അരുവിക്കരയിലെ വോട്ടര്‍മാരുടെ മുഖത്ത് നോക്കി സര്‍ക്കാര്‍ തുപ്പുമ്പോള്‍

ജെ ജെ

ശനി, 27 ജൂണ്‍ 2015 (19:21 IST)
അരുവിക്കരയിലെ വോട്ടര്‍മാരുടെ മുഖത്ത് നോക്കി സംസ്ഥാനസര്‍ക്കാര്‍ ഇന്ന് വൈകുന്നേരം കാര്‍ക്കിച്ചൊന്ന് തുപ്പി. വിവാദമായ ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്നുള്ള തീരുമാനമായിരുന്നു അത്. തീരുമാനം നേരത്തെ എടുത്തതാണെങ്കിലും അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ പുറത്തുവിടാതെ ഇരിക്കുകയായിരുന്നു. 
 
പതിവുപോലെ വിജിലന്‍സ് തീരുമാനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആയിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. വിജിലന്‍സ് ഡയറക്‌ടറുടെ തീരുമാനത്തെക്കുറിച്ച് വിശദാംശങ്ങള്‍ സര്‍ക്കാരിന് അറിയില്ലെന്നും ആര് കോടതിയില്‍ പോയാലും സര്‍ക്കാരിന് സങ്കോചമില്ലെന്നും ആയിരുന്നു ചെന്നിത്തല വിജിലന്‍സ് തീരുമാനം അറിഞ്ഞുകൊണ്ട് പറഞ്ഞത്. വിജിലന്‍സ് ഡയറക്ടര്‍ വില്‍‌സണ്‍ എം പോള്‍ മാണിക്കെതിരെ കുറ്റപത്രം വേണ്ട എന്ന തീരുമാനത്തിലെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണെന്നത് വേറൊരു സത്യം.
 
എന്തൊക്കെ ആയാലും അരുവിക്കരയിലെ വോട്ടര്‍മാരോടും മലയാളികളായ ജനാധിപത്യ വിശ്വാസികളെയും കളിയാക്കുന്ന ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു അഞ്ചുമണിക്ക് ചാനലുകളിലൂടെ പുറത്തുവന്നത്. ‘നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് വാങ്ങാനറിയാം, ഇവിടെ എങ്ങനെ ജനാധിപത്യത്തെ വില്ക്കണമെന്നും അറിയാം’ എന്ന രീതിയിലുള്ള നിലപാട് തന്നെയായിരുന്നു ഇത്.
 
വിജിലന്‍സ് ഡയറക്‌ടറുടെ തീരുമാനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആഭ്യന്തരമന്ത്രി പറയുമ്പോഴും ഇവിടുത്തെ ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട് ജനാധിപത്യത്തില്‍ കളിയാക്കപ്പെടുന്നത് തങ്ങളാണെന്ന്. ഉള്ളതു പറഞ്ഞാല്‍ ഇത് സര്‍ക്കാരിന്റെ പരിഹാസശരമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മലയാളികളുടെ നെഞ്ചില്‍ ആഞ്ഞുതറച്ച പരിഹാസത്തിന്റെ കൂരമ്പ്.
 
അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തിനു മുമ്പ് ഈ തീരുമാനം പുറത്തുവന്നാല്‍ അത് അരുവിക്കരയിലെ വോട്ടിംഗ് മെഷീനില്‍ തെളിയുമെന്ന് ഏതു പൊട്ടനും അറിയാം. അതുകൊണ്ടു തന്നെ വിജിലന്‍സ് തീരുമാനം പുറത്തുവിടാന്‍ അരുവിക്കരയിലെ തെരഞ്ഞെടുപ്പ് കഴിയുന്ന സമയം വരെ കാത്തിരുന്നു. അങ്ങനെയായിരുന്നെങ്കില്‍, വോട്ടര്‍മാരോട് ഒരു അല്പം പരിഗണന എങ്കിലും ഉണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതു വരെ കാത്തിരിക്കാമായിരുന്നു.
 
എന്നാല്‍, പോളിംഗ് കഴിഞ്ഞതിന്റെ തൊട്ടടുത്ത നിമിഷം തന്നെ തീരുമാനം പുറത്തു വിട്ടതിലൂടെ അരുവിക്കരയിലെ വോട്ടര്‍മാരെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളില്‍ പോളിംഗ് ദിവസത്തിന്റെ ദൃശ്യങ്ങള്‍ വരുമ്പോള്‍ പ്രായമായവരും നടക്കാന്‍ കഴിയാത്തവരും ഒക്കെ കോരിച്ചൊരിയുന്ന മഴ കാര്യമാക്കാതെ തങ്ങളുടെ വിലയേറിയ വോട്ടവകാശം വിനിയോഗിക്കാന്‍ കാത്തു നില്‍ക്കുന്ന കാഴ്ച കാണാന്‍ കഴിഞ്ഞു. 

വെബ്ദുനിയ വായിക്കുക