കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്തു മുഴുവനും ഒരു നിയമനത്തെ ചൊല്ലിയുള്ള ബഹളമാണ്. ഇതിന്റെ അലയൊലി ഇങ്ങ് കേരളത്തില്‍ വരെ എത്തി. സാധാരണ രാജ്യത്ത് എന്തു സംഭവിച്ചാലും നിസഹായതയോടെ നോക്കി നില്‍ക്കുന്ന മലയാളി സാഹിത്യ-സിനിമാ ബുദ്ധിജീവികള്‍ ( അങ്ങനെയാണ് അവര്‍ സ്വയം കരുതുന്നത് ) ഈ വിഷയത്തില്‍ പ്രത്യക്ഷമായി രംഗത്തിറങ്ങി. ദേശീയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെഒപി അനുഭാവിയായ മുന്‍ സിനിമാ താരം ഗജേന്ദ്ര ചൌഹാനെ ചെയര്‍മാനായി നിയമിച്ചതിലുള്ള പ്രതിഷേധമാണ് രാജ്യമെങ്ങും പടരുന്നത്.
പ്രതിഷേധക്കാരുടെ പ്രഖ്യാപനം തന്നെ കാവിവത്ക്കരണത്തിനെതിരായുള്ള പോരാട്ടം എന്നാണ്. സത്യത്തില്‍ ചൌഹാന്റെ നിയമനം എങ്ങനെ കാവി വത്കരണമാകും. ഇത് തികച്ചും രാഷ്ട്രീയ നിയമനമാണെന്ന് നിസംശയം പറയാം. ഗജേന്ദ്ര ചൗഹാന്‍ എന്ന വ്യക്തിയുടെ കഴിവോ കഴിവുകേടോ അല്ല കാവി വത്കരണമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് എന്നത് ശ്രദ്ദേയമാണ്. കേന്ദ്രം ഭരിക്കുന്നത് ബിജെപി, അങ്ങനെയെങ്കില്‍ ആരെ പൂനെ ഫിലിം ഇസ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ ആക്കണം എന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവകാശമില്ലേ…?
ഇതിനു മുമ്പും ഇത്തരം നിയമനങ്ങള്‍ നടന്നപ്പോളും ആരും പ്രതിഷേധങ്ങള്‍ കണ്ടില്ല. മുമ്പ് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനെ താങ്ങി നിന്നിരുന്ന കാലത്ത് ഇടത് പക്ഷ അനുഭാവി ഈ സ്ഥാപനത്തിന്റെ ചെയര്‍മാനായി ഇരുന്നതാണ്. അന്ന് ആരും ഈ നിയമനത്തെ ഇടത് വത്കരണം എന്ന് പറഞ്ഞ് പ്രതിഷേധിച്ചു കണ്ടില്ല. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന ഒന്നാംകിട( അത് നാലാം കിടപോലുമല്ലാത്തതെന്നും ആരോപണമുണ്ട്) സിനിമ നടനെ യുഡിഎഫ് സര്‍ക്കാര്‍ പോസ്റ്റ് ചെയ്തു. അന്നൊന്നും ഇവിടെയാരും കോര്‍പ്പറേഷനില്‍ ‘കോണ്‍ഗ്രസ് വത്ക്കരണം ‘ എന്ന് പ്രയോഗിച്ചു കണ്ടില്ല.
ഇടത് പക്ഷം കേരളം ഭരിച്ചിരുന്നപ്പോഴൊക്കെ തന്നെ കൊടികുത്തിയ ഇടതന്മാര്‍ പ്രത്യേകിച്ച് സിപിഎമ്മുകാര്‍ കോര്‍പ്പറേഷനില്‍ തലപ്പത്ത് കയറി ഇരുന്നിട്ടുണ്ട്. അന്നും ആരും ഇടത് വത്കരണമെന്ന് പറഞ്ഞ് വിലപിച്ചതുമില്ല. കോണ്‍ഗ്രസ് വത്കരണം, ഇടത് വതകരണം എന്നൊന്നില്ല എന്നും ഉള്ളത് കാവി വത്കരണം മാത്രമാണെന്നും പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്. നിലവിലെ പ്രതിഷേധങ്ങള്‍ കണ്ടാല്‍, കഴിവും മാനദണ്ഡവും നോക്കി, രാഷ്ട്രീയ പരിഗണനയില്ലാതെ ഇത്രയും നാള്‍ നടന്നിരുന്ന നിയമനങ്ങള്‍ കാവി വത്കരണത്തിനു വേണ്ടി ബിജെപി സര്‍ക്കാര്‍ മാറ്റി മറിച്ചു എന്ന് സാധാരണക്കാരന്‍ സംശയിക്കും. സത്യത്തില്‍ അങ്ങനെ അല്ലായിരുന്നിട്ടുകൂടി.
മഹാഭാരതം സീരിയലില്‍ അഭിനയിച്ച ഇന്ത്യക്കാരിലധികവും കണ്ടാല്‍ തിരിച്ചറിയുന്ന ഒരാളെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയര്‍മാനായി നിയമിച്ചാല്‍ അത് വലിയ അപരാധമായിപ്പോകുന്നു. മലയാളിയായ സുരേഷ് ഗോപിയെ എതോസ്ഥാനത്ത് ഇരുത്താനുള്ള ശ്രമമുണ്ടെന്നൊക്കെ വാര്‍ത്ത വന്നിട്ട് ദിനങ്ങള്‍ കുറേ കൊഴിഞ്ഞുപോയി. ഇനി ഗോപിയേട്ടനെ സ്ഥാനമാനവും കാവി വത്കരനമാണെന്ന് പറഞ്ഞ് അഭിനവ മതേതരന്മാര്‍ കൊടിയും പൊക്കിനിറങ്ങുമെന്ന് കരുതേണ്ടിയിരിക്കുന്നു.
ഗജേന്ദ്ര ചൗഹാന്‍ എന്ന അത്രയോന്നും കഴിവ് തെളിയിച്ചിട്ടില്ലാത്ത ഒരാളെ ഇത്തരമൊരു സ്ഥാനത്ത് അവരോധിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന വിമര്‍ശനത്തെ പൂര്‍ണായും നിരാകരിക്കാനാവില്ല. എണ്‍പതുകളില്‍ മഹാഭാരതം ടിവി സീരിയലില്‍ യുധിഷ്ടിരന്റെ വേഷം കൈകാര്യം ചെയ്ത, പിന്നീട് ബിജെപിയുടെ സാംസ്‌കാരിക വിഭാഗം ജോയിന്റ് കണ്‍വീനറായി പ്രവര്‍ത്തിച്ച ചൌഹാന്റെ സിനിമാ ജീവിതം അത്ര ശോഭനീയമോ കഴിവു തെളിയിച്ചതോ ആയ ഒന്നല്ല. ചൌഹാന്‍ അഭിനയിച്ച ജംഗിള്‍ ലവ്, ഖുലി ഖിഡ്കി, ജനം സെ പെഹ്‌ലെ , കാലാ സഛ്, ദില്‍ കാ സൗദാ, രൂപാ റാണി രാമ്കാലി, ബാഗ്ഭന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചൗഹാന്‍ അപ്രധാനമായ വേഷങ്ങളിലാണ് വെള്ളിത്തിരയിലെത്തിയത്.
ഈ അര്‍ഥത്തില്‍ കഴിവ് തെളിയിക്കാത്ത ഒരാളെ ചെയര്‍മാനാക്കുന്നതിനെതിരെയാണ് സമരം നടന്നിരുന്നതെങ്കില്‍ അതിനെ ന്യായീകരിക്കത്തക്കതായ കാരണമായി കണക്കാക്കാമായിരുന്നു. പക്ഷേ അതുകൊണ്ട് മാത്രം ഗജേന്ദ്ര ചൗഹാന്‍ പുനെ ഫിലിം ഇന്‍സ്റ്ററ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പരാജയമാകുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഏതൊരാളുടെയും പ്രവര്‍ത്തനം വിലയിരുത്തിയാണ് അയാള്‍ പരാജയമോ വിജയമോ എന്ന് മനസിലാക്കാന്‍ കഴിയു. അല്ലെങ്കില്‍ അത് നേരത്തെ മനസിലാക്കാന്‍ അതീന്ദ്രിയ സിദ്ധി കൈവന്നവരൊന്നുമല്ലല്ലോ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ചൌഹാന്റെ നിയമനത്തില്‍ കേരളത്തില്‍ സമരം നടത്തുവരെ എന്ത് വിശേഷിപ്പിക്കണം? സ്വന്തം കണ്ണിലെ കോലടെടുക്കാതെ അന്യന്റെ കണ്ണിലെ കരടിനെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ എന്നാണോ? കൃത്യമായ കൂട്ടിയെഴുതാന്‍ അറിയാത്തവരെ സാഹിത്യ അക്കാദമി തലപ്പത്തും,കൂത്തും കൂടിയാട്ടവും അറിയാത്തവരെ കലാമണ്ഡലത്തിന്റെ തലപ്പത്തും, സ്വന്തം പാര്‍ട്ടിക്കാരെ മാത്രം നാടക സംഗീത അക്കാദമി ചെയര്‍മാന്‍ പദവിയിലും, ലളിതകലാ അക്കാദമി തലപ്പത്തും അവരോധിക്കുന്ന കലാപരിപാടി നമ്മുടെ കേരള നാട്ടില്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കേരളത്തില്‍ വിസി സ്ഥാനത്ത് പോലും യോഗ്യതയില്ലാത്ത ലീഗ് നേതാക്കളെ നിയമിക്കുന്ന ലീഗ് വത്ക്കരണത്തിന്റെയും, പച്ചവത്ക്കരണത്തിന്റെയും കേരളനാട്ടില്‍ പുനെ ഇന്‍സ്റ്റ്റ്റു്യൂട്ടിലെ ചെയര്‍മാനായി ബിജെപിക്കാരനായ സിരീയന്‍ അഭിനേതാവ് വരുന്നത് കാവി വത്ക്കരണത്തിന്റെ മഹാദുരന്തം എന്നല്ലാതെ എന്ത് പറയാന്‍....