സഞ്ജു ബാബ വീണ്ടും ജയിലിലേക്ക്!

വ്യാഴം, 21 മാര്‍ച്ച് 2013 (12:44 IST)
PTI
ബോളിവുഡിന്‍റെ സഞ്ജു ബാബ എന്ന സഞ്ജയ് ദത്ത് വീണ്ടും ഇരുമ്പഴികള്‍ക്കുള്ളിലേക്ക്. 1993ലെ മുംബൈ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജയ് ദത്തിന് അഞ്ചുവര്‍ഷം തടവ് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. നിലവില്‍ 18 മാസത്തെ തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞ സഞ്ജയ് ദത്ത് ഇനി മൂന്നര വര്‍ഷത്തെ തടവ് ശിക്ഷ കൂടി അനുഭവിക്കണം.

2006ലെ ടാഡ കോടതി വിധിയില്‍ സഞ്ജയ് ദത്തിന് ആറുവര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരുന്നത്. പതിനെട്ട് മാസം തടവുശിക്ഷ അനുഭവിച്ച സഞ്ജയ് ദത്തിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറുവര്‍ഷം എന്നത് ഇപ്പോള്‍ അഞ്ചുവര്‍ഷമാക്കി സുപ്രീംകോടതി നിജപ്പെടുത്തിയ സാഹചര്യത്തിലാണ് ഇനി മൂന്നരവര്‍ഷത്തെ ജയില്‍‌വാസം കൂടി സഞ്ജയ് ദത്തിന് അനുഭവിക്കേണ്ടിവരുന്നത്.

1993 മാര്‍ച്ച് 12ന് മുംബൈയില്‍ നരിമാന്‍ പോയിന്‍റ് ഉള്‍പ്പടെയുള്ള തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ സ്ഫോടനം നടന്നതുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്തിനെതിരെ കേസുള്ളത്. അനധികൃതമായി ആയുധം കൈവശം വച്ചു എന്നതാണ് സഞ്ജയ് ദത്തിനെതിരായ കുറ്റം.

എ കെ 56, 9 എം എം റൈഫിള്‍ എന്നിവയാണ് അക്കാലത്ത് സഞ്ജയ് ദത്തിന്‍റെ പക്കല്‍ നിന്ന് കണ്ടെത്തിയത്. ഇത് പാകിസ്ഥാനില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന രീതിയിലുള്ള ആയുധങ്ങളായിരുന്നു. എന്നാല്‍ താന്‍ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചിട്ടില്ല എന്നാണ് സഞ്ജയ് ദത്ത് കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

സ്ഫോടന പരമ്പരയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. എഴുനൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്. കേസിലെ മുഖ്യപ്രതിയായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമന്‍റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. മറ്റ് 10 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തു.

അതേസമയം, കേസിലെ പല പ്രധാന പ്രതികളും പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണെന്ന ആരോപണം ശക്തമാണ്. ടൈഗര്‍ മേമന്‍ പേര് മാറ്റി പാകിസ്ഥാനില്‍ കഴിയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ തൊടാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.

വെബ്ദുനിയ വായിക്കുക