വിഎസ് ആളിക്കത്തുകയാണ്, തെരഞ്ഞെടുപ്പിനു ശേഷം എന്ത് ?

വ്യാഴം, 20 ജനുവരി 2011 (17:56 IST)
PRO
അവസാനിക്കാനാകുമ്പോള്‍ ആളിക്കത്തുമെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലിനെന്താ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാര്യമെന്ന് ചോദിക്കാന്‍ വരട്ടെ. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ കണ്ടാല്‍ ഇതല്ല ഇതില്‍ കൂടുതല്‍ പഴഞ്ചൊല്ലുകള്‍ മനസ്സില്‍ വരും. കഴിഞ്ഞ നാലര വര്‍ഷമായി പാര്‍ട്ടിയിലും മന്ത്രിസഭയിലും ഒരു തരത്തിലുള്ള ഒറ്റയാള്‍ പോരാട്ടം നടത്തുന്ന വി എസ് ശക്തനായ ഒരു മുഖ്യമന്ത്രിയാകാനുള്ള ശ്രമമാണോ ഇപ്പോള്‍ നടത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം അവശേഷിക്കെ മുമ്പത്തെക്കാള്‍ ശക്തമായി വി എസ് തന്‍റെ നിലപാടുകള്‍ പ്രസ്താവനകളിലൂടെ കൂടുതല്‍ ശക്തമാക്കി കൊണ്ടിരിക്കുകയാണ്. കേരളം കഴിഞ്ഞദിവസങ്ങളില്‍ കണ്ടതും ഇനി കാണാന്‍ പോകുന്നതും ചിലപ്പോള്‍ ഇതായിരിക്കും. കൊല്‍ക്കത്തയില്‍ നടന്ന സി പി എം പോളിറ്റ് ബ്യൂറോയില്‍ വി എസിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അന്നുമുതല്‍ വി എസ് കൂടുതല്‍ ഏകാധിപതി ആയിരിക്കുകയാണോ ?

ഇന്നും നാളെയുമായി തിരുവനന്തപുരത്ത് സി പി എമ്മിന്‍റെ സംസ്ഥാനസെക്രട്ടേറിയേറ്റ് നടക്കുകയാണ്. മറ്റു വിവാദങ്ങളെക്കാള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുകയും തീരുമാനത്തിലെത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നത് വി എസിന്‍റെ കാര്യത്തിലായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിക്കുള്ളിലെയും മുന്നണിക്കുള്ളിലെയും കൊടുങ്കാറ്റും ബഹളവും ശമിപ്പിക്കാനായിരിക്കും സെക്രട്ടേറിയേറ്റ് ശ്രമിക്കുക. മറ്റു വിവാദങ്ങളെക്കാള്‍ മുഖ്യമന്ത്രി ശ്രദ്ധാകാര്യമാകുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള വി എസിനെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആദ്യം വി എസിന് സീറ്റു നിഷേധിച്ചിരുന്നു. എന്നാല്‍, പ്രഗല്‍ഭനും ശക്തനുമായ വി എസ് എന്ന പ്രതിപക്ഷനേതാവിനെ കണ്ടു പരിചയിച്ച ജനങ്ങള്‍ മുഖ്യമന്ത്രിക്കസേരയില്‍ അദ്ദേഹത്തെ സ്വപ്നം കണ്ടു. വി എസിന് സീറ്റു വേണമെന്ന് അവര്‍ തെരുവില്‍ അലമുറയിട്ട് വിളിച്ചു പറയുകയും ചെയ്തു. അതുപോലെ സംഭവിച്ചു. പക്ഷേ, അഞ്ചു വര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയെന്നായിരിക്കും ചരിത്രം പോലും വി എസിനെ വിശേഷിപ്പിക്കുക. പാര്‍ട്ടിക്കുള്ളിലും മന്ത്രിസഭയ്ക്കകത്തും തികച്ചും ഒറ്റയാള്‍ പോരാട്ടമായിരുന്നു വി എസ് നടത്തിയത്. പ്രതിപക്ഷനേതാവായപ്പോള്‍ പറഞ്ഞതൊന്നും മുഖ്യമന്ത്രിയായപ്പോള്‍ ഫലത്തില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അധികാരത്തിലേറിയ ഉടന്‍ തന്നെ വി എസ് നടത്തിയ മൂന്നാര്‍ ഓപ്പറേഷനിലൂടെ അദ്ദേഹത്തിന്‍റെ ഒറ്റപ്പെടലും തുടങ്ങി.

മൂന്നാര്‍ ഓപ്പറേഷന്‍ പാര്‍ട്ടിക്ക് പൊള്ളിത്തുടങ്ങിയതോടെ വി എസിന്‍റെ ഒറ്റപ്പെടല്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് പല വിവാദങ്ങളിലും വി എസും പാര്‍ട്ടിയും വി എസും മന്ത്രിസഭയും രണ്ടു തട്ടിലായിരുന്നു. ലാവ്‌ലിന്‍, എച്ച് എം ടി, കിനാലൂര്‍, ഗോള്‍ഫ് ക്ലബ്, ലോട്ടറി, ടോമിന്‍ ജെ തച്ചങ്കരി വിദേശയാത്രാവിവാദം, കെ ഇ എന്‍ - അഴീക്കോട് വിവാദം എന്നിവയിലെല്ലാം പാര്‍ട്ടിയില്‍ മുഖ്യമന്ത്രി ഒറ്റപ്പെട്ടു. രണ്ടുതവണ അദ്ദേഹം പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്തായി. ഇപ്പോള്‍ പാര്‍ട്ടിയുടെ ഉന്നതതലങ്ങളിലും വി എസ് ഒറ്റയ്ക്കാണ്.

അതായത് നിലവില്‍ എന്തെങ്കിലും അധികാ‍രം അദ്ദേഹത്തിന് ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രി കസേരയുടെ ബലത്തില്‍ മാത്രമുള്ള അധികാരമാണെന്ന് പറയേണ്ടിവരും. അതുകൊണ്ട് തന്നെ, ഭരണത്തിലിരിക്കുമ്പോള്‍ പാര്‍ട്ടിയെ പലതവണ ഒറ്റപ്പെടുത്തിയ വി എസിനെ ഭരണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പാര്‍ട്ടി എങ്ങനെ ‘ട്രീറ്റ്’ ചെയ്യും എന്നറിയാന്‍ രാഷ്ട്രീയകേരളം കാത്തിരിക്കുകയാണ്. തനിക്ക് അനുകൂലമല്ലാത്ത പലതും സംഭവിച്ചേക്കാം എന്ന മുന്‍വിധിയാകാം ഈ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരനെ ഇപ്പോള്‍ പല കടുത്ത പ്രസ്താവനകള്‍ക്കും പ്രേരിപ്പിക്കുന്നതും.

താന്‍ എന്തുനിലപാട് സ്വീകരിച്ചാലും അതിന്‍റെ വരുംവരായ്മകളെ ഒട്ടുമേ ഭയക്കുന്നില്ലെന്ന് വി എസ് ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ലോട്ടറിക്കേസിലും ലാവ്‌ലിന്‍ കേസിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള നിലപാടുകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പു വരാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുമായി ഒത്തുപോകാനുള്ള കര്‍ശനനിര്‍ദ്ദേശങ്ങള്‍ വി എസിന് നല്കാനായിരിക്കും നേതാക്കള്‍ ശ്രമിക്കുക. എന്നാല്‍, വി എസ് അതിനെ എത്രത്തോളം അംഗീകരിക്കുമെന്നത് തന്നെയാണ് നേതാക്കളെ ഇപ്പോള്‍ അലട്ടുന്ന മറ്റൊരു പ്രശ്നവും.

ലാവ്‌ലിന്‍ കേസ് ഇപ്പോള്‍ പൊതു അന്തരീക്ഷത്തില്‍ മങ്ങി നില്‍ക്കുന്ന സമയത്താണ് വി എസിന്‍റെ പുതിയ പ്രസ്താവന. ഇലക്ട്രിസിറ്റി ബോര്‍ഡിലെ തൊഴിലാളികളെ സംഘടിപ്പിക്കുമ്പോള്‍ തന്നെ, ആ രംഗത്തുണ്ടായ അഴിമതികള്‍ തുറന്നുകാട്ടിയ നേതാവായിരുന്നു ഇ ബാലാനന്ദനെന്ന് വി എസ് കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു. ലാവ്‌ലിന്‍ കേസില്‍ ആദ്യം മുതല്‍ തന്നെ പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കുന്ന നടപടിയായിരുന്നു വി എസ് സ്വീകരിച്ചിരുന്നത്. അതിന് ഇനി ഏറെ മാറ്റമൊന്നും വരുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതുമില്ല. അതിനുള്ള ഉച്ചത്തിലുള്ള തെളിവാണ് വി എസിന്റെ പ്രസ്താവന.

ലോട്ടറിവിഷയത്തില്‍ തോമസ് ഐസക്കും വി എസും തമ്മില്‍ നടന്ന ‘താന്‍’ വിളിയും നമ്മളെല്ലാവരും വായിച്ചറിഞ്ഞതാണ്. അതിനു പിന്നാലെയായിരുന്നു കഴിഞ്ഞ ആഴ്ച ലോട്ടറിവിഷയത്തില്‍ വി എസ് നിലപാട് വ്യക്തമാക്കിയതും. വി എസ്‌ സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം മാര്‍ട്ടിന്‍റെ കൊള്ളയടി നടക്കില്ലെന്നായിരുന്നു അരയും തലയും മുറുക്കി അദ്ദേഹം പറഞ്ഞത്. മാര്‍ട്ടിനെ പോലുള്ള കള്ളന്മാരെ ഒതുക്കുന്നതിന്‌ തന്‍റെ പാര്‍ട്ടി എതിരാണെന്ന്‌ നിങ്ങളെപ്പോലുള്ളവര്‍ അല്ലാതെ ആരും പറയില്ലെന്നും തന്‍റെ പാര്‍ട്ടി മാര്‍ട്ടിന്‍റെ കൊള്ളയടിക്ക്‌ കൂട്ടുനില്‍ക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് വികാരവിക്ഷോഭനായി അദ്ദേഹം പറഞ്ഞു. പക്ഷേ, പാര്‍ട്ടിയെ കൂട്ടുപിടിക്കാനുള്ള വി എസിന്റെ ശ്രമം വെറുതെയാണെന്ന് ഇവിടുത്തെ കൊച്ചുകുട്ടിക്ക് പോലും അറിയാം.

പെണ്‍വാണിഭക്കാരെ ഈ സര്‍ക്കാരിന്‍റെ കാലാവധി തീരുന്നതിനു മുമ്പ് തന്നെ തെരുവില്‍ കൂടി കൈയാമം വച്ച് നടത്തുമെന്നും കഴിഞ്ഞയിടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. അധികാരത്തിലേറുന്നതിനു മുമ്പ് ഇതേ വാചകം പറഞ്ഞാണ് ജനങ്ങളുടെ മനസ്സിനെ വി എസ് വോട്ടാക്കി മാറ്റിയത്. എന്നാല്‍, വര്‍ഷം അഞ്ചു കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു ചെറുവിരല്‍ പോലുമനക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാതിരുന്നത് ജനങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നുമാസം കൊണ്ട് വിശ്വാസം തിരിച്ചു പിടിക്കാനാണോ വി എസ് ശ്രമിക്കുക? അഞ്ചുവര്‍ഷം കൊണ്ട് നടക്കാത്തത് ഇനിയുള്ള ഏതാനും ദിവസങ്ങള്‍ കൊണ്ട് നടത്താന്‍ കഴിയുമോ?

വെബ്ദുനിയ വായിക്കുക