സര്‍ക്കാര്‍ മൈന്‍ഡ് ചെയ്യുന്നില്ല, സമരം കൊണ്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് ബി ജെ പി !

സാനന്ദ് ശിവന്‍
ശനി, 19 ജനുവരി 2019 (22:09 IST)
കഴിഞ്ഞ ഒന്നര മാസത്തിലധികമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ബി ജെ പി നടത്തിവരുന്ന നിരാഹാര സമരം അവസാനിക്കുമ്പോള്‍ രാഷ്ട്രീയനേട്ടം പേരിനുപോലുമില്ലാതെ ബി ജെ പി. ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കുന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ആവശ്യവുമായി തുടങ്ങിയ സമരത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നതുപോലുമില്ലെന്നും രാഷ്ട്രീയമായി ഒരു ഗുണവുമില്ലെന്നും തിരിച്ചറിഞ്ഞാണ് എങ്ങനെയെങ്കിലും അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് ബി ജെ പി എത്തിയിരിക്കുന്നതെന്ന് വ്യക്തം. ശബരിമല വിഷയത്തില്‍ സമരം നിര്‍ത്തുമെങ്കിലും പോരാട്ടം തുടരുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചിരിക്കുന്നത്.
 
പി കെ കൃഷ്ണദാസിന്‍റെ നിരാഹാരം അവസാനിപ്പിക്കുന്നതോടൊപ്പം ഇതുവരെ നടന്നുവന്ന നിരാഹാര സമരം ഇനി തുടരേണ്ടതില്ലെന്നാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. കൃഷ്ണദാസിന് പകരം കെ സുരേന്ദ്രന്‍ നിരാഹാരമിരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതിന് മുതിരാതെ സമരം നിര്‍ത്താനാണ് ബി ജെ പി കൈക്കൊണ്ടിരിക്കുന്ന തീരുമാനം.
 
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഗുണം ബി ജെ പിക്ക് ഉണ്ടായില്ല. സര്‍ക്കാര്‍ ഈ സമരത്തെ കാര്യമായി എടുത്തില്ല. കൃത്യമായ ഇടവേളകളില്‍ ആളുകള്‍ മാറിമാറിയിരുന്ന് നിരാഹാരസമരം നടത്തുന്ന രീതി പാര്‍ട്ടിക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്ന വിമര്‍ശനവും വ്യാപകമായി. ഇതോടെയാണ് സമരം അവസാനിപ്പിക്കാമെന്ന ഉപായത്തിലേക്ക് ബി ജെ പി എത്തിയിരിക്കുന്നത്. 
 
ബി ജെ പി സമരം നടത്തുന്ന സമയത്തുതന്നെ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കിയെന്നും ബി ജെ പിക്കുള്ളില്‍ വിലയിരുത്തലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article