മുന്നണി വിപുലീകരണവും, ഇടത് ലക്ഷ്യവും; ഒരു മുഴം മുമ്പേ എറിഞ്ഞ് എല്‍ഡിഎഫ്
ബുധന്‍, 26 ഡിസംബര്‍ 2018 (17:58 IST)
നാല് കക്ഷികളെക്കൂടി ഉൾപ്പെടുത്തി ഇടത് മുന്നണി വിപുലീകരിക്കനുള്ള എല്‍ഡിഎഫിന്റെ തീരുമാനത്തിനു പിന്നില്‍ പല ലക്ഷ്യങ്ങള്‍. ലോക്‍സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ശബരിമല വിഷയത്തില്‍ നഷ്‌ടമായ സ്വാധീനം വര്‍ദ്ധിപ്പിക്കുകയുമാണ് പ്രധാന ഉദ്ദേശങ്ങള്‍.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന്റെ ആത്മ വിശ്വാസത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിനെ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ നേരിടണമെങ്കില്‍ അടിത്തറ ശക്തമാക്കണം. ഈ സാഹചര്യത്തില്‍ കേരളാ കോൺഗ്രസ് (ബി), എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക്താന്ത്രിക് ദൾ, ഐഎൻഎൽ, ജനാധിപത്യ കേരളാ കോൺഗ്രസ് എന്നിവരുടെ സഹായം അത്യാവാശ്യമാണ്.
ജനാധിപത്യ രാഷ്‌ട്രീയ സഭാ നേതാവ് സികെ ജാനുവുമായി സഹകരിക്കാനുള്ള തീരുമാനം ബിജെപിക്കുള്ള അടിയാണ്. എന്‍ഡിഎയില്‍ നിന്ന് ചുവടുമാറ്റാന്‍ ജനാധിപത്യ രാഷ്‌ട്രീയ സഭയെ പ്രേരിപ്പിച്ച പ്രധാന കാരണം അവഗണനയായിരുന്നു.
അതേസമയം, ഇടത് പിന്തുണയില്‍ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന വാഗ്ദാനം ജാനുവിന് ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമര്‍ശനം നടത്തിയ എന്‍ എസ് എസിനെ ഭാവിയില്‍ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ കേരളാ കോൺഗ്രസിന് (ബി) സാധിക്കുമെന്ന നിഗമനവും എല്‍ ഡി എഫിനുണ്ട്.
ശബരിമല വിഷയത്തിൽ എൽഡിഎഫിന്‍റെ നിലപാട് തന്നെയാണ് പാർട്ടിയുടെ നിലപാടെന്ന് ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു. അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് ഗണേഷ് കുമാര്‍ എം എല്‍ എയും പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന് ഈ പിന്തുണ വിലപ്പെട്ടതാണ്.
മുന്നണി ശക്തപ്പെടുത്തുന്നതിലൂടെ കോണ്‍ഗ്രസിനെയും ബിജെപിയേയും പ്രതിരോധിക്കാനുള്ള കരുത്ത് പാര്‍ട്ടിക്ക് ലഭ്യമാകുമെന്ന് സി പി എം വിശ്വസിക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങളെയും ഒപ്പം നിര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് മുന്നണി വിപുലീകരണം സഹായിക്കുമെന്ന നിഗമനവുമുണ്ട്.