വ്യാജപരസ്യം: ധാത്രി, ശ്രീധരീയം, ഇന്ദുലേഖ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

വെള്ളി, 11 മെയ് 2012 (17:41 IST)
PRO
PRO
ഉപഭോക്താക്കളെ വ്യാജപരസ്യം നല്‍കി കബളിപ്പിച്ച കേസില്‍ ധാത്രി, ശ്രീധരീയം, ഇന്ദുലേഖ എന്നീ കമ്പനികളുടെ ഉത്‌പന്നങ്ങള്‍ ഡ്രഗ്‌സ് കണ്‍‌ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്‌ഡിനൊടുവിലാണ് ഈ കമ്പനികളുടെ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ധാത്രി ഫെയര്‍ ക്രീം, ധാത്രി ഹെയര്‍ ഓയില്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍, ശ്രീധരീയം സ്മാര്‍ട്ട് ലീന്‍ എന്നീ ഉത്പന്നങ്ങള്‍ക്കായി കമ്പനികള്‍ വ്യാജപരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ചു എന്നാണ് കേസ്. സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയ ഉത്പന്നങ്ങളല്ല ഈ കമ്പനികള്‍ വിപണിയില്‍ ഇറക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

വ്യാജപരസ്യം നല്‍കി ഉപഭോക്താക്കളെ വഞ്ചിച്ചതിന് കേസെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തകാലത്തായി ഈ കമ്പനികള്‍ വന്‍ തോതിലാണ് ചാനലുകളിലും പത്രങ്ങളിലും പരസ്യങ്ങള്‍ നല്‍കിയിരുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച പരാതിയിന്മേല്‍ ആരോഗ്യവകുപ്പ് സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്നീ റെയ്ഡും നടപടികളും ഉണ്ടായത്.

മൂന്നു കമ്പനികളില്‍ നിന്നുമായി 51 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

വെബ്ദുനിയ വായിക്കുക