തെരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തെ എൻ എസ് എസ് രാഷ്ട്രീയമായി ഉപയോഗിച്ചാൽ ബി ജെ പിക്ക് ഗുണം ?

തിങ്കള്‍, 4 ഫെബ്രുവരി 2019 (15:43 IST)
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും സമരങ്ങളും ഇടതുപക്ഷ മുന്നണിക്കും മുന്നണിയിലെ പ്രധാന പാർട്ടിയായ സി പി എമ്മിനും പ്രതികൂലമായി തന്നെ ബാധിക്കും എന്ന കണക്കുകൂട്ടലിലാണ് ബി ജെ പി വരുന്ന തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്നത്. 
 
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അധികം വൈകാതെ തന്നെ എത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സാഹചര്യത്തെ പ്രയോചനപ്പെടുത്താനാകും എന്നാണ് സംസ്ഥാന ബി ജെ പി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ബി ജെ പിയുടെ ഈ ആത്മവിശ്വാസത്തിന് പിന്നിൽ പ്രധാനമായും സാമുദായിക സംഘടനയായ എൻ എസ് എസ് സ്വീകരിക്കുന്ന നിലപാടാണ്.
 
ശബരിമല വിഷയത്തിൽ തുടക്കം മുതൽ തന്നെ സംസ്ഥാന സർക്കാരും എൻ എസ് എസും എതിർ ചേരികളിലാണ് എന്ന് മാത്രമല്ല. സർക്കാരിതെരെ ശബരിമല സമരങ്ങളിൽ ബി ജെ പിക്കൊപ്പം ചേർന്ന് സമരം ചെയ്യാനും പരസ്യമായി തന്നെ എൻ എസ് എസ് തയ്യാറായി എന്നത് എൻ എസ് എസ്സിന്റെ രാഷ്ട്രീയ നിലപാട്കൂടി വ്യക്തമാക്കുന്നതാണ്.
 
നിലവിലെ സാഹചര്യത്തെ എൻ എസ് എസ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയാൽ സ്വാഭാവികമായും ബി ജെ പിക്ക് അപ്രഖ്യാപിത പിന്തുണ നൽകാനാകും എൻ എസ് എസ് തീരുമാനിക്കുക. അങ്ങനെയെങ്കിൽ അത് സി പി എമ്മിന് വലിയ നഷ്ടമായിരിക്കും എന്ന് കണക്കാക്കപ്പെടുന്നുണ്ട്.
 
എൻ എസ് എസ് പറഞ്ഞാൽ ആരൊക്കെ കേൾക്കും എന്ന ഉടനെ തന്നെ കേൾക്കാം എന്ന് എൻ എൻ എസ് പ്രസിഡന്റ് സുകുമാരൻ നായരുടെ പ്രതികരണം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതുതന്നെയാണ്. എന്നാൽ എൻ എൻ എസ്സിന്റെ വിരട്ട് ഇങ്ങോട്ട് വേണ്ട എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതിനോട് പ്രതികരിച്ചത്.
 
തിരഞ്ഞെടുപ്പിൽ എൻ എസ് എസ് നേതൃഘടകം സി പി എമ്മിന് എതിരായ നിലപട് സ്വീകരിക്കും എന്നത് വ്യക്തമാണ്. എന്നാൽ എൻ എസ് എസിന്റെ തീരുമാനം താഴെ കിടയിലുള്ള അംഗങ്ങൾ ശിരസാവഹിക്കുമോ എന്നതാണ് പ്രധാനം. പ്രത്യേകിച്ച് എല്ലാ രാഷ്ട്രീയ ധാരകളിൽ പ്രവർത്തിക്കുന്നവരും എൻ എസ് എസിന്റെ ഭാഗമാണ്.
 
ശബരിമല വിഷയം സംസ്ഥാനത്തുണ്ടാക്കിയ പ്രത്യേക സഹചര്യം കൂട്ടി വായിക്കുമ്പോൾ സി പി എമ്മിന് നഷ്ടങ്ങൾ ഉണ്ടാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ബി ജെ പിക്ക് രാഷ്ട്രീയ ലാഭം ഉണ്ടാകുന്ന തരത്തിലേക്ക് എൻ എസ് എസ് ചാലക ശക്തി ആകുമോ എന്നത് കണ്ടുതന്നെ അറിയണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍