അമിത് ഷായുടെ കേരള സന്ദർശനം ബിജെപിക്ക് വേണ്ടത്ര രീതിയില്‍ ഗുണം ചെയ്യുമോ ? അതോ... ?
തിങ്കള്‍, 5 ജൂണ്‍ 2017 (14:51 IST)
കേരളത്തിലെ ബിജെപിയുടെ ബഹുജന അടിത്തറ വിപുലമാക്കുകയെന്ന ലക്ഷ്യവുമായാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. സംഘപരിവാറിന് പുറത്തുള്ളവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പല പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇടതുമുന്നണി കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ബിജെപിക്കെതിരെ ആക്രമണം നടത്തുകയാണെന്നായിരുന്നു അമിത് ഷാ ആരോപിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തിയതിനു ശേഷം 13 പേരാണ് കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽപോലും അക്രമം അരങ്ങേറുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അക്രമത്തിലൂടെ ബിജെപിയെ അടിച്ചമർത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കില്ല. അക്രമത്തിനെതിരെ നിയമവഴി സ്വീകരിക്കും. കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറുന്നത് വളരെ ശ്രദ്ധയോടെയാണ് താന്‍ കാണുന്നത്. എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്നതുവെരെ എല്ലാ പ്രവര്‍ത്തകരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തില്‍ ഭരണത്തിലേറാമെന്ന അമിത് ഷായുടെ മോഹം വിലപ്പോകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എഴുപതിലധികം സീറ്റുകള്‍ നേടി ബിജെപി കേരളം പിടിക്കുമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം പറഞ്ഞത്. അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുമന്‍ സീറ്റുകളും ബിജെപി നേടുമെന്ന് പറയാനാണ് ഇപ്പോൾ അദ്ദേഹം വന്നിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
വർഗീയ കലാപമുണ്ടാക്കാനാണ് അമിത്ഷാ കേരളത്തില്‍ എത്തിയിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഷാ സന്ദര്‍ശിച്ചിടത്തെല്ലാം വർഗീയ കലാപമുങ്ങള്‍ നടന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പാകില്ലെന്നും . സംസ്ഥാനത്ത് ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങളെ നേരിടാന്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ രംഗത്ത്വരുമെന്നും മജീദ് വ്യക്തമാക്കി.
സംസ്ഥാനത്ത് അവശേഷിക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ലീഗിന്റെ ശ്രമമെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. അമിത് ഷാ പോയ ഏത് സ്ഥലത്താണ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളുമായി ഇടപഴകുകയും അവരുമായി ഐക്യമുണ്ടാക്കുകയും നാടിന്റെ കെട്ടുറപ്പിന് സഹായകമായ തരത്തില്‍ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കുക എന്നുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദിവാസി ഗോത്രമഹാ സഭാ നേതാവായ സികെ ജാനുവിന് ദളിത് ആദിവാസി മേഖലയുമായി ബന്ധപ്പെട്ട് ഉന്നത പദവി നല്‍കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് കേന്ദ്ര നേതൃത്വം ഉടന്‍ തന്നെ തീരുമാനമെടുക്കും. ആദിവാസി മേഖലയെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കുന്നതിന് ജാനുവിന്റെ സഹായം അത്യാവശ്യമാണെന്നും അദ്ദേഹം പറയുകയും ചെയ്തിരുന്നു.