സണ്ണിയെ വണങ്ങിയവര്‍ക്ക് ഷക്കീലയോട് എന്തിനിത്ര അയിത്തം ?

Webdunia
വെള്ളി, 26 ഫെബ്രുവരി 2016 (15:08 IST)
കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് സണ്ണി ലിയോണ്‍‍. വനിത ഫിലിം അവാര്‍ഡ് നിശയില്‍ നൃത്തം ചെയ്യാനായിരുന്നു സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. സണ്ണി ലിയോണിനൊപ്പമുള്ള സെല്‍ഫി നടന്‍ ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് അതേകുറിച്ചുള്ള ചര്‍ച്ച കൊഴുത്തത്. ആ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നു കേട്ട ചോദ്യം ഇതായിരുന്നു - ഷക്കീലയെ മൂലക്കിരുത്തിയ നിങ്ങള്‍ എന്തുകൊണ്ട് സണ്ണി ലിയോണിനെ സ്വീകരിക്കുന്നു? മലയാളത്തില്‍ ഒരുകാലത്ത് ഇക്കിളി സിനിമകളുടെ വിപ്ലവം കൊണ്ടുവന്ന ഷക്കീലയോട് എല്ലാവര്‍ക്കും പരസ്യമായ പുച്ഛവും അവഹേളനവുമാണ്‍. എന്നാല്‍ തീര്‍ത്തും ഒരു പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ സിനിമയിലെത്തിയപ്പോള്‍ അവര്‍ വലിയ താരമായി കൂടാതെ അവരോട് എല്ലാവര്‍ക്കും വലിയ ബഹുമാനവും.

സണ്ണി ലിയോണ്‍ ഒരു അശ്ലീല താരമെന്ന രീതിയില്‍ പേരെടുക്കുന്നതിനും എത്രയോ മുമ്പ് തന്നെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ഷക്കീല. ഷക്കീല മലയാളത്തിൽ അഭിനയിച്ച കിന്നാരത്തുമ്പികൾ എന്ന ചലച്ചിത്രം വൻ വിജയമായിരുന്നു. ഒട്ടേറെ മലയാളം സിനിമകളിൽ അവര്‍ വേഷമിട്ടിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ച ഡ്രൈവിംഗ് സ്കൂൾ, സിസ്റ്റർ മരിയ തുടങ്ങിയ ചിത്രങ്ങള്‍ സാമ്പത്തികവിജയം നേടിയതിനൊപ്പം ശ്രദ്ധിക്കപ്പെടുകയും ചെയ്തതാണ്.

മോഹൻലാലിന്റെ ‘ഛോട്ടാ മുംബൈ’ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ‘തേജാഭായി ആൻഡ് ഫാമിലി’ എന്ന ചിത്രത്തിലും അഭിനയിച്ചു. സൂപ്പര്‍ താരങ്ങളുടെ പല സിനിമകളും തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പല ഷക്കീലപ്പടങ്ങളും വിജയം കണ്ടു. 'എ' പടങ്ങള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന സിനിമകള്‍ ഷക്കീലയുടെ വരവിന് ശേഷം 'ഷക്കീലപ്പടങ്ങള്‍' എന്നായിരുന്നു അറിയപ്പെട്ടത്.

ഒരു കാലത്ത് ഷക്കീല, മറിയ, രേഷ്മ, സിന്ധു, ദേവിക, രോഷ്നി, ശര്‍മിളി, അഞ്ജു എന്നതായിരുന്നു മലയാളത്തിലെ വിജയ ചിത്രങ്ങളുടെ ഫോര്‍മുല. ഇവരുടേതായി ലഭ്യമായ എല്ലാ സിനിമകളും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തതായിരുന്നു. അതെല്ലാം തീയേറ്ററുകളില്‍ ആയിരുന്നു റിലീസ് ചെയ്തത്. സണ്ണി ലിയോണ്‍ കാണിച്ചതുപോലെയുള്ള മേനിപ്രദര്‍ശനങ്ങള്‍ ഒന്നും തന്നെ ഷക്കീല കാണിച്ചിട്ടില്ല എന്നതും വ്യത്യസ്തമായ കാര്യമാണ്. എന്നാല്‍ വിദേശത്തുനിന്നുവന്ന ഒരു നടിയെ ആദരിക്കുമ്പോള്‍, ഷക്കീലയെ പോലെയുള്ളവര്‍ ഇപ്പോഴും അവഗണിക്കപ്പെടുന്നു. ഷക്കീലയ്ക്കൊപ്പം വേദി പങ്കിടാന്‍ ഇവിടെയുള്ള പ്രമുഖര്‍ ആരും തയ്യറാകുന്നില്ലയെന്നതും ശ്രദ്ദേയമായ കാര്യമാണ്. ഷക്കീല സിനിമകള്‍ തീയേറ്ററില്‍ പോയി കണ്ടിരുന്ന പലരും തലയില്‍ മുണ്ടിട്ടായിരുന്നു ഇറങ്ങി ഓടിയിരുന്നത്. അതെന്തോ വലിയ മോശമായിട്ടായിരുന്നു മലയാളികള്‍ കണ്ടിരുന്നത്.

ഇൻഡോ-കനേഡിയൻ അശ്ലീലചിത്രങ്ങളിലെ നായികയും ബോളിവുഡിലെ നായികയും, ബിസിനസ്സുകാരിയും ഇന്ത്യ, കാനഡ, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലെ മോഡലുമാണ് സണ്ണി ലിയോൺ. പൂജാ ഭട്ട് സംവിധാനം ചെയ്ത ലൈംഗിക ത്രില്ലർ ചിത്രമായ ‘ജിസം 2’ വിലൂടെയാണ് ബോളിവുഡ് സിനിമയിൽ അവര്‍ രംഗപ്രവേശം ചെയ്തത്.

എന്നാല്‍, സണ്ണി ലിയോണ്‍ ഇപ്പോള്‍ നേടിയ പ്രശസ്തി അവരുടെ അഭിനയശേഷി കൊണ്ടല്ലായെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ് ‍. കൂടാതെ തന്റെ പൂര്‍വ്വകാലത്തെ അവര്‍ മറച്ചുവച്ചതും അഭിനയശേഷി കൊണ്ടായിരുന്നില്ല. ഇവിടെയെല്ലാം അവരുടെ പബ്ലിക് റിലേഷന്‍സ് തന്ത്രങ്ങള്‍ തന്നെയായിരുന്നു ഫലം കണ്ടത്. ആശ്യത്തിലേറെ പണവും അതിലേറെ പ്രശസ്തിയും(?) ആയിട്ടാണ് സണ്ണി ലിയോണ്‍ ബോളിവുഡിലേയ്ക്ക് സ്വയം ഇറക്കുമതി ചെയ്യപ്പെട്ടത്. അത് തന്നെയാണ് അവരുടെ ഈ സ്വീകാര്യതയുടെ രഹസ്യവും.

മുഖ്യധാരാ സിനിമാക്കാരെല്ലാം ഒരുകാലത്ത് ഷക്കീലയെ അവഗണിച്ചിരുന്നു. കൂടാതെ തങ്ങളുടെ സിനിമയുടെ റിലീസ് സമയത്ത് ഷക്കീല ചിത്രങ്ങളുടെ റിലീസ് ഉണ്ടാകാതിരിക്കാന്‍ പോലും പലരും ശ്രമിച്ചിട്ടുണ്ട്.
ഇക്കിളിപ്പടങ്ങളുടെ കാലം കഴിഞ്ഞതിന് ശേഷം ഷക്കീലയ്ക്ക് കിട്ടിയ ഒരു അവസരം ആയിരുന്നു ‘ഛോട്ടാ മുംബൈ’യിലേത്. അതില്‍ പോലും 'ഷക്കീല' ആയി തന്നെയായിരുന്നു അവര്‍ എത്തിയത്. ഷക്കീല സിനിമകള്‍ കണ്ടുവെന്ന കാര്യം പുറത്തു പറയാന്‍ തന്നെ പലര്‍ക്കും മടിയാണ്, എന്നാല്‍ സണ്ണി ലിയോണിനെ അറിയാമെന്നും അവരോട് ആരാധനയാണെന്നും പറയാന്‍ ഒരാള്‍ക്കും ഒരു മടിയും ഇല്ലെന്നതാണ് പരമമായ സത്യം.

ഷക്കീലയും സണ്ണി ലിയോണും മുമ്പ് ചെയ്തിരുന്ന ജോലികള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. രണ്ടും സമാന സ്വഭാവമുള്ളവര്‍ തന്നെ ആയിരുന്നു. എന്നാല്‍ നീതിയുടെ കാര്യത്തില്‍ മാത്രം എല്ലായ്പ്പോഴും നാം രണ്ട് തട്ടിലാണെന്നതാണ് വാസ്തവം. സണ്ണി ലിയോണ്‍ തന്റെ ഇമേജ് മെച്ചപ്പെടുത്താന്‍ വേണ്ടി സിനിമയിലേക്ക് വന്നു. എന്നാല്‍ ഷക്കീല ജീവിക്കാന്‍ വേണ്ടി ഇക്കിളിപ്പടങ്ങളില്‍ അഭിനയിച്ചു. ഇതായിരുന്നു അവര്‍ രണ്ടുപേരും തമ്മിലുണ്ടായ വ്യത്യാസം. മലയാളത്തിന്റെ ഒരു അവാര്‍ഡ് ദാന ചടങ്ങിനോ സ്റ്റാര്‍ ഷോയ്‌ക്കോ ഇതുവരെ ആരും ഷക്കീലയെ വിളിച്ചിട്ടില്ല. എന്നാല്‍ ബോളിവുഡില്‍ നിന്നും സണ്ണി ലിയോണിനെ ക്ഷണിക്കാന്‍ നമ്മള്‍ തയ്യറാകുന്നു. അതാണ് മലയാളികളുടെ പ്രത്യേകത.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ ചര്‍ച്ചകളില്‍ പ്രതികരണവുമായി ഷക്കീല തന്നെ രംഗത്തെത്തി. സണ്ണി ലിയോണിന് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കുന്ന സ്വീകരണം തനിക്ക് ശുഭപ്രതീക്ഷകളാണ് നല്‍കുന്നതെന്ന് ഷക്കീല പറഞ്ഞു. നല്ല വേഷങ്ങള്‍ തന്നെയും തേടിയെത്തുമെന്നും സണ്ണിയെ പോലെ നാളെ താനും അംഗീകരിക്കപ്പെടുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമെല്ലാം പ്രേക്ഷകരുടെ താത്പര്യമാണെങ്കിലും സിനിമാരംഗത്തു നിന്ന് പിന്തുണ ലഭിക്കാത്തതില്‍ തനിക്ക് വളരെ വിഷമമുണ്ടെന്നും ഷക്കീല വ്യക്തമാക്കി. 15 വര്‍ഷത്തോളം താന്‍ ദക്ഷിണേന്ത്യന്‍ സിനിമാരംഗത്ത് സജീവമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ആരെയും കുറ്റംപറയാനാകില്ലയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പരിചയവുമില്ലാത്ത പല പല പുരുഷന്മാരോടൊപ്പം, ധാരാളം വൈകാരികരംഗങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതുമാത്രമല്ല, തനിക്ക് പ്രേക്ഷകരെ ചിരിപ്പിക്കാനും കരയാനുമറിയാം. പ്രേക്ഷകര്‍ എന്നും എന്നെ സ്നേഹിച്ചിട്ടുണ്ട്, ചിലര്‍ നല്ലരീതിയിലും ചിലര്‍ മോശമായ രീതിയിലും. എന്നിട്ടും എന്നില്‍ വിശ്വാസം അര്‍പ്പിക്കാന്‍ പല സംവിധായകരും തയ്യാറാകുന്നില്ല. അഭിനയപ്രാധാന്യമുള്ള വേഷം ലഭിച്ചാല്‍, നന്നായി അഭിനയിക്കാമെന്ന ആത്മവിശ്വാസം തനിക്കുണ്ട്. അത് തെളിയിച്ചുകാണിക്കാന്‍ ഒരവസരം ലഭിക്കണമെന്നുമാത്രമാണ് ഇപ്പോള്‍ തന്റെ ഏക പ്രാര്‍ത്ഥന. ദൈവാനുഗ്രഹം കൊണ്ട് സണ്ണി ലിയോണിന് പല അവസരങ്ങളും ലഭിച്ചു. എന്നാല്‍ തനിക്ക് അങ്ങനെയൊരു അവസരം ലഭിച്ചില്ല - ഷക്കീല പറയുന്നു.