നാടകരംഗത്ത് വാസു പ്രദീപിന്‍റെ പരീക്ഷണങ്ങള്‍

മലയാള നാടകരംഗത്ത്‌ നിശ്ശബ്ദനായിരുന്ന്‌ വിപ്ലവങ്ങള്‍ സൃഷ്ടിച്ച ആളാണ്‌ വാസുപ്രദീപ്‌. അവതരണത്തിലും രംഗസംവിധാനത്തിലുമെല്ലാം പുത്തന്‍ പരീക്ഷണങ്ങള്‍, രചനയിലെ വേറിട്ടൊരു വഴി എല്ലാം വാസുപ്രദീപിന്റെ വകയായുണ്ട്‌.

എങ്കിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ സമൂഹവും നാടകചരിത്രകാരന്മാരും വേണ്ടുവിധം ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു.

"പുതുതായി എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ എഴുതാറുള്ളു.സംഭാഷണങ്ങള്‍ കുത്തി നിറയ്ക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. അവതരണത്തിലാവണം ശ്രദ്ധ. സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലാണ്‌ മിക്കവാറും സൃഷ്ടികള്‍ പിറവിയെടുത്തത്‌." വാസു പ്രദീപ്‌ പറയുന്നു.

ഒട്ടേറെ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തയാളാണ്‌ വാസുപ്രദീപ്‌.അന്‍പതോളം നാടകങ്ങള്‍.

കണ്ണാടിക്കഷ്ണങ്ങള്‍, നിലവിളി, താഴും താക്കോലും, മത്സരം, ബുദ്ധി, ദാഹം, അഭിമതം തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്ത നാടകകൃതികള്‍. ഒട്ടേറെ റേഡിയോ നാടകങ്ങള്‍ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.

കാണികള്‍ക്കിടയില്‍ നിന്ന് അപ്രതീക്ഷിതമായി ഒരാള്‍ കടന്നു വരുക, അന്ത്യരംഗത്ത് കര്‍ട്ടനിടും മുമ്പ് കഥാപാത്രം യഥര്‍ത്ത നടിയായി ആത്ഗതം നടത്തുക തുടങ്ങിയ ധീരമായ പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി.

നാടകത്തെ നെഞ്ചോടു ചേര്‍ത്തു പിടിച്ച ജീവിതമാണ്‌ വാസു പ്രദീപിന്റേത്‌.ആറു നാടകസമാഹരണം പ്രസിദ്ധീകരിച്ചു. അന്‍പതോളം നാടകങ്ങള്‍. 22-ാ‍ം വയസ്സില്‍ പെണ്‍വേഷം കെട്ടിയാണ്‌ ചിത്രകാരനായ വാസുപ്രദീപിന്റെ അരങ്ങേറ്റം.

നാടക സാഹിത്യത്തില്‍ അത്യാധുനിക പ്രവണതകള്‍ കടന്നു വരുന്നതിനു മുമ്പ്‌ തന്നെ അത്തരം സങ്കേതങ്ങള്‍ അവതരിപ്പിച്ചു വിജയിച്ചയാളാണ്‌ ഇദ്ദേഹം. അദ്ദേഹത്തിനു പുരസ്കാരം എത്തിയത്‌ കോഴിക്കോടന്‍ നാടക വേദിക്കുള്ള അംഗീകാരം കൂടിയാണ്‌.


വരയ്ക്കാനും എഴുതാനും ആയിരുന്നു അന്ന്‌ താല്‍പര്യം. കുതിരവട്ടത്തെ ദേശപോഷിണി വായനശാലയും അതിന്റെ വാര്‍ഷികാഘോഷവുമായിരുന്നു അദ്ദേഹത്തിന്റെ നാടകകൃത്തിന്റേയും അഭിനേതാവിനേയും ഉണര്‍ത്തി വിട്ടത്‌.

കുഞ്ഞാണ്ടി, നെല്ലിക്കോട്‌ ഭാസ്കരന്‍, ശാന്താദേവി, കുതിരവട്ടം പപ്പു, ബാലന്‍ കെ നായര്‍, കുഞ്ഞാവ തുടങ്ങിയ കോഴിക്കോട്ടെ പ്രഗത്ഭരുടെയെല്ലാം കളരിയായിരുന്നു ദേശപോഷിണി

നല്ല നടനുള്ള ഏഴോളം അവാര്‍ഡുകള്‍ അടക്കം ആകെ 31 അവാര്‍ഡുകള്‍ നേടി. 95-ല്‍ സാഹിത്യ അക്കാദമിയുടെയും തുടര്‍ന്ന്‌ മികച്ച നാടക പ്രവര്‍ത്തകനുള്ള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരം നേരത്തെ വാസു പ്രദീപിനു ലഭിച്ചിട്ടുണ്ട്‌.

മിഠായിത്തെരുവിലെ പ്രദീപ്‌ ആര്‍ട്‌സില്‍ ചിത്രം വരയില്‍ നിന്നു കിട്ടുന്ന തുച്ഛമായ പ്രതിഫലവും സാഹിത്യ അക്കാദമിയില്‍ നിന്നു കിട്ടുന്ന 400 രൂപ പെന്‍ഷനും മാത്രമാണ്‌ ഇദ്ദേഹത്തിന്റെ വരുമാനം. പെന്‍ഷന്‍ കിട്ടിത്തുടങ്ങിയത്‌ നാലുവര്‍ഷം മുമ്പാണ്‌.

വൈകിയാണ്‌ വസു പ്രദീപ്‌ വിവാഹിതനായത്‌. കോടഞ്ചേരി സ്വദേശിയായ ഭാര്യ നേരത്തെ മരിച്ചു. കോളേജ്‌ അധ്യാപികയായ സ്‌മിതയും സംഗീത വിദ്യാര്‍ഥിയായ സീനയും മക്കളാണ്‌

വെബ്ദുനിയ വായിക്കുക