‘ആര്‍ക്ക് തല്ലുകൊണ്ടാലും കുറ്റം കോവാലനാ’ണെന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും വീടുകളിലും ഓഫീസുകളിലുമാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ കിടക്കപ്പൊറുതിയില്ലാത്തതോ ബിഗ്സ്റ്റാര്‍ പൃഥ്വിരാജിനും.
മമ്മൂട്ടിയും ലാലും ആദായനികുതി ഉദ്യോഗസ്ഥരുടെ വലയില്‍ കുടുങ്ങിയ അന്നുമുതല്‍ മൊബൈലുകളിലൂടെ പ്രചരിക്കുന്ന എസ് എം എസ് സന്ദേശങ്ങളില്‍ പ്രധാനതാരം പൃഥ്വിരാജാണ്.
“എന്‍റെ വീട്ടിലും റെയ്ഡ് നടത്തണം. ഞാനും ഒരു സൂപ്പര്‍സ്റ്റാറാണ് - പൃഥ്വിരാജ്”
“ബ്രേക്കിംഗ് ന്യൂസ്: സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്‍റെ വീട്ടില്‍ റെയ്ഡ്. സ്വന്തം സിനിമയുടെ ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ പിടിച്ചെടുത്തു”
ഇങ്ങനെ പോകുന്നു പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി പരക്കുന്ന എസ് എം എസുകള്‍. അതേസമയം മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ആരാധകര്‍ എസ് എം എസുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയും തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന തിരക്കിലാണ്.
മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത സംഭവത്തോട് ഒരു ആരാധകന്‍റെ പ്രതികരണം - “സിംഹത്തിന്‍റെ മടയിലേ ആനക്കൊമ്പ് കിട്ടൂ”. കോടികള്‍ പ്രതിഫലം വാങ്ങുന്ന മമ്മൂട്ടിയുടെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപയുടെ കറന്‍സി കണ്ടെത്തിയത് അത്ര കാര്യമാക്കാനുണ്ടോ എന്നാണ് മറ്റൊരു ആരാധകന്‍റെ ചോദ്യം.
മോഹന്‍ലാലിനെ വിമര്‍ശിക്കുന്ന സുകുമാര്‍ അഴീക്കോടിനെതിരെ ലാല്‍ ആരാധകര്‍ ഫേസ്ബുക്കിലും മറ്റും കമന്‍റുകള്‍ എഴുതി നിറയ്ക്കുകയാണ്. തമിഴ് സിനിമാ മാഫിയയാണ് മമ്മുക്കയെയും ലാലേട്ടനെയും കുടുക്കിയതെന്ന് സഹതപിക്കുന്നവരും കുറവല്ല.