കെ എം ഷാജിയെ വീഴ്ത്തിയതിന്‍റെ വര്‍ദ്ധിത വീര്യത്തോടെ നികേഷ് കുമാര്‍ കളത്തിലിറങ്ങുന്നു, അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടും?

ജോണ്‍ കെ ഏലിയാസ്

വെള്ളി, 9 നവം‌ബര്‍ 2018 (12:47 IST)
അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുമെന്ന് ഏതാണ്ട് ഉറപ്പായി. കെ എം ഷാജിയുടെ എം എല്‍ എ സ്ഥാനം അയോഗ്യമാക്കിയ ഹൈക്കോടതി വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത ആറ്‌ വര്‍ഷത്തേക്ക് ഷാജിക്ക് മത്സരിക്കാനാവില്ല.
 
ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഴീക്കോട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ്കുമാര്‍ വീണ്ടും മത്സരിക്കാനിറങ്ങുമോ എന്നാണ് ഏവരും ഉയര്‍ത്തുന്ന ചോദ്യം.
 
മണ്ഡലം ഇടത് കോട്ടയാണ്. 2500 വോട്ടില്‍ താഴെ ഭൂരിപക്ഷത്തിനാണ് അവിടെ നികേഷ് പരാജയപ്പെട്ടത്. വിജയിച്ച കെ എം ഷാജി അയോഗ്യനാകുകയും ചെയ്തു. പകരം തന്നെ എം എല്‍ എ ആയി പ്രഖ്യാപിക്കണമെന്ന നികേഷിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിലും ഉപതെരഞ്ഞെടുപ്പ് നികേഷിന് വീണ്ടും ഒരു സുവര്‍ണാവസരമാണ്.
 
എതിരാളിയായി കെ എം ഷാജി വരില്ല എന്നതും ലീഗിന്‍റേത് വര്‍ഗീയ പ്രചരണമായിരുന്നു എന്ന് കോടതിയില്‍ തെളിയിക്കാനായതും നികേഷ് കുമാറിന് ഊര്‍ജ്ജം പകരുന്നു. അതുകൊണ്ടുതന്നെ വീണ്ടും മത്സരിക്കാന്‍ നികേഷ് ഒരുങ്ങും എന്നുതന്നെയാണ് സൂചന.
 
അഴീക്കോട്ടെ പരാജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തനത്തിലേക്ക് മടങ്ങിപ്പോയ നികേഷ് മണ്ഡലത്തില്‍ ഉടന്‍ തന്നെ സജീവമാകാന്‍ തീരുമാനിക്കുമെന്നാണ് അറിയുന്നത്. ഉപതെരഞ്ഞെടുപ്പില്‍ നികേഷ് കുമാര്‍ തന്നെ മത്സരിച്ചാല്‍ മണ്ഡലം തിരികെ പിടിക്കാമെന്ന് സി പി എമ്മും കണക്കുകൂട്ടുന്നു. 
 
കെ എം ഷാജിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി എന്ത് വിധി പറയും എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍