തിരുവനന്തപുരത്ത് മോഹന്‍ലാല്‍ - ശശി തരൂര്‍ - നമ്പി നാരായണന്‍ പോരാട്ടം!

ജോണ്‍ കെ ഏലിയാസ്

ശനി, 13 ഒക്‌ടോബര്‍ 2018 (15:35 IST)
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത് രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധ നേടുന്ന പോരാട്ടമായിരിക്കുമെന്ന് ഉറപ്പായി. കോണ്‍ഗ്രസും ബി ജെ പിയും ഇടതുപക്ഷവും അതിശക്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലവും പ്രവചനാതീതമാകും.
 
നിലവിലെ എം പിയായ ശശി തരൂര്‍ ആയിരിക്കും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. സുനന്ദ പുഷ്കറിന്‍റെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പോലും അത്ഭുതാവഹമായ ഭൂരിപക്ഷത്തില്‍ ജയിച്ച ശശി തരൂര്‍ ഇത്തവണയും വിജയമുറപ്പിച്ചുതന്നെയാണ് രംഗത്തിറങ്ങുന്നത്.
 
എന്നാല്‍ ഇത്തവണ ശശി തരൂരിനെ തളയ്ക്കാന്‍ രണ്ടും കല്‍പ്പിച്ചാണ് ഇടതുപക്ഷം. കഴിഞ്ഞ തവണ ബെന്നറ്റ് ഏബ്രഹാം എന്ന ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പേരുദോഷം കേള്‍പ്പിച്ച സി പി ഐ അതിന് പരിഹാരം ചെയ്യാന്‍ ഒരുങ്ങിക്കഴിഞ്ഞു. നമ്പി നാരായണനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് ഇടതുനീക്കം.
 
മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ നമ്പി നാരായണന്‍ വരുമ്പോള്‍ അത് സി പി ഐയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കുറവാണ്. ഇടതുപക്ഷത്തിന്‍റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നമ്പി നാരായണന്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് സാധ്യത. എന്നാല്‍ നമ്പി നാരായണന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാടിലാണ്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് സൂചനകള്‍. 
 
അതേസമയം, ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി മോഹന്‍ലാല്‍ ആയിരിക്കുമെന്നാണ് സൂചന. മോഹന്‍ലാല്‍ ഇതുവരെയും സമ്മതം അറിയിച്ചിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ മോഹന്‍ലാലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുണ്ട്. ശശി തരൂരിനെ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയിലും സര്‍വ്വസമ്മതന്‍ എന്ന നിലയിലുമാണ് ബി ജെ പി മോഹന്‍ലാലിനെ പരിഗണിക്കുന്നത്.
 
എന്തായാലും ഇവര്‍ മൂവരും പടക്കളത്തില്‍ ഇറങ്ങിയാല്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ വോട്ടര്‍മാരും ആശയക്കുഴപ്പത്തിലാകുമെന്നതാണ് വാസ്തവം. മൂവരും ഏവര്‍ക്കും പ്രിയപ്പെട്ടവര്‍. തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍