വിശുദ്ധ റംസാന് തുടക്കം; മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ നാളുകള്‍

ബുധന്‍, 10 ജൂലൈ 2013 (10:45 IST)
PRO
PRO
നോമ്പിന്റെ വിശുദ്ധിയില്‍ റംസാന് തുടക്കമായി. ഇനി ഒരു മാസം ഇസ്ലാം മതവിശ്വാസികള്‍ക്ക് ആത്മസമര്‍പ്പണത്തിന്റെ നാളുകള്‍. എല്ലാ മാസങ്ങളിലും വച്ച് ഏറ്റവും പരിശുദ്ധമായി റംസാന്‍ മാസത്തെ കണക്കാക്കുന്നു.

മാനവരാശിക്ക് ഖുര്‍ ആന്‍ വെളിപ്പെട്ട പുണ്യമാസം. മതസൗഹാര്‍ദ്ദത്തിന്റെയും പാരസ്പര്യത്തിന്‍റെയും നന്മ വെളിപ്പെടുന്ന മാസമായാണ് വിശുദ്ധ റംസാനെ വിശ്വാസികള്‍ കാണുന്നത്. ആത്മീയപരമായ ഉന്നതി കൂടിയാണ് വ്രതത്തിലൂടെ ലക്ഷ്യമാക്കുന്നത്.

റംസാന്‍ നോമ്പുകാലത്ത് വിശ്വാസികള്‍ പുലര്‍ച്ചെ അത്താഴത്തിനായി ഉണരും. പിന്നീട് ബാങ്ക് വിളികള്‍ക്കൊപ്പം പ്രാര്‍ഥനയും നിസ്കാരവും. തുടര്‍ന്ന് പകല്‍ മുഴുവന്‍ ഉമിനീര്‍ പോലുമിറക്കാതെ വ്രതം. സകല വികാരങ്ങളെയും നിയന്ത്രിക്കുന്നു. ഖുര്‍ ആന്‍ പാരായണവും ദാനധര്‍മ്മങ്ങളും കൊണ്ട് പകല്‍ കഴിക്കുന്നു. വൈകിട്ട് മഗ്‍രിബ് ബാങ്ക് കൊടുക്കുമ്പോള്‍ സമൃദ്ധമായ വിഭവങ്ങളോടെ നോമ്പ്മുറിക്കല്‍. കഠിനവ്രതത്തിന്റെ 30 ദിവസം കഴിഞ്ഞ് റംസാന്‍ മാസപ്പിറവി കണ്ടെന്ന് മഹല്ല് ഖാസികളുടെ അറിയിപ്പ് കിട്ടിക്കഴിഞ്ഞാല്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങും. പിന്നെ പ്രാര്‍ഥനയോടെ ചെറിയ പെരുന്നാള്‍ ആഘോഷങ്ങളിലേക്ക്.

ക്ഷമ, കര്‍ത്തവ്യബോധം, ഐഹികവികാരങ്ങളിലുള്ള നിയന്ത്രണം ഇവയൊക്കെ റംസാന്‍ മാസത്തിലെ തപശ്ഛര്യകളില്‍ പെടുന്നു. "തറാവീഹ്' എന്നറിയപ്പെടുന്ന ദൈര്‍ഘ്യമേറിയ നമസ്കാരം റംസാന്‍ മാസത്തിലാണ്. ചില നമസ്കാരങ്ങള്‍ 20 ഘട്ടങ്ങള്‍ വരെ നീളുന്നു.

പെരുന്നാളിന് പുത്തനുടുപ്പുകളണിയുന്നു. വിശിഷ്ടങ്ങളായ പലഹാരങ്ങളുണ്ടാക്കും. രാവിലെ ജുമഅ പള്ളികളില്‍ വച്ചോ, പ്രത്യേകം സജ്ജമാക്കപ്പെട്ട ഈദ്ഗാഹില്‍ വച്ചോ പ്രത്യേക നമസ്കാരമുണ്ടാകും. പിന്നീട് ഇമാമിന്‍റെ പ്രഭാഷണം. അത് കഴിഞ്ഞ് വിശേഷമായ വിരുന്ന്.

പ്രവാചകനിലൂടെ അള്ളാഹു വിശ്വാസികള്‍ക്ക് നല്‍കിയ പുണ്യമാസം: അടുത്ത പേജില്‍


PRO
PRO
റംസാനെക്കുറിച്ച് ഖുര്‍ ആന്‍ പരാമര്‍ശം ഇങ്ങനെ: പരമ കാരുണ്യവാനായ ദൈവം തന്‍റെ ദാസന്‍മാരായ മനുഷ്യ വംശത്തിനായി സൃഷ്ടിച്ചതാണ് ഈ മനോഹര ഭൂമി. അവന് ജീവിക്കാ‍നാവശ്യമായ എല്ലാ വസ്തുക്കളും ഇവിടെ ഒരുക്കപ്പെട്ടു. ഈ സാദ്ധ്യതകളെയെല്ലാം ഉപയോഗിച്ച് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുക എന്നതായിരുന്നു മനുഷ്യന്റെ കടമ.

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ മനുഷ്യനില്‍ ഉറങ്ങിക്കിടന്ന അധര്‍മ്മ ചിന്തകള്‍ മെല്ലെ മെല്ലെ പുറത്തു വന്നു തുടങ്ങി. താന്‍ സൃഷ്ടിച്ച മനുഷ്യ കുലം അസത്യത്തിന്റെ വഴികളിലേക്ക് നീങ്ങുന്നത് മനസ്സിലാക്കിയ ദൈവം മുഹമ്മദ് നബിയെ ദൂതനായി തെരഞ്ഞെടുത്തു. നശിച്ചു കൊണ്ടിരിക്കുന്ന ധര്‍മ്മ ചിന്തകളെ മനുഷ്യ മനസിലേക്ക് തിരികെയെത്തിക്കാന്‍ മഹാനായ നബി തിരുമേനി നിയോഗിക്കപ്പെട്ടു.

പ്രവാചകന്‍ ഖുര്‍ ആനിലൂടെ സര്‍വ ശക്തനായ ദൈവത്തിന്റെ ഉപദേശങ്ങള്‍ ജനങ്ങളില്‍ എത്തിച്ചു. അങ്ങനെ ഉപദേശിക്കപ്പെട്ട അനുഷ്ഠാനമാണ് റംസാന്‍ വ്രതം. മനുഷ്യന് നന്മയിലേക്കും, സത്യത്തിലേക്കും മടങ്ങിവരാനുള്ള വഴിയാണ് റംസാന്‍ വ്രതം. ഒരു മാസം നീളുന്ന വ്രതത്തിലൂടെ എല്ലാവിധ ദുഷ്ചിന്തകളില്‍ നിന്നും മോചനം നേടുന്നു.

വിശപ്പിനെ അതിജീവിച്ച് മുന്നേറുക എന്നത് ഏറെ ശ്രമകരമാണ്. അതിനുമേല്‍ നിയന്ത്രണം നേടാനാവുന്ന മനുഷ്യന് അവന്റെ മനസിനേയും നിയന്ത്രിക്കാന്‍ കഴിയും. അങ്ങനെ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും മേലുള്ള പൂര്‍ണ നിയന്ത്രണമാണ് റംസാന്‍ വ്രതാനുഷ്ഠാനത്തിലൂടെ നാം നേടിയെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക