സ്ലം ഡോഗ് ഒരു പാഠമാണ്!

PRO
സെല്ലുലോയ്‌ഡില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്കും അവിടെ നിന്ന് അഭ്രപാ‍ളിലെ ഒടുങ്ങാ‍ത്ത പരീക്ഷണങ്ങളിലേക്കും സിനിമ വളരുകയാണ്. പുതിയ ഭാവുകത്വങ്ങളുമായി, പുതിയ ചലനങ്ങളുമായി, പുതിയ ആവിഷ്കരണങ്ങളുമായി, പരീക്ഷണങ്ങളുമായി. പക്ഷെ ഇതെല്ലാം സംഭവിക്കുന്നത് ഇന്ത്യന്‍ സിനിമാലോകത്തല്ല അതിന് പുറത്താണ്. അതിന് പുറത്തെ വിശാലമായ ലോകത്താണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിനിമാടിക്കറ്റുകള്‍ വിറ്റഴിയുന്ന, സിനിമയ്ക്കായി പട്ടിണികിടക്കാനും ഉറക്കമിളച്ചിരിക്കാനും, പൂജാമുറിയില്‍ പ്രിയ നായകന്റെ ചിത്രം പൂജിക്കാനും മടിക്കാത്ത ഇന്ത്യയില്‍, സിനിമ ഇപ്പോഴും നൂറ്റാണ്ടു പഴക്കമുള്ള പ്രണയ കഥകള്‍ തന്നെ ഉരുക്കഴിച്ച് സമയം കളയുന്നു. പുതുതായി യാതൊന്നും സൃഷ്ടിക്കുന്നില്ല സര്‍ഗപരമായ യാതൊന്നും വിനിമയം ചെയ്യുന്നില്ല. മേനിയഴകിന്റെയും ശരീരവളവിന്റെയും കണക്കുകളില്‍ മാത്രം അത് ചുറ്റിത്തിരിയുന്നു.

ഇന്ന് ഇന്ത്യന്‍ സിനിമാലോകം ബോളിവുഡാണ്. വരേണ്യന്റെ കഥകളും അകത്തളങ്ങളും മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ലോകം. ജീവിതം ബാര്‍ ഡാന്‍സിനും നായികയുടെ നിതംബം കുലുക്കി നൃത്തത്തിനും വേണ്ടിയുള്ളതാണ് എന്ന് നമ്മെ അത് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. കോടികളുടെ വിനിമയം നടക്കുന്ന വമ്പന്‍ മാര്‍ക്കറ്റാണ് ഇന്ന് ഇന്ത്യന്‍ സിനിമ.

ആ സിനിമകള്‍ കണ്ട് കയ്യടിക്കുന്നവന്റെ ജീവിതങ്ങളിലേക്ക് ആ സിനിമകള്‍ ഒരിക്കലും ഇറങ്ങി വരുന്നില്ല. ആരാധനകന്റെ കവിള്‍ത്തടത്തില്‍ കൈവീശി അടിക്കാന്‍ ഒരു തെന്നിന്ത്യന്‍ രാജാവ് തയ്യാറായത് പോലും ഈ പണത്തിന്റെയും പ്രതാപത്തിന്റെയും കൊഴുപ്പ് വല്ലാതെ അടിഞ്ഞ് കൂടിയത് കൊണ്ടാണ്.

വിനോദ വ്യവസായത്തിലാകെ നനഞ്ഞ് കുളിരുമാറി നില്‍ക്കുന്ന ഇന്ത്യന്‍ സിനിമയ്ക്ക് അതു കൊണ്ട് തന്നെ സാധാരണക്കാരന്റെ കഥപറയാന്‍ ഇനി ആവില്ല, പക്ഷേ ലോക സിനിമയ്ക്ക് അത് പറയാന്‍ ഇപ്പോഴും കരുത്തുണ്ട്. ഡാനി ബോയലിന്റെ സ്ലം ഡോഗ് മില്ല്യണയര്‍ അത് കൊണ്ടുതന്നെ ഇന്ത്യന്‍ സിനിമലോകത്തിനുള്ള ഒരു പാഠമാണ്, ഒരു വെല്ലുവിളിയാണ്.

PRO
ഈ സിനിമയിലെ ഒരു ഡയലോഗ് പോലെ “ബോംബെയില്‍ നിന്ന് മുംബൈയായി“ മാറിയ നഗരത്തിലാണ് ഈ സിനിമയുടെ രംഗങ്ങള്‍ നടക്കുന്നത്. പതിവ് തിരക്കേറിയ നഗരദൃശ്യങ്ങളില്‍ നിന്നൊഴിഞ്ഞ്, ഗലികളുടെ ദശസന്ധികളായി തീരുന്ന പാതയിലൂടെയാണ് ഇതിലെ കഥയുടെയും കഥാപത്രങ്ങളുടെ സഞ്ചാരം ഓരോ ഗലികളും നമ്മോട് എന്താണ് സന്നിവേശിക്കുന്നതെന്ന് വെട്ടിതുറന്നു തന്നെ ചലച്ചിത്രകാരന്‍ കാട്ടുന്നു. അത് ജീവിതത്തിന്റെ നിറങ്ങളിലൂടെ കലര്‍പ്പുകള്‍ ഒന്നുമില്ലാതെ.

ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് ചരിത്രം സൃഷ്ടിച്ച കോന്‍ ബനേഗ കരോര്‍പതിയുടെ യതാര്‍ത്ഥപതിപ്പായ ഹൂ വാണ്ട്‌സ് ടു ബി എ മില്ല്യണര്‍ എന്ന ഷോയാണ് സിനിമയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. അനില്‍ കപൂറിന്റെ അവതാരകന്‍ ചോദിക്കുന്ന ഓരോ ചോദ്യവും നായകനായ ജമാല്‍ മാലിക്കിന്റെ ജീവിതത്തിന്റെ ചരിത്രമാകുന്നു.

ഓരോ ഇന്ത്യക്കാരനും പറയാന്‍ മടിക്കുന്ന എന്നാല്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാകുന്നു. ചുരുക്കത്തില്‍ ഓരോ ചോദ്യവും സമകാലിക ഇന്ത്യയുടെ മേക്കപ്പിടാത്ത മുഖമാകുന്നു.കലാപങ്ങളും കെടുതികളും വേശ്യത്തെരുവും അഴുക്കുചാലുകളും മാഫിയ തലവന്മാരും പുഴുക്കളെപോലെ ചത്തുവീഴുന്ന മനുഷ്യരുടെയും മുഖമാകുന്നു. ഓരോ കലാപങ്ങളും ചേരികളും എങ്ങനെ ഭിക്ഷക്കാരെയും വേശ്യകളെയും കൊലപാതകികളെയും സൃഷ്ടിക്കുന്നുവെന്ന് ഈ ചിത്രം ഓരോ ഫ്രയിമിലും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒപ്പം നമ്മെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

കഥയുടെ ഒഴുക്കിനായി ഒരു പ്രണയവും നായികയേയും ഉള്‍ച്ചേര്‍ത്തിട്ടുണ്ടെങ്കിലും അവ സംവിധായകന് പറയാനുള്ള കാര്യങ്ങള്‍ക്ക് ഒരിക്കലും വിഘാതമായിമാറുന്നില്ല. ജമാല്‍ മാലിക്കും സലിം മാലിക്കും ലതികയുമെല്ലാം പ്രതീകങ്ങളാക്കി മാറ്റുകയാണ് ഡാനി ബോയ്‌ല്‍. സ്വാതന്ത്ര്യത്തിന്റെ 60 വര്‍ഷങ്ങള്‍ പതാകയുയര്‍ത്തിയും ലഡു നുണഞ്ഞും ഒരു ജനത വെറുതെ ആഘോഷിക്കുകയായിരുന്നുവെന്നും യാഥാര്‍ത്ഥ്യം മറ്റൊന്നാണ് എന്നും കാട്ടിത്തരാന്‍ മറ്റൊരു ബ്രിട്ടീഷ്കാരന്‍ വേണ്ടി വന്നത് ചരിത്രത്തിലെ വിരോധാഭാസമാകും.

തങ്ങളുടെ സിംഹാസനങ്ങളുടെ ആണിക്കല്ലിലേക്കാണ് ഈ സിനിമാ ആഴ്ന്നിറങ്ങുന്നതെന്നും അതിനെ തകിടം മറിക്കാന്‍ ഈ ചെറിയ ഇതിവൃത്തത്തിന് കഴിയുമെന്നും ബോളിവുഡിലെ സിനിമാമാഗസീനുകളും റെഡ്‌കാര്‍പ്പറ്റുകളും ഊതിവീര്‍പ്പിച്ച താര സിംഹാസങ്ങളും വളരെ വേഗം മനസിലാക്കി അതുകോണ്ടാണല്ലോ ഈ ചിത്രത്തെ അങ്ങേയറ്റം പുച്ഛിച്ച് തള്ളി താരരാജാക്കന്‍മാര്‍ തീട്ടൂരം പുറപ്പെടുവിച്ചത്.

WD
ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് അമിതാബച്ചന്‍ ബ്ലോഗിലൂടെ പ്രതികരിച്ചത് സാമ്രാജ്യം കൈവിട്ടുപോകും എന്ന ഭയമല്ലാതെ മറ്റെന്താണ്? ഗോള്‍ഡന്‍ ഗ്ലോബിനേയും ഓസ്‌കാറിനേയും തള്ളിപ്പറയുമ്പോള്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു ഓരോ വെള്ളിയാഴ്‌ചയും തീയറ്ററുകളിലേക്ക് ആര്‍ഭാ‍ടത്തോടെ കടന്നുവരുന്ന ഒരിന്ത്യന്‍ സിനിമയും എന്തുകൊണ്ട് ഈ അവാര്‍ഡുകളിലേക്ക് നിര്‍ദ്ദേശിക്കപ്പെടുന്നില്ല?

ഹോളിവുഡ് ചിത്രത്തിന് ചില വഴിക്കുന്ന തുകയേക്കാള്‍ തുക ചിലവഴിച്ചും പരസ്യം നടത്തിയും പോസ്റ്ററുകളും പാട്ടും ഡാന്‍സുമായി വരുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍ എന്ത് കൊണ്ട് ഓസ്കാറിന്റെ പടികയറുന്നില്ല. ഉത്തരം നിസ്സാരമാണ് താരരാജക്കന്മാരുടെ ആത്‌മരതികളും മസില്‍ വലുപ്പവും ഊതിപ്പെരുപ്പിച്ച ഇമേജുകളും ഫെറാറികാറുകളുമല്ല സിനിമയെന്നറിയുന്ന ഒരു ലോകം ഈ അതിര്‍ത്തികള്‍ക്കുമപ്പുറത്തുണ്ട്. അവര്‍ ജീവിതം കൊണ്ട് സിനിമ നിര്‍മ്മിക്കുന്നു. കാഴ്ചകളുടെ പൊലിമകളല്ല അതിന്റെ മുഴക്കങ്ങളാണ് സിനിമ എന്നവര്‍ തിരിച്ചറിയുന്നു. നമുക്ക് നഷ്ടമായതും അത് തന്നെ.

ഈ ആഘോഷങ്ങള്‍ ഉടന്‍ കെട്ടടങ്ങും. മസില് പെരുക്കുന്ന നായകനും അരക്കെട്ട് തുള്ളിച്ച് കളിക്കുന്ന നായികയുടെ പിറകെ നാം വീണ്ടും പോയിത്തുടങ്ങും. ഈ സിനിമയിലെ ഒരു രംഗത്തില്‍ ചിത്രീകരിച്ചിരിക്കും പോലും വിസര്‍ജ്ജ്യം നിറഞ്ഞ ചതുപ്പില്‍ നിന്ന് നമ്മള്‍ ഈ താരങ്ങളെ കാണാന്‍ ഓടിയെത്തും ഒരു വ്യത്യാസമെയുണ്ടാകൂ സിനിമയില്‍ ഓട്ടോഗ്രാഫ് നല്‍കി താരം മടങ്ങുന്നുവെങ്കില്‍ അവര്‍ സഞ്ചരിക്കുന്ന വഴിയില്‍ പോലും നമുക്ക് നില്‍ക്കാന്‍ കഴിയില്ല എന്നത് മാത്രം.