ശിവസേനക്കാരേ.... ഇനിയുമുണ്ടോ മനോഹരമായ ഇത്തരം ‘സദാ’ചാരങ്ങള്‍ ?!

പ്രദീപ് ആനന്ദ്

വ്യാഴം, 9 മാര്‍ച്ച് 2017 (17:12 IST)
‘ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ നിങ്ങള്‍ക്കെന്താ ശിവസേനേ’ എന്നൊരു മുദ്രാവാക്യം ഇന്ന് മറൈന്‍ ഡ്രൈവില്‍ ഉയര്‍ന്നുകേട്ടതാണ് . അങ്ങനെയൊരു മുദ്രാവാക്യം തന്നെ അപ്രസക്തമാണ്. കാരണം, ശിവസേന എന്നും ആണും പെണ്ണും ഒരുമിച്ചിരിക്കുമ്പോള്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. അത്തരം ആക്രമണങ്ങള്‍ക്ക് ടെന്നിസ് താരം സാനിയ മിര്‍സ മുതല്‍ സാധാരണക്കാര്‍ വരെ ഇരകളായിട്ടുമുണ്ട്. മറൈന്‍ ഡ്രൈവില്‍ കണ്ട കാടത്തം അതില്‍ ഒടുവിലത്തേതാണ്.

ഒരു സംസ്കാര സമ്പന്നമായ സമൂഹത്തില്‍ കാണാന്‍ പാടില്ലാത്ത കാഴ്ചകള്‍ ഉണ്ടാകുമ്പോഴാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നാണ് ശിവസേന പ്രവര്‍ത്തകരുടെ വാദം. അതിലും രസകരമായ മറ്റൊരു വാദം ബുധനാഴ്ച ഒരു ചാനലില്‍ കേട്ടതാണ്. അതായത്, മറൈന്‍ ഡ്രൈവില്‍ ഇരിക്കുന്ന ചില പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ശിവസേനയുടെ ഓഫീസിലെത്തി അവരോട് സങ്കടം ബോധിപ്പിച്ചത്രേ. അതുകൊണ്ടാണ് ശിവസേനക്കാര്‍ ചൂരല്‍ക്കഷായം നല്‍കാന്‍ തുനിഞ്ഞിറങ്ങിത്! എന്താല്ലേ...!

ശിവസേനക്കാര്‍ മറന്നുപോയ ഒരു കാര്യമുണ്ട്, ‘ഇത് മറാത്താഭൂമിയല്ല’ എന്നതാണ് അത്. അവിടെ ചെലവായ പരിപാടികള്‍ കേരളത്തിന്‍റെ മണ്ണിലും ചെലവാക്കാമെന്ന ബുദ്ധികെട്ട തീരുമാനത്തിന്‍റെ പ്രൊഡക്ടാണ് മറൈന്‍ ഡ്രൈവില്‍ അരങ്ങേറിയത്. അത്തരം വിവരക്കേടിന് മുതിര്‍ന്ന പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്താന്‍ ശിവസേന നേതൃത്വം തയ്യാറാവുകയെങ്കിലും ചെയ്തില്ലെങ്കില്‍ ഇത്തരം അപഹാസ്യനാടകത്തിന്‍റെ ഉത്തരവാദിത്തം ശിവസേനയ്ക്ക് ഇനിയും പേറേണ്ടിവരും.

എണ്‍പത് ശതമാനം സാമൂഹ്യസേവനവും ഇരുപത് ശതമാനം രാഷ്ട്രീയവുമെന്നാണ് ശിവസേനയുടെ ജനനസമയത്ത് തീരുമാനിച്ചിരുന്ന ഒരു കാര്യം. അവര്‍ ചില നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നത് മറക്കുന്നില്ല. മികച്ച രക്തദാന പദ്ധതിയും സൌജന്യ ആംബുലന്‍സ് സര്‍വീസുമൊക്കെ അഭിനന്ദിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ അത്തരം സേവനങ്ങള്‍ അഞ്ചുശതമാനം മാത്രമാക്കിയിട്ട് ഇത്തരം സദാചാര ഇടപെടലുകള്‍ക്കാണ് ഇപ്പോള്‍ അവര്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് എന്നത് ദുഃഖകരമാണ്.

മറൈന്‍ ഡ്രൈവില്‍ സദാചാരലംഘനം നടക്കുന്നുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യാന്‍ ഇവിടെ നിയമസംവിധാനങ്ങളുള്ള നാടാണ്. അവിടെ ചൂരലുമായി കാവല്‍നില്‍ക്കാന്‍ ശിവസൈനികരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. എവിടെ ഇരിക്കണമെന്നും എവിടെയൊക്കെ സഞ്ചരിക്കണമെന്നും ആരെയൊക്കെ കാണണമെന്നും ആരുടെകൂടെ ഉറങ്ങണമെന്നുമൊക്കെ ശിവസൈനികരെ ബോധ്യപ്പെടുത്തി ജീവിക്കേണ്ട അവസ്ഥ ആര്‍ക്കെങ്കിലുമുണ്ടെന്നും തോന്നുന്നില്ല.

അതുകൊണ്ട് ഇത്തരം സദാചാരനാടകങ്ങള്‍ക്ക് സമയം കളയാതെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലുമൊക്കെ ചെയ്ത് ജനസമ്മതി പിടിച്ചുപറ്റാനാണ് ശിവസേന ശ്രമിക്കേണ്ടത്. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നിടത്തൊക്കെ സൂം‌ലെന്‍സ് ക്യാമറ ഘടിപ്പിച്ച കണ്ണുകളുമായി വീണ്ടും കാടത്തം കാട്ടാതിരിക്കാനുള്ള ബോധം ഈ സംഭവത്തില്‍ നിന്നെങ്കിലും ഉണ്ടായിക്കാണുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക