ഷുഹൈബ് വധത്തില്‍ ഇതുവരെ അറസ്റ്റിലായ പ്രതികളെല്ലാം സി പി എമ്മുമായി ബന്ധമുള്ളവരാണ്. അതുകൊണ്ടുതന്നെ പൊലീസിന്‍റെ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല എന്ന് സി പി എമ്മിനും സര്‍ക്കാരിനും വാദിക്കാം. എന്നാല്‍ ഹൈക്കോടതി ഇപ്പോള്‍ കേസ് സി ബി ഐക്ക് വിടാന്‍ തീരുമാനിച്ചതോടെ സംഭവത്തില്‍ വന്‍ ട്വിസ്റ്റ് ആണ് ഉണ്ടായിരിക്കുന്നത്.
സാധാരണയായി ഒരു കേസ് സി ബി ഐക്ക് വിടാന്‍ തീരുമാനിക്കുന്ന സമയത്ത് ആ കേസ് ഒരുപാട് പഴക്കം ചെന്നിരിക്കും. സംഭവം നടന്ന് ഒരുപാട് കാലത്തിന് ശേഷമായിരിക്കും അത് സി ബി ഐക്ക് മുന്നിലേക്ക് എത്തുക. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിലുള്ള തെളിവുകള്‍ നശിപ്പിക്കപ്പെടാനോ സ്വയം ഇല്ലാതാകാനോ ഉള്ള സാധ്യത വളരെക്കൂടുതലാണ്. എന്നാല്‍ ഇവിടെ കളി മാറുകയാണ്.
ഷുഹൈബ് വധം കഴിഞ്ഞിട്ട് ഒരു മാസത്തിനുള്ളില്‍ തന്നെ കേസ് സി ബി ഐക്ക് വിട്ടതോടെ വളരെ കൃത്യമായ ഒരു അന്വേഷണത്തിന് സി ബി ഐക്ക് മുന്നില്‍ ഒരു തടസവുമുണ്ടാകില്ല. സ്വയം സംസാരിക്കുന്ന തെളിവുകള്‍ ധാരാളമുണ്ട്. ദൃക്‌സാക്ഷികളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാനൊന്നും ഒരു തടസവുമില്ല. മാത്രമല്ല, മാധ്യമങ്ങളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ഒരു സംഭവവുമാണ്.
കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി തന്നെ പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ ആദ്യം മുതല്‍ തന്നെ സി ബി ഐക്ക് അന്വേഷണം ആരംഭിക്കാം. ആരാണ് ഷുഹൈബിനെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും എന്തിനാണത് ചെയ്തതെന്നുമുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെ വലയിലാകുമെന്ന് അനുമാനിക്കാം.
ഈ കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം രാഷ്ട്രീയകേരളം ഉയര്‍ത്തിയ വലിയ ചോദ്യമാണ്. അതിന് സി ബി ഐ അന്വേഷണം ഉത്തരം നല്‍കും. ഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍ നടന്നതെന്നും സി ബി ഐ അന്വേഷണത്തിലൂടെ വ്യക്തമാകും. ഹൈക്കോടതിയുടെ സമയോചിതമായ ഇടപെടല്‍ സമീപകാലത്ത് ഏറ്റവും കോളിളക്കമുണ്ടാക്കിയ കൊലപാതകത്തിന്‍റെ ചുരുളുകള്‍ അഴിയുമെന്ന് പ്രതീക്ഷിക്കാം.