പീതാംബരനെ പുറത്താക്കി തടിതപ്പാനാകുമോ സി പി എമ്മിന് ?

ചൊവ്വ, 19 ഫെബ്രുവരി 2019 (11:43 IST)
കാസർഗോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടകൊലപാതകത്തിന് പിന്നിൽ സി പി എം പ്രാദേശിക നേതൃത്വം തന്നെ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പൊലീസ്. കൃത്യത്തിന്റെ മുഖ്യ സൂത്രധാരനായ സി പി എം ലോക്കൽ കമ്മറ്റി അംഗം എ പീതാംബരനെ പൊലീസ് കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
 
പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കും എന്ന് ഉദുമ എം എൽ എ കെ കുഞ്ഞിരാമൻ പ്രഖ്യാപിച്ചു. കൊലപാതകത്തിന് കാരണക്കാരായ പാർട്ടി പ്രവർത്തകരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ല എന്ന നിലപാട് സി പി എം സംസ്ഥാന സെക്രട്ടറി ആവർത്തിക്കുകയും ചെയ്തു. പീതാംബരേ പുറത്താക്കിക്കൊണ്ട് ഈ പ്രശ്നത്തിൽ നിന്നും സി പി എമ്മിന് തടിയൂരാൻ സാധിക്കുമോ ?
 
സി പി എമ്മിനെതിരെ ശബരിമല വിഷയത്തിൽ പോലും ഉണ്ടാകാത്ത അത്ര ആഴത്തിലുള്ള ജനവികാരം ഇണ്ടാകാൻ ഈ ക്രൂര കൊലപാതകങ്ങൾ കാരണമാകും. സംസ്ഥാനത്തെ നിലവിലെ സാഹചര്യം സംസ്ഥാന സർക്കാരിനെയും സി പി എമ്മിനെയും പ്രതികൂട്ടിൽ നിർത്തുന്നതാണ്. തിരെഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ പർട്ടികൾക്ക് കടന്നാക്രമിക്കാനുള്ള ഒരു സാഹചര്യം ഒരുക്കുകയാണ് സി പി എം ചെയ്തിരിക്കുന്നത്.
 
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടന്ന മുഴുവൻ രാഷ്ട്രീയ കൊലപാതകങ്ങളും ഇതോടെ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയമായി മാറും. പ്രത്യേകിച്ച് ഷുക്കൂർ വധക്കേസിൽ സി പി എം നേതാവ് പി ജയരാജൻ പ്രതി ചേർക്കപ്പെട്ട സാഹചര്യം കൂടി സംസ്ഥാനത്തുണ്ട്. ടി പി വധക്കേസിൽ പ്രതി പി കെ കുഞ്ഞനന്തന് സർക്കാർ വഴിവിട്ട സഹായങ്ങൾ ചെയ്യുന്നു എന്ന തരത്തിൽ കോടതിപോലും പരാമർശം നടത്തിയ സാഹചര്യം വേറെയും.
 
ശബരിമല വിഷയവും ബി ജെപിയുടെ തന്ത്രങ്ങൾക്കും പുറമേയാണ് സി പി എമ്മിന് ഇ ആരോപണങ്ങളെയെല്ലാം നേരിടേണ്ടത്. ഇത് പാർട്ടിക്കാര്യം. ഇനി സംസ്ഥാന സർക്കാരിലേക്ക് വന്നാൽ. ഭരണത്തിൽ 1000 ദിവസങ്ങൾ പൂർത്തിയാക്കിയ പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഈ ആരോപങ്ങളുടെ മുന്നിൽ എണ്ണപ്പെടില്ല എന്നതാണ് നേരിടാൻ പോകുന്ന സുപ്രധാന പ്രശ്നങ്ങളിലൊന്ന്.
 
ഭരണ നേട്ടങ്ങൾക്ക് പകരം മുഖ്യധാരാ ചർച്ചകൾ അക്രമ രാഷ്ട്രീയത്തൊലേക്കും സി പി എം പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസുകളിലേക്കും സംഭവങ്ങളിലേക്കും നീങ്ങും. തിരഞ്ഞെടുപ്പുകാലത്ത് ഇത് ആളുകളിൽ സ്വാധീനം ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയംവേണ്ട. 
 
നിഷ്പക്ഷ വോട്ടർമാർ ‌നിരവധി ഉള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെയാണ് ഇടതു വലതു സർക്കാരുകൾ സംസ്ഥാനത്ത് മാറി മാറി അധികാരത്തിൽ വരുന്നത്. പാർട്ടികളുടെ സ്വാധീനം കുറവുള്ള വോട്ടർമാരെ സംസ്ഥാനത്തെ സംഭവ വികാസങ്ങളാണ് സ്വാധീനിക്കുക. 
 
പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്ത സമയങ്ങളിലെ സംഭവ വികാസങ്ങൾ. ആ പ്രത്യേക സമയത്തെ ജന വികാരം തിരഞ്ഞെടുപ്പിൽ മുൻ‌പുള്ള സമവാക്യങ്ങളെയെല്ലാം തിരുത്തിയെഴുതും. അത്തരം മാറ്റി മറിച്ചിലുകൾ മുൻ‌പും നാം കണ്ടിട്ടുള്ളതാണ്. ഗുരുതരമായ ഈ പ്രശ്നത്തെ സി പി എം എങ്ങനെ മറികടക്കും എന്നാണ് ഇനി കാണേണ്ടത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍