കലാപത്തിനൊരുങ്ങി ജോസഫും കൂട്ടരും; കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്?

ജോണ്‍ കെ ഏലിയാസ്
വ്യാഴം, 11 ഓഗസ്റ്റ് 2016 (16:41 IST)
കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍പ്പിലേക്കെന്ന് സൂചന. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത ശക്തമായി. മുന്നണി ബന്ധം പാര്‍ട്ടിക്ക് അനിവാര്യമാണെന്ന അഭിപ്രായത്തിലാണ് ജോസഫ് വിഭാഗം. പി ജെ ജോസഫും മോന്‍സ് ജോസഫും അക്കാര്യം തുറന്നുപറയുകയും ചെയ്തു. എന്നാല്‍ മുന്നണിബന്ധം തല്‍ക്കാലം ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ് കെ എം മാണി.
 
ജോസഫും മോന്‍സ് ജോസഫും പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നാണ് മാണി പറയുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അതിശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്നും അതൊരു വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
എന്‍ ഡി എ മുന്നണിയുമായി അടുക്കുന്നതിനോട് ജോസഫ് വിഭാഗം ഒട്ടും യോജിക്കുന്നില്ല. അക്കാര്യം മോന്‍സ് ജോസഫ് ഉള്‍പ്പടെയുള്ളവര്‍ തുറന്നുപറയുകയും ചെയ്യുന്നു. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിയാകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അക്കാര്യം ബി ജെ പി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പരാമര്‍ശം കേരള കോണ്‍ഗ്രസിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
 
ബി ജെ പി നേതൃത്വവുമായി ഏതെങ്കിലും രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നു എന്ന് ബോധ്യപ്പെട്ടാല്‍ പി ജെ ജോസഫ് പാര്‍ട്ടി പിളര്‍ത്തുമെന്നാണ് വിവരം. എന്നാല്‍ അടര്‍ന്നുമാറുന്ന ജോസഫും കൂട്ടരും യു ഡി എഫില്‍ നില്‍ക്കുമോ അതോ എല്‍ ഡി എഫിലേക്ക് മടങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
 
എന്തായാലും ഇനിവരുന്ന ദിവസങ്ങള്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അതിനിര്‍ണായകമാണ്. മാണിയുടെ നീക്കങ്ങള്‍ സശ്രദ്ധം വീക്ഷിക്കുകയാണ് രാഷ്ട്രീയ കേരളം.
Next Article