ലിജിയെ ചികിത്സിച്ചതിലും ദുരൂഹത

ബുധന്‍, 27 ജൂണ്‍ 2012 (11:34 IST)
PRO
PRO
പീഡനശ്രമം ചെറുക്കുന്നതിനിടെ ബൈക്ക് ഇടിച്ചുവീഴ്ത്തിയതിനെ തുടര്‍ന്ന് പരുക്കേറ്റ് മരണത്തിന് കീഴടങ്ങിയ ലിജിയുടെ ചികിത്സ സംബന്ധിച്ചും ദുരൂഹതകള്‍ വര്‍ധിക്കുന്നു. വര്‍ക്കല മുണ്ടയില്‍ പഴവിള വീട്ടില്‍ ജയ‍ന്‍റ മകള്‍ ലിജി(19) തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവ് സംഭവിച്ചു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഒരു അജ്ഞാത യുവാവ് ലിജിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പരുക്കേറ്റ ലിജിയെ നാട്ടുകാര്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ മെഡിക്കല്‍ കോളജില്‍ വച്ച് ലിജി മരിച്ചു. മെഡിക്കല്‍ കോളജില്‍ എത്തിച്ചതിന്റെ മൂന്നാം ദിവസം, കാലിലെയും തുടയിലെയും പൊട്ടലുകള്‍ നേരെയാക്കാന്‍ ലിജിക്ക് ശസ്ത്രക്രിയ നടത്തി എന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. എന്നാല്‍ ശസ്ത്രക്രിയ നടന്നിട്ടില്ലെന്ന് ബന്ധുക്കള്‍ വാദിക്കുന്നു. ഓപ്പറേഷന്‍ തീയേറ്ററില്‍ കയറ്റി അരമണിക്കൂറിനകം തന്നെ ലിജിയെ പുറത്തുകൊണ്ടുവന്നു എന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് ശസ്ത്രക്രിയയ്ക്കായി 6,000 രൂപ വില വരുന്ന സാധനങ്ങളാണ് ബന്ധുക്കള്‍ വാങ്ങി നല്‍കിയത്. പഞ്ഞി, കമ്പി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന് ലിജിയെ പുറത്തുകൊണ്ടുവന്ന ശേഷം ആശുപത്രി അധികൃതര്‍ കമ്പി ഒഴികെയുള്ള മറ്റ് സാ‍ധനങ്ങളെല്ലാം തിരികെ നല്‍കി. ഇതേക്കുറിച്ചാണ് ദുരൂഹത തുടരുന്നത്.

ലിജി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തി എന്നാരോപിച്ച്, ലിജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പൊലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആശുപത്രി അധികൃതരെക്കുറിച്ചു ആരോപണം ഉയര്‍ന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക