കാവുങ്ങല്‍ കളരിയുടെ ആശാന്‍

WDWD
തെക്കന്‍ മലബാറിലെ കാവുങ്ങല്‍ കഥകളി കളരിയിലെ അവസാനത്തെ അധിപന്‍ കാവുങ്ങല്‍ ചാത്തുണ്ണി പണിക്കര്‍ നവംബര്‍ 29 ന് മംഗളം പാടി പിരിഞ്ഞു. ആറു കൊല്ലം തളര്‍വാതം മൂലം കലാസപര്യ നിര്‍ത്തിവയ്ക്കേണ്ടിവന്നു അദ്ദേഹത്തിന്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അദ്ദേഹത്തിന്‍റെ ജന്‍‌മനാടായ തിച്ചൂരില്‍ ശതാഭിഷേക ചടങ്ങുകള്‍ നടന്നത്.

അമ്മാവന്‍ കാവുങ്ങല്‍ ശങ്കരന്‍കുട്ടി പണിക്കരില്‍ നിന്ന് കഥകളി അഭ്യസിച്ച് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ച ചാത്തുണ്ണി പണിക്കര്‍ക്ക് അമ്മാവനു മുമ്പെ തന്നെ കേന്ദ്ര സര്‍ക്കാരിന്‍റെ കഥകളി പുരസ്കാരം ലഭിച്ചിരുന്നു.

കഥകളിയിലെ പല ചിട്ടകളും അന്യം നിന്നു കഴിഞ്ഞു. കല്ലടിക്കോടന്‍, കടത്തനാടന്‍, കപ്ലിങ്ങാടന്‍ തുടങ്ങിയ ചിട്ടകള്‍ പോലെ വ്യത്യസ്തതകള്‍ പുലര്‍ത്തിയ ചിട്ടയായിരുന്നു കാവുങ്ങലില്‍ ഉണ്ടായിരുന്നത്. ചാത്തുണ്ണി പണിക്കരുടെ നിര്യാണത്തോടെ അതിനും പിന്തുടര്‍ച്ചക്കാരില്ലാതായി കഴിഞ്ഞു.

കഥകളിയിലെ വരേണ്യ വര്‍ഗ്ഗത്തിന്‍റെ പഴഞ്ചന്‍ ആധിപത്യത്തിനെതിരെ നിലകൊള്ളുകയും സിദ്ധിയിലൂടെയും സാധനയിലൂടെയും അക്കാലത്തെ പല കലാകാരന്‍‌മാരെയും അതിശയിക്കുകയും ചെയ്തു എന്നതാണ് ഈ കളരിയുടെ പ്രത്യേകത.

കഥകളിയില്‍ ചാത്തുണ്ണി പണിക്കര്‍ വരുത്തിയ വൈവിദ്ധ്യമാര്‍ന്ന മാറ്റങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. മൃണാളിനി സാരാഭായിയെ കണ്ടുമുട്ടിയതാണ് ചാത്തുണ്ണി പണിക്കരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അവര്‍ അഹമ്മദാബാദില്‍ നടത്തിയിരുന്ന ദര്‍പ്പണ നൃത്ത സ്ഥാപനത്തില്‍ പ്രധാന ആചാര്യനായി ചാത്തുണ്ണി പണിക്കര്‍ പ്രവര്‍ത്തിച്ചു.


ഇത് അദ്ദേഹത്തിന് അഖിലേന്ത്യാ പ്രശസ്തി മാത്രമല്ല അഖില ലോക പ്രശസ്തിയും നേടിക്കൊടുത്തു. കഥകളിയില്‍ സ്വന്തം പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ വളക്കൂറുള്ള മണ്ണായിരുന്നു ദര്‍പ്പണയില്‍ ഉണ്ടായിരുന്നത്.

അദ്ദേഹം ദര്‍പ്പണ അക്കാദമിയുടെ പ്രിന്‍സിപ്പലും പ്രധാന വേഷക്കാരനുമായിരുന്നു. മൃണാളിനിയോടൊപ്പം തന്നെ ഒട്ടേറെ നൃത്ത ശില്‍പ്പങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.

ഇതില്‍ എടുത്തു പറയാവുന്നത് ദര്‍പ്പണയുടെ മനുഷ്യന്‍ എന്ന നൃത്തശില്‍പ്പമാണ്. ഇത് ഒട്ടേറേ നവീനപരീക്ഷണങ്ങളും പരിഷ്കാരങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു.

ഒട്ടേറെ നൃത്ത ഇനങ്ങള്‍ക്ക് അദ്ദേഹം സംവിധാനം നിര്‍വഹിച്ചു. കഥകളിയിലെ മുദ്രകളും ചുവടുകളും സാത്വിക അഭിനയ വിധങ്ങളും ഉപയോഗിച്ച് ഒട്ടേറെ നൃത്ത ശില്‍പ്പങ്ങള്‍ മെനഞ്ഞെടുത്തു. ദീര്‍ഘനാളത്തെ ഗുജറാത്ത് വാസത്തിനു ശേഷം തൊണ്ണൂറുകളുടെ ആദ്യമാണ് ചാത്തുണ്ണീ പണിക്കര്‍ നാട്ടില്‍ തിരിച്ചെത്തിയത്.

കീചകന്‍ ശങ്കരപ്പണിക്കര്‍ എന്ന പേരില്‍ പ്രസിദ്ധനായ അമ്മാവന്‍ കഥകളി ജനങ്ങള്‍ക്കിടയിലേക്ക് കൊണ്ടുവന്നവരില്‍ പ്രമുഖനായിരുന്നു. മനകളില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും കഥകളിയെ പുറത്തുകൊണ്ടുവന്ന് നാട്ടിലെ മൈതാനങ്ങളിലും വയലുകളിലും അക്കാലത്ത് അദ്ദേഹം അവതരിപ്പിച്ചു. അമ്മാവന്‍റെ ഇതേ പാരമ്പര്യമാണ് അനന്തിരവനും പിന്തുടര്‍ന്നത്.

ഇതുകൂടാതെ മറ്റൊരു അമ്മാവന്‍ കടമ്പൂര്‍ ഗോപാലന്‍ നായരുടെ ശിക്ഷണവും കാവുങ്ങലിനു കിട്ടിയിരുന്നു. കര്‍മ്മധീരനും വീരനുമായ ഹനുമാന്‍, ക്രോധം കൊണ്ട് ജ്വലിക്കുന്ന പരശുരാമന്‍ എന്നിവയായിരുന്നു ഒരുകാലത്ത് പണിക്കരുടെ പേരുകേട്ട വേഷങ്ങള്‍.

ചലനങ്ങളുടെ ചാരുതയും ചടുലതയും കൈമുദ്രകളുടെ സൌകുമാര്യവും പണിക്കരുടെ അഭിനയത്തിന്‍റെ സവിശേഷതകളായിരുന്നു. കപ്ലിങ്ങാടന്‍ ചിട്ടയില്‍ അഭിനയത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്ന തെക്കന്‍ കേരളത്തിലെ കഥകളിക്കാരില്‍ നിന്ന് ചാത്തുണ്ണി പണിക്കര്‍ വ്യത്യസ്തനായത് ആംഗിക അഭിനയത്തിന്‍റെ സവിശേഷ ഭംഗികൊണ്ടായിരുന്നു.

ദുര്യോധന വധത്തിലെ രൌദ്ര ഭീമന്‍, നളചരിതത്തിലെയും കിരാതത്തിലെയും കാട്ടാളന്‍ എന്നിവയും കത്തി വേഷങ്ങളും പണിക്കര്‍ തന്‍‌മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. ഈയൊരു കാര്യം കൊണ്ടു മാത്രമാണ് ഏറെനാള്‍ നാട്ടില്‍ ഇല്ലാതിരുന്നിട്ടും പേരുകേട്ട കഥകളിക്കാരുടെ പട്ടികയില്‍ മുന്‍‌നിരയില്‍ പണിക്കര്‍ക്കും പേരു കിട്ടിയത്.

നാട്ടില്‍ തിരിച്ചെത്തിയ ശേഷം കാവുങ്ങല്‍ കളരിയെ പരിഷ്കരിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. മാത്രമല്ല അസുഖം അദ്ദേഹത്തെ ഒരു തിരിച്ചുവരവിനു സമ്മതിക്കാതെ തളര്‍ത്തുകയും ചെയ്തു.



വെബ്ദുനിയ വായിക്കുക