ഡി കെ ശിവകുമാര്‍ - കോണ്‍ഗ്രസിന്‍റെ നരേന്ദ്രമോദി!

ശനി, 19 മെയ് 2018 (22:35 IST)
ഡി കെ ശിവകുമാര്‍ പുതിയ കര്‍ണാടക മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാകുമോ? അതോ കര്‍ണാടക പി സി സി അധ്യക്ഷനോ? ഇതിലൊന്ന് സംഭവിക്കുമെന്ന് ഉറപ്പ്. കാരണം, ഇനി ഡി‌കെയെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന് കഴിയില്ല.
 
തന്‍റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ഡി കെ ഉണ്ടാകണമെന്നാണ് എച്ച് ഡി കുമാരസ്വാമി ആഗ്രഹിക്കുന്നത്. എന്നാല്‍ ദേവെഗൌഡയ്ക്ക് താല്‍‌പ്പര്യം പരമേശ്വരയോടാണ്. ഇപ്പോള്‍ പി സി സി അധ്യക്ഷനായ പരമേശ്വര ഉപമുഖ്യമന്ത്രിയായാല്‍ പകരം പി സി സി അധ്യക്ഷ സ്ഥാനത്തേക്കാവും ഒരുപക്ഷേ ഡി കെ ശിവകുമാര്‍ എത്തുക.
 
ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് പ്രതിസന്ധിയുണ്ടായാലും അതിനെല്ലാം പരിഹാരമായി ഇപ്പോള്‍ ഏവരും കാണുന്നത് ഡി കെ ശിവകുമാറിനെയാണ്. ഗുജറാത്തില്‍ പ്രതിസന്ധിയുണ്ടായാലും മഹാരാഷ്ട്രയില്‍ പ്രശ്നമുണ്ടായാലും കോണ്‍ഗ്രസ് നേതൃത്വം ഡി കെയെ വിളിക്കുന്നു. ക്രൈസിസ് മാനേജുമെന്‍റിന് ഡി കെയെ കഴിഞ്ഞേ ഇന്ന് കോണ്‍‌ഗ്രസില്‍ മറ്റൊരാളുള്ളൂ.
 
ഗുജറാത്തില്‍ നിന്ന് ബി ജെ പിയുടെ രക്ഷകനായി നരേന്ദ്രമോദി അവതരിച്ചതുപോലെ കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ രക്ഷകനായി ഡി കെ ശിവകുമാര്‍ അവതരിക്കുന്നത് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്വപ്നം കാണുന്നു. നരേന്ദ്രമോദിയെപ്പോലെ തന്നെ തന്ത്രങ്ങളും ചങ്കുറപ്പും നേതൃപാടവവും അണിയറനീക്കങ്ങളിലുള്ള മികവുമാണ് ഡി കെയെ ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്നതിന് കാരണമാകുന്നത്. അളവില്ലാത്ത സമ്പത്തിനുടമയുമാണ് ഡി കെ. 
 
കുടുംബാധിപത്യത്തില്‍ നിന്നും കോണ്‍ഗ്രസ് വഴിമാറിച്ചിന്തിച്ചാല്‍ നാളെ കോണ്‍ഗ്രസിന്‍റെ നരേന്ദ്രമോദിയായി ഡി കെ ശിവകുമാര്‍ വന്നേക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍