വിജി പെൺകൂട്ട് മുതൽ കനകദുർഗ്ഗ വരെ; സ്ത്രീമുന്നേറ്റം നടപ്പിലാക്കി വാർത്തകളിൽ നിറഞ്ഞവർ - ഇവരെ ഓർക്കാം ഈ വനിതാ ദിനത്തിൽ

Riya Roshan Abraham

വ്യാഴം, 7 മാര്‍ച്ച് 2019 (12:35 IST)
വീണ്ടുമൊരു വനിതാ ദിനം കൂടി, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ മാത്രമല്ല ക്യാമ്പെയിനുകളും ചൂടു പിടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം എത്തുന്നത്. മാർച്ച് 8 സ്ത്രീകൾക്കു വേണ്ടിയുളള പ്രത്യേക ദിനം എന്ന രീതിയിലാണ് പലരും വനിതാ ദിനത്തെ നോക്കി കാണുന്നത്. എന്നാൽ സ്ത്രീകൾക്കു വേണ്ടിയുളള അസാധാരണത്വങ്ങളുളള ഒരു പ്രത്യേക ദിനമെന്ന രീതിയിൽ നിന്നും ലിംഗസമത്വമെന്ന ആശയത്തിനു വേണ്ടി ശക്തമായി നിലകൊള്ളുന്ന ഒരു ദിനമായി ഇതു മാറണം.
 
ഈ വർഷത്തെ വനിതാ ദിനത്തിൽ വനിതകളുടെ യശസ് ഉയത്തിപ്പിടിച്ച സ്ത്രീകളെ ഓർക്കാതെ നിർവ്വാഹമില്ല. വാർത്തകളിൽ നിറഞ്ഞു നിന്ന ഇവരിൽ പലരും സ്ത്രീകൾക്കു നേരെ നടക്കുന്ന അസമത്വങ്ങൾക്കും, വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ പോരാടിയവരാണ്. ഏതൊരു മലയാളിക്കും അഭിമാനം കൊള്ളാം വിജി പെൺകൂട്ട് എന്ന വനിതാ രത്നത്തെക്കുറിച്ച്.  
 
ബിബിസി തയ്യാറാക്കിയ 2018ൽ ലോകത്തെ സ്വാധീനിച്ച നൂറു വനിതകളിൽ ഒരാളായിരുന്നു ഇരുപ്പ് സമര നായിക വിജി പെൺകൂട്ട്. ഇന്നു സ്ത്രീകൾക്കു തുണിക്കടകളിൽ ഇരുന്നു ജോലി ചെയ്യാം എന്ന നിയമം വരാൻ തന്നെ കാരണം വിജിയാണ്. സ്ത്രീ തൊഴിലാളികൾ മണിക്കൂറുകളോളം നിന്നു ജോലി ചെയ്യുന്നതിനെതിരെ സമരം ചെയ്തു വിജയിപ്പിച്ചതിനാണ് വിജി ബിബിസി പട്ടികയിൽ സ്ഥാനം പിടിച്ചത്. 
 
കേരള സമൂഹത്തിന് അഭിമാനിക്കാം ഈ വനിതാ രത്നത്തെക്കുറിച്ചോർത്ത്. നിസ്സാരമല്ല പെൺകരുത്ത് എന്നതിനു ഉത്തമ ഉദാഹരണമാണ് വിജി. കേരളത്തിലെ ആദ്യത്തെ വനിതാ ട്രേഡ് യൂണിയനായ അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ (എഎംടിയു) സെക്രട്ടറിയായ വിജി കോഴിക്കോട്ടെ ഇരുപ്പ് സമരമാണ് ഏറ്റെടുത്ത് വിജയിപ്പിച്ചത്. സഹപ്രവർത്തകരോടും സഹജീവികളോടും കാണിക്കേണ്ട കരുണാപൂർവ്വമായ പെരുമാറ്റമാണ് വിജിയിൽ നിന്നും നമുക്ക് പഠിക്കാനുള്ളത്. 
 
ആഴക്കടലിൽ മത്സ്യബന്ധനം നടത്താൻ ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരിയാണ് ചാവക്കാട് സ്വദേശിനി രേഖാ കാർത്തികേയൻ. ആണുങ്ങൾ മാത്രമുളള ഒരു തൊഴിൽ മേഖലയിൽ രേഖ ഈ നേട്ടം കൈവരിക്കുന്നത് ഒരുപാട് വിശ്വാസങ്ങളെയും, നാട്ടുനടപ്പുകളെയും വകഞ്ഞു മാറ്റിക്കൊണ്ടാണ്. കടലിനോടും ജീവിതത്തിനോടുമുളള ഒരു സ്ത്രീയുടെ അസാധാരണ പോരാട്ടമാണ് രേഖയുടെ ജീവിതം. ജീവിതത്തിൽ ഒരു ചെറിയ പരാജയം സംഭവിക്കുമ്പോൾ തകർന്നുപോകുന്നവർക്കു മുന്നിൽ ആത്മവിശ്വാസത്തിന്റെ പുതിയൊരു അധ്യായമാണ് രേഖയുടെ ജീവിതം. വേല ചെയ്തു ജീവിക്കാൻ കഴിവുളളവളാണ് സ്ത്രീ എന്നു രേഖയുടെ ജീവിതം മനസ്സിലാക്കി തരുന്നു. പുരുഷനോളം ശാരീരിക ബലം ഇല്ലെങ്കിൽ കൂടി അതൊരു കറവല്ലെന്നും എന്തിനെയും നിശ്ചയദാർഡ്യമുണ്ടെങ്കിൽ നേടാൻ സ്ത്രീക്കു സാധിക്കും എന്ന് രേഖയുടെ ജീവിതം നമ്മെ മനസ്സിലാക്കി തരുന്നു. 
 
തന്റെ ആലയം കച്ചവടശാലയാക്കിയവരെ ചാട്ടവാറ് കൊണ്ട് അടിച്ചാണ് യേശുക്രിസ്തു പുറത്താക്കിയത്. അതുപോലെ സഭയുടെ ചട്ടക്കൂട് പൊട്ടിച്ചിറങ്ങി പീഡന ആരോപണം നേരിടുന്ന ബിഷപ്പിനെ അഴിക്കുള്ളിലാക്കിയ സമരനായികയാണ് സിസ്റ്റർ അനുപമ. കേരളത്തിൽ പുതിയൊരു സമരചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകൾ. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരമെന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു 30 കാരിയായ സിസ്റ്റർ അനുപമയും സഹപ്രവർത്തകരും. ഇരയായ കന്യാസ്ത്രീയുടെ പ്രതിനിധിയെന്ന നിലയില്‍, മാധ്യമങ്ങളോട് സംസാരിച്ചത് സിസ്റ്റര്‍ അനുപമയാണ്. മുന്‍പരിചയമില്ലാതിരുന്നിട്ടു കൂടി വസ്തുനിഷ്ഠമായും ഭയപ്പാടില്ലാതെയും കാര്യങ്ങള്‍ തുറന്നുപറയാന്‍ അവര്‍ക്കായി. പല ഭാഗങ്ങളിൽ നിന്നുളള കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നപ്പോഴും പിന്നോട്ട് പോകാതെ  ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയ സിസ്റ്റർ അനുപമ ഒരു പുതുചരിത്രമാണ് രചിച്ചത്. 
 
അതുപോലെ തന്നെയാണ് ബിന്ദുവും, കനകദുർഗ്ഗയും. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള  സുപ്രീംവിധി വന്നതിനു ശേഷം മല ചവിട്ടിയ രണ്ടു യുവതികള്‍. അഗസ്ത്യാർകൂടം ട്രെക്കിങ്ങിൽ വനിതകൾക്ക് പ്രവേശനം അനുവദിച്ചതിനു ശേഷം ആദ്യമായി ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയ വനിതയാണ് ദിവ്യാ സനൽ. ഇങ്ങനെ നിരവധി സ്ത്രീളെയാണ് ഈ വനിതാ ദിനത്തിൽ നമുക്ക് ഓർക്കാനുള്ളത്. 
 
സമൂഹം കൽപ്പിച്ചുവച്ച ചട്ടക്കൂട്ടില്‍ നിന്നും പുറത്തിറങ്ങന്ന ഇവരെയെല്ലാം അഹങ്കാരികളെന്ന് മുദ്രകുത്താനാണ് ഒരു വിഭാഗം എന്നും ആഗ്രഹിക്കുന്നത്. എന്നാൽ നല്ലൊരു നാളെയ്ക്കുവേണ്ടി പോരാടുന്ന ഇവരെ ഓർക്കാതെ ഈ വനിതാ ദിനത്തിൽ നമുക്ക് മുന്നോട്ടു പോകാനാവില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍