കേന്ദ്ര ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശകളടങ്ങിയ ഏഴാം ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിക്കഴിഞ്ഞു. അടിസ്ഥാന ശമ്പളം ഏഴായിരം രൂപയില്‍ നിന്നും 18,000 രൂപയായും ഉയര്‍ന്ന തസ്തികയിലെ പരമാവധി ശമ്പളം രണ്ടരലക്ഷം രൂപയായിട്ടുമാണ് വര്‍ദ്ധിപ്പിച്ചത്.
കേന്ദ്ര ജീവനക്കാരുടെ വേതന സംബന്ധമായ കാര്യങ്ങള്‍ കാലാനുസൃതമായി പരിശോധിക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമായി സര്‍ക്കാര്‍ ശമ്പളക്കമ്മിഷനെ നിയോഗിക്കുകയും നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് നടപ്പിലാക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ നിയോഗിക്കപ്പെട്ട ഏഴാം ശമ്പളക്കമ്മിഷന്‍ 2015 നവംബറില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചു. ജസ്റ്റിസ് മാഥൂര്‍ അധ്യക്ഷനായ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാകുന്നതോടെ 47 ലക്ഷം ജീവനക്കാര്‍ക്കും 53 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ദ്ധനവ് ബാധകമാകും.
2013-14 കാലയളവില്‍ പെന്‍ഷന്‍ നല്‍കാനായി മാത്രം കേന്ദ്രം ചെലവിട്ടത് 1,04,000 കോടിരൂപയാണ്. 2014-15 കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ 7.8 ശതമാനം ശമ്പളത്തിനു വേണ്ടിയും 4.6 ശതമാനം പെന്‍ഷനുവേണ്ടിയുള്ളതുമായിരുന്നു.
ചുരുങ്ങിയ കാലയളവിനുള്ളില്‍ കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് ശമ്പള വര്‍ദ്ധനവ് നടപ്പിലാകുന്നതോടെ സര്‍ക്കാരിന് വലിയ ബാധ്യത വരുത്തിവയ്ക്കുകയും ചെയ്യും. 2014ല്‍ 47 ലക്ഷം കേന്ദ്ര ജീവനക്കാരില്‍ 14 ലക്ഷം സായുധ സേന ജീവനക്കാരാണ് ഉണ്ടായിരുന്നത്. അതായത് ആകെ ജീവനക്കാരുടെ 30 ശതമാനം. 28 ശതമാനം പേര്‍ റയില്‍വേ ജീവനക്കാരും ആയിരുന്നു. 2006 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് നേരിട്ടിരുന്നു.
സായുധസേനയിലെ 18.5 ശതമാനം ഒഴിവിനു പുറമേ കേന്ദ്ര സര്‍ക്കാരില്‍ ഇപ്പോള്‍ 7.47 ലക്ഷം ഒഴിവുകളുണ്ട്. ഏറ്റവും കൂടുതല്‍ ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റെയില്‍വേയിലാണ്. 2014 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ എണ്ണം 51.96 ലക്ഷം ആയിരുന്നു. ഇതില്‍ 46.5 ശതമാനം പ്രതിരോധ വകുപ്പിലാണ്. റയില്‍വെയില്‍ 26.5 ശതമാനം പെന്‍ഷന്‍കാരുമുണ്ട്.