ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ലോകമെങ്ങും ബോധവത്കരണവും പ്രതിഷേധവും വര്‍ദ്ധിച്ചു വരുന്നു. എന്നിട്ടും ലഹരി വസ്തുക്കളുടെ ഉല്പാദനവും ഉപഭോഗവും കുറയുന്നില്ല എന്നതാണ് സത്യം.
കേരളത്തിലെ കാര്യം തന്നെയെടുക്കാം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ എല്ലാവരും ഘോരഘോരം പ്രസംഗിക്കും. ഫേസ്ബുക്കിലൂടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് ശൂരത്വം കാണിക്കും. എന്നാല്‍ പ്രവര്‍ത്തിയില്‍ ഇതൊന്നും കാണില്ലെന്ന് മാത്രമല്ല പ്രവര്‍ത്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. 418 ബാറുകള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ എത്രയധികം പ്രതിഷേധമാണുയരുന്നത്? ബാറുകള്‍ തുറന്നുകിടക്കുന്നതിനേക്കാള്‍ ഭൂരിപക്ഷം മലയാളികള്‍ക്കിഷ്ടം ബാറുകള്‍ അടഞ്ഞുകിടക്കുന്നതാണ് എന്നത് ഭരണാധികാരികള്‍ പോലും മനസിലാക്കുന്നില്ല.
വി എം സുധീരന്‍ എന്ന കെ പി സി സി അധ്യക്ഷന്‍റെ ദൃഢനിശ്ചയത്തിന് മുന്നിലാണ് ഇന്ന് 418 ബാറുകള്‍ പൂട്ടിക്കിടക്കുന്നത്. അദ്ദേഹത്തിന്‍റെ ശക്തമായ നിലപാടില്ലായിരുന്നെങ്കില്‍ നിലവാരമില്ലാത്ത അത്രയും ബാറുകള്‍ കൂടി കേരളത്തിലെ കുടുംബങ്ങളില്‍ കണ്ണീര്‍ വിതയ്ക്കുമായിരുന്നു. അത്രയും ബാറുകള്‍ അടഞ്ഞുകിടക്കുന്നതുകൊണ്ട് വ്യാജമദ്യം ഒഴുകുമെന്നാണ് എതിര്‍വാദം. ആ വാദത്തില്‍ കഴമ്പില്ലെന്ന് പറയാന്‍ പറ്റില്ല. പക്ഷേ അതിനല്ലേ ഇവിടൊരു സര്‍ക്കാരുള്ളത്. ഇച്ഛാശക്തിയും കാര്യപ്രാപ്തിയുമുള്ള ഒരു സര്‍ക്കാരിന് മുന്നില്‍ ഒരു വ്യാജമദ്യലോബിക്കും ഒന്നും ചെയ്യാന്‍ കഴിയില്ല.
മയക്കു മരുന്നുകളുടെ ഉപയോഗം ശരീരത്തേയും മനസ്സിനേയും അങ്ങനെ ജീവിതത്തേയും ബാധിക്കുന്നു. ഉന്മേഷത്തിനായി കഴിക്കുന്ന ഇത്തരം ദോഷവസ്തുക്കള് വാസ്തവത്തില്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനം തളര്‍ത്തുന്നു, ആവേശം കെടുത്തുന്നു. ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കുകയാണ് ബോധവത്കരണത്തേക്കാള്‍ ഗുണം ചെയ്യുക. അപ്പോള്‍ വ്യാജന്മാര്‍ വരും, കള്ളക്കടത്ത് വര്‍ദ്ധിക്കും എന്നീ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയേണ്ടതുണ്ട്.
മയക്കു മരുന്നുകള്‍ മുറുക്കാന്‍ കടകളില്‍ മനോഹരമായ വാക്കുകളില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു എന്നതാണ് കേരളത്തിലെ അവസ്ഥ. പുരുഷന്മാരും കുട്ടികളും സ്ത്രീകളും ഇന്ന് മയക്കു മരുന്നുകള്‍ക്ക് അടിമകളാണ്. ഇവരുടെ സംഖ്യ ഏറിവരുകയുമാണ്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. നമ്മുടെ പല ടി വി ചാനലുകളും അക്കാര്യം തെളിവുകള്‍ സഹിതം നമുക്കുമുമ്പില്‍ എത്തിച്ച് തന്നിട്ടുമുണ്ട്.
സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വ്യാപാരത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. ആ നടപടികള്‍ വിശ്രമമില്ലാതെ തുടര്‍ന്നാല്‍ കേരളത്തെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയും എന്നതില്‍ തര്‍ക്കമൊന്നുമില്ല.