പ്രതിരോധ മന്ത്രാലത്തിൽനിന്നും രഹസ്യ രേഖകൾ മോഷ്ടിച്ചു എന്ന് പറയുന്നവരുടെ കൈകളിൽ നമ്മുടെ രാജ്യം സുരക്ഷിതമോ ?

വ്യാഴം, 7 മാര്‍ച്ച് 2019 (13:32 IST)
രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോവുകയാണ്. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്യാംപെയിനുകൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ഇന്ത്യാ പാക് ആക്രമണങ്ങൾ നടന്ന സാഹചര്യത്തിൽ രാജ്യ സുരക്ഷയും സൈനിക നിക്കവുമെല്ലാമാണ് ദേശീയ രാഷ്ട്രിയത്തിൽ വലിയ ചർച്ചാ വിഷയമാകുന്നത്. തിരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങൾ നിർണായകമായ ഘടകങ്ങളാകും എന്നതിൽ സംശയം വേണ്ടാ.
 
പുൽ‌വാമയിൽ സി ആർ പി എഫ് ജവാൻ‌മാരുടെ വാഹനങ്ങൾക്ക് നേരെയുണ്ടായ ജെയ് ഷെ ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് അതിർത്തി കടന്ന് ജെയ്ഷെ യുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രം തകർത്തിരുന്നു. രാജ്യം മുഴുവൻ ഇന്ത്യൻ വ്യോമ സേനയുടെ ധൈര്യത്തെ പ്രശംസിച്ചു. ഭാരതം സുരക്ഷിതമായ കൈകളിലാണ് എന്നായിരുന്നു ഈ ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാൽ അതേ കേന്ദ്ര സർക്കാർ ഇപ്പോൾ പറയുന്നു തന്ത്രപ്രധാനമായ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടു എന്ന്.
 
റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പരാതിക്കാർ കോടതിയിൽ ഹാജരാക്കിയ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷ്ടിച്ചതാണെന്നായിരുന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും തന്ത്രപ്രധാനമായ ഒരിടമാണ് പ്രതിരോധ മന്ത്രാലയം അവിടെ നിന്നും രഹസ്യ സ്വഭാവമുള്ള, രാജ്യ സുരക്ഷയെ ബാധിക്കുന്ന രേഖകൾ മോഷണം പോയി എന്ന് പറയുന്നതിനെ നിസാരമായി കാണാൻ സാ‍ധിക്കുമോ ? 
 
പ്രതിരോധ മന്ത്രായലത്തിലെ അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ പോലും സംരക്ഷിക്കാൻ കഴിയാത്തവർക്ക് എങ്ങനെ രാജ്യം തങ്ങളുടെ കയ്യിൽ സുരക്ഷിതമാണ് എന്ന് പറയാൻ കഴിയും. പ്രതിരോധ മന്ത്രാലയത്തിലെ മുൻ ജീവനക്കാരോ നിലവിലുള്ള ജീവനക്കാരോ ആവാം രേഖകൾ മോഷ്ടിച്ചിരിക്കുക എന്നാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രാലയം സുരക്ഷിതമല്ല എന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് അറ്റോർണീ ജനറലിന്റെ വാക്കുകൾ.
 
രേഖകൾ മോഷ്ടിക്കപ്പെടുക മാത്രമല്ല അതിൽ പലതും വാർത്താ മധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരിക്കുന്നു. രഹസ്യ രേഖകൾ പരസ്യമായി. ഇത് രാജ്യ  സുരക്ഷയെ ഇപ്പോൾ തന്നെ ബാധിച്ചിരിക്കുന്നു. രേഖകൾ മോഷ്ടിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാർ എന്ത് നിലപാട് സ്വീകരിച്ചു എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആരാഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ് എന്നാണ് അറ്റോർനി ജനറൽ ഉത്തരം നൽകിയത്. പ്രതിരോധ മന്ത്രാലയത്തിൽനിന്നും തന്ത്രപ്രധാനമായ രേഖകൾ മോഷ്ടിക്കപ്പെട്ടിട്ടും പ്രതികളെ കണ്ടെത്താൻ കേന്ദ്ര സർക്കാരിനായിട്ടില്ല എന്നതും പ്രധാനമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍