ശരണ്യയും ഹൃത്വികയും ആത്മഹത്യ ചെയ്തതോ കൊലപാതകമോ? ഇരുവരും ലൈംഗികചൂഷണത്തിനിരയായതായി സംശയം; ജനം ഭീതിയില്‍

തിങ്കള്‍, 6 മാര്‍ച്ച് 2017 (19:55 IST)
വാളയാര്‍ അട്ടപ്പളളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. 52 ദിവസത്തെ ഇടവേളയിലാണ് രണ്ടുപേരും ഒരേ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശെല്‍വപുരം ഷാജി - ഭാഗ്യം ദമ്പതികളുടെ ഇളയമകള്‍ ശരണ്യയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി 13നായിരുന്നു ശരണ്യയുടെ മൂത്ത സഹോദരി ഹൃത്വികയെ സമാനമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ഈ കുട്ടികള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഹൃത്വിക മരിച്ച സമയത്ത് അന്യരായ ചില ആളുകളുടെ സാന്നിധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു തെളിവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിച്ചിട്ടില്ല.
 
രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. മരണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായിട്ടില്ല എന്നത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന് മുമ്പ് പലപ്പോഴും ഈ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായതായി സംശയിക്കുന്നു. ഹൃത്വികയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. മൊബൈല്‍ ഫോണുകളും പരിശോധിച്ചുവരുന്നു.
 
കുട്ടികളുടെ ബന്ധുക്കളുമായും സഹപാഠികളുമായും പൊലീസ് ആശയവിനിമയം നടത്തുന്നുണ്ട്. ദിവസങ്ങളുടെ ഇടവേളയില്‍ ഒരു വീട്ടിലെ രണ്ടുപെണ്‍കുട്ടികള്‍ ഒരേ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക