വറുതിയുടെ അമ്പതാം നാള്‍; നേടിയതും നഷ്ടമായതും !

വെള്ളി, 30 ഡിസം‌ബര്‍ 2016 (12:42 IST)
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ച 50 ദിവസം തികയാൻ ഇനി മണിക്കൂറുകൾ മാത്രം. നവംബര്‍ എട്ടിനാണ് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയത്. ''പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ എനിക്ക് 50 ദിവസം അനുവദിച്ച് തരൂ'' എന്നാണ് നവംബർ 13ന് മോദി പറഞ്ഞത്.  
 
പിന്‍വലിച്ച നോട്ടുകള്‍ക്ക് ആനുപാതികമായി നോട്ടുകള്‍ അച്ചടിച്ച് തീർന്നിട്ടില്ല എന്നത് ഇനിയുള്ള ആകുലതയുടെ പ്രധാന കാരണമാകുമെന്ന് ഉറപ്പ്. നോട്ടുക്ഷാമമുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്നും രാജ്യം ഇതുവരെ കരകയറിയിട്ടില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് ഇപ്പോഴും തുടരുകയാണ്. ആവശ്യങ്ങൾ പലരും താൽക്കാലികത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. എന്നാൽ, വേണ്ടത്ര നോട്ടുകൾ അച്ചടിക്കാത്ത സാഹചര്യത്തിൽ എത്രനാൾ ഇനിയും അഡ്ജസ്റ്റ് ചെയ്യണം എന്നത് വ്യക്തമല്ല.
 
അതേസമയം, മാർച്ച് 31നുശേഷം അസാധുനോട്ടുകൾ കൈവശം വെച്ചാൽ നിയമനടപടിയ്ക്ക് തയ്യാറാകേണ്ടി വരും. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അഭിസംബോധന ചെയ്ത് നാളെ സംസാരിക്കും. നോട്ട് അസാധുവാക്കല്‍ ആയി ബന്ധപ്പെട്ട് ചില പ്രത്രേക ഇളവുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
 
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കലിനും സഹകരണ പ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ തീർത്ത മനുഷ്യച്ചങ്ങല കേരളത്തിന്റെ പ്രതിഷേധത്തിന്റെ നേർചിത്രമായി. ഏതാണ്ട് 700 കിലോമീറ്റർ നീളത്തിലായിരുന്നു മനുഷ്യച്ചങ്ങല. മന്ത്രിമാരും എം എൽ എമാരും വിവധ പാർട്ടികളുടെ നേതാക്കൻമാരും മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. നോട്ട് നിരോധനത്തിനെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധമാണ് കേരളത്തിലെ മനുഷ്യ ചങ്ങലയെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. 
 
അതേസമയം, നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന ബജറ്റ് അവതരണം ജനുവരിയിൽ ഉണ്ടാകില്ല. ജനുവരി ആദ്യം ബജറ്റ് അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, നിലവിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ ജനുവരിയിൽ ബജറ്റ് അവതരണമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി
 
എന്നാല്‍ ആവശ്യത്തിന് നോട്ടുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും വ്യാഴാഴ്ചയും ആവര്‍ത്തിച്ചു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് എവിടെയും സംഘർഷമുണ്ടായതായി റിപ്പോർട്ട് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവര്‍ഷത്തിനുമുമ്പ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. നോട്ട് പിന്‍വലിക്കലിനുശേഷമുള്ള സര്‍ക്കാര്‍ നടപടികളെക്കുറിച്ച് ഈ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കുമെന്നാണ് സൂചന.
 
പ്രതിസന്ധി അവസാനിക്കുകയല്ല മറിച്ച്, കൂടുതല്‍ രൂക്ഷമാവുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ചില്ലറ വ്യാപാരമേഖലയിലടക്കം കച്ചവടം സ്തംഭിച്ച ഈ രണ്ടു മാസക്കാലയളവില്‍ വില്‍പന നികുതിയിനത്തിലെ വരുമാനത്തില്‍ വന്‍ കുറവാണുണ്ടായത്. പ്രതിസന്ധി രൂക്ഷമായ ഡിസംബറില്‍ സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ 60 ശതമാനം പോലും കറന്‍സി ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിട്ടുമില്ല.

വെബ്ദുനിയ വായിക്കുക