സുനന്ദ പുഷ്കറിന്റേത് ആത്മഹത്യയായാലും കൊലപാതകമായാലും തരൂര്‍ അറസ്റ്റിലാകും?

ചൊവ്വ, 21 ജനുവരി 2014 (15:24 IST)
PTI
PTI
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ? ദുരൂഹതകളുടെ ചുരുളഴിയുന്നതും കാത്തിരിക്കുകയാണ് ഏവരും. സുനന്ദയുടെ മരണം ആത്മഹത്യയായാലും കൊലപാതകമായാലും തരൂര്‍ നിയമക്കുരുക്കിലാകും എന്ന് ഉറപ്പാണ്.

അടുത്ത പേജില്‍- തരൂരിനെ കാത്തിരിക്കുന്നത് ഗുരുതര കേസുകള്‍

PTI
PTI
ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണം ആത്മഹത്യയാകാമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ എയിംസിലെ ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കുന്നുണ്ട്. വിഷാദരോഗത്തിനുള്ള അല്‍പ്രാക്‌സ്‌ എന്ന ഗുളിക 27 എണ്ണമെങ്കിലും സുനന്ദ കഴിച്ചിരുന്നുവെന്നും ഇത് മരണകാരണമാകാമെന്നും രാസപരിശോധനാ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കുന്നു. പക്ഷേ വിവാഹം കഴിഞ്ഞ്‌ ഏഴു വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ അസ്വാഭാവികമരണം സംഭവിച്ചാല്‍ ഭര്‍ത്താവ്‌ നിയമ നടപടികള്‍ നേരിടേണ്ടിവരും. ഇത് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി തരൂരിനെതിരെ കേസെടുക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഗാര്‍ഹിക പീഡന നിരോധനനിയമപ്രകാരവും തരൂരിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തേക്കും എന്നും സൂചനകള്‍ ഉണ്ട്.

അടുത്ത പേജില്‍- സുനന്ദ തരൂരിനെ ശത്രുവായി കണ്ടത് എന്തിന് ?

PTI
PTI
തരൂരിനും സുനന്ദയ്ക്കുമിടയില്‍ മാസങ്ങളായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന‍. മയക്കുമരുന്ന് കേസില്‍ സുനന്ദയുടെ മകനെ ദുബായില്‍ പൊലീസ് അറസ്റ്റുചെയ്തതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. തന്റെ സ്വാധീനം ഉപയോഗിച്ച് മകനെ മോചിപ്പിക്കാന്‍ തരൂര്‍ തയ്യാറാകാതിരുന്നത് സുനന്ദയെ പ്രകോപിതയാക്കി. ഇതോടൊപ്പം പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുള്ള ബന്ധവും സുനന്ദയ്ക്ക് താങ്ങാനാവുന്നതായിരുന്നില്ല. തരൂര്‍ മെഹറുമായി പ്രണയത്തിലാണെന്ന് സുനന്ദ പരസ്യമായി പറഞ്ഞു. മെഹറുമായി യാതൊരു ബന്ധവും പാടില്ലെന്ന് സുനന്ദ തരൂരിനോട് കര്‍ശനമായി പറഞ്ഞിരുന്നു.

അടുത്ത പേജില്‍- ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്നുകിടന്നത് കൊലപാതക സാധ്യത വര്‍ധിപ്പിക്കുന്നു

PTI
PTI
കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ വിമാനത്തില്‍ വച്ചും മറ്റ് പൊതുസ്ഥലങ്ങളില്‍ വച്ചും ഇവര്‍ വഴക്കിട്ടു. മരിക്കുന്നതിന്റെ തലേന്ന് സുനന്ദ തരൂരുമായി വഴക്കിട്ടിരുന്നതായി സുനന്ദയുടെ സംരക്ഷണച്ചുമതലയുള്ള ജീവനക്കാര്‍ സബ്ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. തലേന്ന് പുലര്‍ച്ചെവരെ തരൂരുമായി സുനന്ദ വഴക്കിട്ടു. മെഹര്‍ തരാറുമായുള്ള ബന്ധത്തെച്ചൊല്ലിയായിരുന്നു വഴക്ക്.

ഹോട്ടല്‍ ലീലയിലെ സുനന്ദ താമസിച്ച കിടപ്പുമുറിയുടെ വാതില്‍ അടച്ചനിലയില്‍ ആയിരുന്നു എന്നും ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണു തരൂര്‍ മുറി തുറന്നതെന്നും തരൂരിന്റെ സഹായികള്‍ മൊഴി നല്‍കിയിരുന്നു. പക്ഷേ സുനന്ദയും തരൂരും താമസിച്ചിരുന്ന മുറിയുടെ വാതില്‍ അടച്ചിരുന്നില്ലെന്ന്‌ മജിസ്‌ട്രേറ്റ്‌ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കൊലപാതക സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന കാര്യമാണിത്.


അടുത്ത പേജില്‍- തരൂരിന്റെ അറസ്റ്റ് ഉടന്‍?

PTI
PTI
മാത്രമല്ല മരണത്തിന് മുമ്പ് പിടിവലികള്‍ നടന്നിരുന്നു എന്നും സുനന്ദയുടെ ശരീരത്തില്‍ ഒരു ഡസണിലേറെ മുറിവുകള്‍ ഉണ്ടായിരുന്നു എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തരൂരും സുനന്ദയും തമ്മിലുണ്ടായ വഴക്കിനിടെ മുറിവേറ്റതാകാം എന്നാണ് കരുതപ്പെടുന്നത്. ഭാരം കുറഞ്ഞ വസ്‌തുകൊണ്ട്‌ അടിച്ചതാകാം എന്നാണ് സൂചന. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണിത്.

സുനന്ദ ആത്മഹത്യ ചെയ്‌തതാണെന്ന്‌ മജിസ്‌ട്രേറ്റ്‌ ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട്‌ നല്‍കിയാല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യും. മറിച്ച് കൊലപാതക സാധ്യതയാണെങ്കില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണ്ടിവരും. രണ്ടും തരൂരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങളാണ്. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ അദ്ദേഹം നേരിടേണ്ടി വന്നേക്കാം.

വെബ്ദുനിയ വായിക്കുക