ഇന്ത്യയ്ക്കും ചൈനയ്ക്കും സാംസ്ക്കാരികമായി ആയിരത്തോളം വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. മറ്റ് രാജ്യങ്ങള്‍ക്കില്ലാത്തവിധം ഒരുകാലത്ത് വ്യാപാരവും സൌഹൃദവും ഇന്ത്യയുമായി ചൈനയ്ക്കുണ്ടായിരുന്നു. ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു. ഇന്ത്യാ-ചൈന ബന്ധംപ്രാചീനകാലത്തു നിന്നേ നിലനിൽക്കുന്നുണ്ടായിരുന്നെങ്കിലും ആധുനിക കാലഗണനയിൽ 1950-ഇൽ തായ്‌വാനിലെ റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടത്തെ പിന്തള്ളി ലോകരാജ്യങ്ങൾ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ അംഗീകരിക്കുന്നതു മുതൽ ആരംഭിക്കുന്നു. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം.
എന്നാല്‍ ഇന്ന് ഇന്ത്യയും ചൈനയും പരസ്പരം ശത്രുതയോടെ നോക്കിക്കാണുന്നു. അതിനു കാരണം അതിര്‍ത്തി വിഷയങ്ങള്‍ മാത്രമല്ല സാമ്പത്തികത്തിന്റെയും ലോക നേതൃത്വം നേടാനുള്ള ഇരു രാജ്യങ്ങളുടെയും ത്വരയുടെ പ്രതിഫലനം കൂടിയാണ് ഈ ശത്രുതയുടെ കാതലായി വര്‍ത്തിക്കുന്നത്. ഇന്ത്യാ ചൈന ബന്ധത്തിന്റെ ഊഷ്മളത പൊടുന്നനെ ഇല്ലാതായത് 1962ലെ യുദ്ധത്തിനു ശേഷമാണെന്ന് എല്ലാവര്‍ക്കും അറിയാം. 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെയാണ്.
അതേവരെ വച്ചു നീട്ടപ്പെട്ട യുഎന്‍ സ്ഥിരാംഗത്വം ചൈനയ്ക്ക് നല്‍കി പൊതുവായിത്തന്നെ ഇടതുപക്ഷ ചേരിയോടൊപ്പം നില്‍ക്കുകയുംചെയ്ത രാജ്യമാണ് ഇന്ത്യ. ഈ ഒരൊറ്റയുദ്ധത്തൊടെ ഇന്ത്യ അതിന്റെ സോഷ്യലിസ്റ്റ് മുഖം മറക്കാനും തീവ്ര വലതുഭാഗങ്ങളിലേക്ക് മാറാനും തുടങ്ങി. കാരണം ശത്രുവിനെ എതിര്‍ക്കാന്‍ അന്ന് ഇന്ത്യയ്ക്കത് ആവശ്യമായിരുന്നു. സ്വതന്ത്ര ഇന്ത്യ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ചൈനീസ് റിപ്പബ്ളിക്കുമായി തികഞ്ഞ സൗഹൃദബന്ധം പുലര്‍ത്തുകയും പഞ്ചശീല തത്ത്വങ്ങളുടെ ഭൂമികയില്‍ ഹിന്ദി-ചീനി ഭായീ ഭായീ മുദ്രാവാക്യങ്ങളാല്‍ ഇരുരാജ്യങ്ങളും തികഞ്ഞ അച്ചടക്കം പുലര്‍ത്തിയതും 62ലെ യുദ്ധത്തോടെ ഇല്ലാതായി.
യുദ്ധത്തില്‍ ഇന്ത്യയുടെ ഭാഗത്ത് 1383 ജവാന്മാരുടെ ആള്‍നാശവും 1996 ഭടന്മാരുടെ തിരോധാനവും ഉണ്ടായതിനു പുറമെ 1047 പേര്‍ക്ക് പരിക്കേല്‍ക്കുകയും 3968 ഭടന്മാരെ ചൈന പിടികൂടുകയുമുണ്ടായി. ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ചൈനയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും 1959ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുകയും പരമ്പരാഗത ബന്ധങ്ങളുടെ പേരില്‍ ഇന്ത്യ അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തതാണ് ചൈനയെ പ്രകോപിപ്പിച്ചതും 1954 ലെ സൗഹൃദ കരാര്‍ കാറ്റില്‍ പറത്തി ഇന്ത്യയെ കടന്നാക്രമിക്കാന്‍ പ്രേരണയായതും. ഇന്നും ഇന്ത്യ ചൈനാ ബന്ധങ്ങളില്‍ അവിശ്വാസം നിഴലിക്കുന്നതും ഇന്ത്യ ദലൈലാമയെ പിന്തുണയ്ക്കുന്നതുകൊണ്ടുതന്നെയാണ്.
യുദ്ധത്തിനു പിന്നാലെ ചൈന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദവും ഉന്നയിച്ചു. ഇതോടെ ഇന്ത്യാ ചൈന ബന്ധം എന്നെന്നേന്നുക്കുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത തരത്തില്‍ നഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് ഇന്ത്യയുടെ ഭാഗത്തു നിന്നും ചൈനയുടെ ഭാഗത്തുനിന്നും ഭരണത്തലവന്മാര്‍ പരസ്പരം വാണിജ്യ സാമ്പത്തിക സഹകരണം പുനരാരംഭിച്ചു എങ്കിലും അവിശ്വാസത്തിന്റെ നിഴല്‍ വീശി അത് പലപ്പോഴും ലക്ഷ്യപ്രാപ്തി കൈവരിച്ചിട്ടില്ല. ഇന്ത്യാ ചൈന ബന്ധം പൂര്‍ണമായി സൌഹാര്‍ദ്ദപരമാകണമെന്നുണ്ടെങ്കില്‍ ഇന്ത്യ അതിന്റെ അതിര്‍ത്തിയില്‍ ഏറെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരും. അത് ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിപരീതമായതിനാല്‍ ഒരിക്കലും അത് നടക്കാനും പോകുന്നില്ല.
എന്നാല്‍ ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് പരസ്പര സഹകരണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇന്ത്യയെ ശത്രുവായി കാണുന്ന പാകിസ്ഥാനുമായി ചൈന നടത്തുന്ന പ്രതിരോധ, സാമ്പത്തിക ഇടപാടുകള്‍ ഇന്ത്യയെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. നമ്മുടെ അയല്‍രാജ്യങ്ങളില്‍ ചൈനയുടെ സജീവ താല്‍പര്യവും സ്വാധീനവും ചെലുത്തിവരുന്നത് അത്രയൊന്നും ആശ്വാസത്തോടെയല്ല ഇന്ത്യ നോക്കിക്കാണുന്നത്. അതിനു പിന്നാലെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കടന്നുകയറാനുള്ള ചൈനയുടെ നീക്കത്തില്‍ നിന്നും അതിന്റെ താല്‍പ്പര്യം അമേരിക്കയേപ്പോലെ അടുത്ത ലോക പോലീസ് ആകാനാണെന്ന് വ്യക്തമാണ്.
ജനസംഖ്യാപരമായും ചരിത്രപരമായും ലോകത്തിലേറ്റവും പ്രാധാന്യമുള്ള ഈ രണ്ടുരാജ്യങ്ങള്‍ ഇന്ന് സ്വീകരിക്കുന്ന ഈ നിലപാടുകള്‍ ഏഷ്യയുടെ തന്നെ ഭാവിയെ പ്രതിസന്ധിയിലാക്കുന്നതാണ്. കരുതലോടും എന്നാല്‍ മാറിയ സാഹചര്യങ്ങളുടെ താല്‍പര്യം കണക്കിലെടുത്തും അതീവസൂക്ഷ്മവും ഫലപ്രദവുമായ ഒരു ചൈനാ നയം രൂപപ്പെടുത്തി മുമ്പോട്ടുനീങ്ങേണ്ട ഘട്ടത്തിലാണ് ഇന്ത്യ ഇന്ന് എത്തിനില്‍ക്കുന്നത്. ഒരുവശത്ത് ഇന്ത്യയും ചൈനയും തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് പരസ്പരം സഹകരിച്ചാല്‍ ജനസംഖ്യാപരമായി ലോകത്തിലെ ഏറ്റവും വലിയ ഈ രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ കേന്ദ്രീകൃത ലോക ക്രമം മാറ്റിമറിക്കാനും ലോകത്തിന്റെ ശാക്തിക സമതുലനം കൈവരുത്താനും സാധിക്കും. മറുവശത്ത് പരസ്പരം സംശയിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ട സ്ഥിതി മാറ്റിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭിന്നിപ്പിച്ച് കാര്യം നേടാനുള്ള സാമ്രാജ്യത്വതന്ത്രം ലക്ഷ്യം നേടുകയും ചെയ്യും.
എന്നാല്‍ ഈ ഘട്ടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എടുക്കുന്ന നയതന്ത്ര നീക്കങ്ങള്‍ ചൈനയെ സമ്മര്‍ദ്ദത്തിലും അതിശയത്തിലുമാണ് എത്തിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയില്‍ ഇന്ത്യ ആഴത്തിലും കരുതലോടെയും സൌഹൃദത്തോടെയും ഇടപഴകുന്നു. ഒരുവശത്ത് ചൈന ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ടുകൂടുമ്പോള്‍ ഇന്ത്യ, ചൈനയുടെ അതൃപ്തികള്‍ക്ക് പാത്രമായ ജപ്പാന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി കകോര്‍ക്കുന്നു. ഇന്ത്യന്‍ സമുദ്രമേഖലകളിലേക് ചൈന കടന്നുകയറാന്‍ നീക്കം നടത്തുമ്പോള്‍ ചൈനീസ് നിയന്ത്രണത്തിലുള്ള ദക്ഷിണ ചൈനാക്കടലലിലേക്ക് ഇന്ത്യയും കടന്നുകയറുന്നു. സമുദ്രത്തിലെ ദ്വീപരാജ്യങ്ങളുടെ കാര്യത്തില്‍ പോലും, സാമ്പത്തികമായി ചൈനയെ കവച്ചുവയ്ക്കാന്‍ സാധിക്കില്ലെങ്കിലും ഇന്ത്യ ഫലപ്രദമായി ഇടപെടുന്നു. ഈ ശീതയുദ്ധം പരസ്പരം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളും സാമ്പത്തികമായി പരാജയപ്പെടുന്നതായിരിക്കും സംഭവിക്കാന്‍ പോകുന്നത്.