയറാം പറയുകയും ചെയ്തു. കലാഭവനില്‍ അപ്പോള്‍ ജോലി ചെയ്തിരുന്ന റഹ്‌മാന്‍ ഒരു മിമിക്രിക്കാരനെ തപ്പിക്കൊണ്ടുവന്നു. ഉയരമില്ലാത്ത, മെലിഞ്ഞ ഒരു സാധാരണ ചെറുപ്പക്കാരന്‍. അയാളാണ് പിന്നീട് ദിലീപ് എന്ന പേരില്‍ പ്രശസ്തനായ മറ്റൊരു താരം.

സിദ്ധിക്ക് കലാഭവന്‍ വിട്ട ഒഴിവിലേക്കാണ് അശോകന്‍ (ഹരിശ്രീ അശോകന്‍) വരുന്നത്. പോര്‍ക്കുകളെ വളര്‍ത്തിയിരുന്ന സ്ഥലത്തായിരുന്നുവെത്രെ അശോകന്റെ വീട്. അതുകൊണ്ട് അശോകന്‍ വന്നത്‌ 'പോര്‍ക്കിന്‍ കൂട്ടില്‍' നിന്നാണെന്ന്‌ കലാഭവനിലെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. കലാഭവനിലെ അച്ചടക്ക നടപടികളോട് അശോകന് അത്ര വലിയ താല്‍‌പര്യം ഉണ്ടായിരുന്നില്ല. ഇതെ ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ കലാഭവില്‍ നിന്ന് അശോകന്‍ ഹരിശ്രീ എന്ന മിമിക്സ് ട്രൂപ്പില്‍ ചേര്‍ന്നു.

കലാഭവന്‍ വിട്ട് സിനിമയിലേക്കും ടെലിവിഷനിലേക്കും മറ്റും ചേക്കേറിയെങ്കിലും എല്ലാവരും ആബേലച്ചനുമായി സൌഹൃദം പുലര്‍ത്തിയിരുന്നു. 2001-ല്‍ ആബേലച്ചന്‍ മരിക്കുന്നത് വരെ ഈ ബന്ധം തുടര്‍ന്നു. കുര്യനാട് പള്ളി സെമിത്തേരിയില്‍ ആബേലച്ചന്റെ ശവസംസ്കാരം നടന്നപ്പോള്‍ കലാഭവനിലൂടെ വളര്‍ന്ന് താരങ്ങളായ എല്ലാവരും അവരുടെ സ്വന്തം ആബേലച്ചന് അന്തിമാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക