1957, ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിന്റെ ചെങ്കോലില്‍ ചെങ്കൊടി ഉയര്‍ത്തിയ വര്‍ഷം.
സിപിഐ അഥവാ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാര്‍ട്ടി വാനോളം ഉയര്‍ന്നതും ചങ്കൂറ്റം കാട്ടി നിന്നതും അന്നാണ്. ചോരചിന്തിയ വഴിയില്‍ പോരാട്ടത്തിലൂടെ അധികാരം പിടിച്ചപ്പോള്‍ ആഗോള കമ്യൂണിസ്റ്റ് ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടായി ആ ചരിത്രം. മാറ്റത്തിന്റെ കാഹളം സാധാരണ മനുഷ്യരുടെ മനസിലും മുഴങ്ങിത്തുടങ്ങി.
1962ല്‍ ഇന്തോ - ചൈന യുദ്ധം കമ്യൂണിസ്റ്റുകളുടെ ഉള്ളിലും വിള്ളല്‍ തീര്‍ത്തു. ചൈനയെ പിന്താങ്ങിയ ബസവ പുന്നയ്യ, ബി ടി രണദിവേ, പി സുന്ദരയ്യ, പി സി ജോഷി, ജ്യോതിബസു, ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് എന്നിവരുടെ നിലപാടുകളെ മുതിര്‍ന്ന നേതാവ് എസ് എ ഡാങ്കെ എതിര്‍ത്തു. കടുത്ത ആശയ സംഘര്‍ഷം കമ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റിന്റെ പിറവിക്കും സിപിഐയുടെ അസ്ഥിത്വപ്രഖ്യാപനത്തിനും തുടക്കമിട്ടു.
ദേശീയതയില്‍ ഊന്നിയ കമ്യൂണിസമാണ് സിപിഐയുടേതെന്ന അടിയുറച്ച നിലപാട്. സത്യസന്ധതവും സ്വത്വബോധവുമുള്ള രാഷ്ട്രീയ സംഘടനയായി സിപിഐയെ മാറ്റിയത് ഈ നിലപാടായിരുന്നു. പിന്നീട് 1970 - 77 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് ഒപ്പം ഭരണത്തിലേറുകയും സി അച്യുതമേനോന്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ വീഴ്ച സിപിഎമ്മുമായി കൂട്ട് ചേരുന്നതില്‍ എത്തിച്ചെങ്കിലും സിപിഐ സ്വന്തം നിലപാടുകളുമായി വേറിട്ടു നിന്നു. എം എന്‍ ഗോവിന്ദന്‍ നായര്‍, സി കെ വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍, സി കെ ചന്ദ്രപ്പന്‍ തുടങ്ങി ഒരുപിടി സംശുദ്ധ രാഷ്ട്രീയത്തിന് ഉടമകളായിരുന്നു പാര്‍ട്ടിയുടെ അമരത്ത്. ഇവരുടെ കാലം അവസാനിച്ചതോടെ പാര്‍ട്ടിയില്‍ പണാധിപത്യത്തിന്‍റെ കാലൊച്ച കേള്‍ക്കുന്നതായി സംശയമുയര്‍ന്നുതുടങ്ങി.
അടുത്ത പേജില്‍: പാര്‍ട്ടിയില്‍ പേമെന്‍റ് വിപ്ലവം
പണം പാര്‍ട്ടിയെ നയിച്ചു തുടങ്ങിയപ്പോള്‍ ആശയങ്ങളും അതില്‍ പൊതിഞ്ഞതായി. ശുദ്ധീകരണത്തിന്റെ കലശങ്ങള്‍ പലതും തുടങ്ങിയെങ്കിലും പാതിവഴിയില്‍ നിലച്ചവയായിരുന്നു പലതും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പേമെന്‍റ് സീറ്റ് എന്ന ‘അപൂര്‍വ പ്രതിഭാസം’ പുറംലോകം അറിഞ്ഞത്. തിരുവനന്തപുരം ലോക്‍സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തന്നെ പൊട്ടിത്തെറികള്‍ തുടങ്ങിയിരുന്നു. പണ്ട് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കുറിച്ച് വിശേഷിപ്പിച്ച പോലെ ‘ആകാശത്ത് നിന്ന് കെട്ടിയിറക്കിയ’ സ്ഥാനാര്‍ഥിയായിരുന്നു ബെന്നറ്റ് എബ്രഹാം. സ്ഥാനാര്‍ഥിയുടെ പേര് കേട്ട് കടുത്ത പാര്‍ട്ടി സഖാക്കള്‍ പോലും ചോദിച്ചു, ആരാണീ ബെന്നറ്റ്?
‘കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടറും സിഎസ്‌ഐ സഭയുടെ ട്രഷററുമാണ് നാടാര്‍ സമുദായാംഗമായ ഡോ.ബെന്നറ്റ് ഏബ്രഹാം. തിരുവനന്തപുരം മണ്ഡലത്തില്‍ എന്തുകൊണ്ടും മികച്ച സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം’ - ഇതായിരുന്നു പാര്‍ട്ടി നേതാക്കളുടെ മറുപടി. എന്നാല്‍ പേമെന്‍റ് സീറ്റെന്ന ആരോപണത്തിന് കോണ്‍ഗ്രസ് അതിന് മുന്നേ തുടക്കമിട്ടിരുന്നു.
അടുത്ത പേജില്‍: ഇടതുമുന്നണിക്ക് കയ്ച്ചപ്പോള്‍ ബിജെപിക്ക് മധുരിച്ചു!
എംഎന്‍ സ്മാരക മന്ദിരത്തില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് അന്ന് പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ബെന്നറ്റ് ഏബ്രഹാമിനെതിരെ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗത്തില്‍ ഉയര്‍ന്ന കടുത്ത വിമര്‍ശനത്തെ അവഗണിച്ചായിരുന്നു ഇത്. ഫലമോ? സിപിഐയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി. ബിജെപിയുടെ വോട്ട്‌ബാങ്ക് നിറഞ്ഞു. വിധി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് - ബിജെപി മാത്രം ചിത്രത്തില്‍. സിപിഐ എന്ന ഒരു പേരുപോലും എങ്ങും കാണാത്ത വിധമായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
സംസ്ഥാനത്തെന്നല്ല, രാജ്യത്ത് തന്നെ ഒരു സീറ്റിലേക്ക് ഒതുങ്ങി സിപിഐ എന്ന വിപ്ലവപാര്‍ട്ടി. തൃശൂരില്‍ നിന്നുള്ള സി എന്‍ ജയദേവന്‍ മാത്രം. പരാജയത്തിന്റെ കാരണം വിലയിരുത്താന്‍ കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. കമ്മീഷന്റെ കണ്ടെത്തല്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും ഞെട്ടിച്ചു.
അടുത്ത പേജില്‍: പാര്‍ട്ടിയിലെ ചരിത്ര പ്രതിസന്ധി
പാര്‍ട്ടിയിലെ ചരിത്ര പ്രതിസന്ധി, അതുമാത്രമേ സിപിഐയുടെ ഈ അവസ്ഥയെ വിശേഷിപ്പിക്കാനാകൂ. ദേശീയ നേതാവ് സി ദിവാകരന്‍, പി രാമചന്ദ്രന്‍ നായര്‍, ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, പാറശാലയില്‍ നിന്നുള്ള ജി സുശീലന്‍ എന്നിവര്‍ക്കെതിരേ നടപടിയുണ്ടായി. പണം മേടിച്ച് സീറ്റ് നല്‍കിയെന്നും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും വരെ നീളുന്നു കമ്മീഷന്റെ കണ്ടെത്തല്‍. പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് മേലും അച്ചടക്ക നടപടിയെന്ന ഡമോക്ലീസിന്റെ വാളുണ്ട്.
പാര്‍ട്ടിയുടെ നിയസഭ കക്ഷി നേതാവും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് സി ദിവാകരന്‍. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് തരം താഴ്ത്തി.
പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുഖപത്രമായ ജനയുഗത്തിന്റെ സിഎംഡിയും ആയിരുന്നു പി രാമചന്ദ്രന്‍ നായര്‍. ഇപ്പോള്‍ ജില്ലാ കൗണ്‍സിലിലേക്ക് തരം താഴ്ത്തി. ജനയുഗത്തിന്റെ സിഎംഡി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
സിപിഐ ജില്ലാ സെക്രട്ടറിയായിരുന്നു വെഞ്ഞാറമൂട് ശശി. ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റി. വാര്‍ത്ത ചോര്‍ത്തലാണ് ശശിക്ക് വിനയായത്. എന്നാല്‍ ഇതൊന്നുമല്ല, വെറും അച്ചടക്കനടപടി എന്നാണ് ഔദ്യോഗിക ഭാഷ്യം.
നടപടിക്ക് വിധേയരായവര്‍ പരസ്പരം ചെളിവാരിയെറിയല്‍ തുടരുകയാണ്. എന്തായാലും സാധാരണ ജനങ്ങള്‍ക്ക് പോലും ഒരു കാര്യം വായിച്ചെടുക്കും, രണ്ടോ മൂന്നോ പേര്‍ വിചാരിച്ചാല്‍ സ്ഥാനാര്‍ഥിയുടെ കൈയില്‍നിന്ന് കാശ് വാങ്ങി സീറ്റ് കൊടുക്കാനാവില്ല. അപ്പോള്‍ ആരാണ് സഖാവേ, പാര്‍ട്ടിയോട് ഈ ചതി ചെയ്തത്?. ഒരു കാര്യം ഉറപ്പാണ്, ഒന്നുകില്‍ സിപിഐ ഒരു ശുദ്ധികലശം കഴിഞ്ഞ് പൂര്‍വാധികം ശക്തമാകും. അല്ലെങ്കില്‍ കാലഹരണപ്പെട്ട പാര്‍ട്ടിയെന്ന വിശേഷണമാകും നാളെയുടെ ചരിത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബാക്കി വയ്ക്കുക.