നെഹ്രു-ഗാന്ധി കുടുംബത്തിന്റെ പിന്‍മുറക്കാരനും ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ തിളങ്ങുന്ന താരവുമായ രാഹുല്‍ ഗാന്ധിയെ രാജ്യത്തെ ഏറ്റവും പ്രശസ്ത വ്യക്തിത്വമായി വെബ്‌ദുനിയ വായനക്കാര്‍ തെരഞ്ഞെടുത്തു. ഒമ്പത് ഭാഷകളിലായാണ് വെബ്‌ദുനിയ ഓണ്‍ലൈന്‍ സര്‍വെ-2009 നടത്തിയത്.
ബോളിവുഡ് നായകന്‍ അമിതാഭ് ബച്ചനെ പിന്തള്ളിയാണ് രാഹുല്‍ ഒന്നാമത് എത്തിയത്. ലോകത്തിലെ ഏറ്റവും പ്രശസ്ത വ്യക്തിത്വമായി ബരാക് ഒബാമയെ വായനക്കാര്‍ തെരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവെന്ന ബഹുമതി ലഭിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കാണ്. സോണിയ ഗാന്ധിയെ ആണ് രാജ്യത്തെ ഏറ്റവും മികച്ച വനിതാ രാഷ്ട്രീയ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.
വെബ്ദുനിയ സര്‍വെ-2009 ഐശ്വര്യ റായിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച നടനെന്ന ബഹുമതി അക്ഷയ് കുമാറാണ് സ്വന്തമാക്കിയത്. ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ ലൈന്‍ സര്‍വെ നടത്തിയത് എന്ന് വെബ്‌ദുനിയ സിഇഒ പങ്കജ് ജെയിന്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പാവങ്ങളുടെ കൂരകളില്‍ അന്തിയുറങ്ങാന്‍ മടികാട്ടാഞ്ഞ രാഹുല്‍ ഗാന്ധി യുവാക്കളുടെയും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും മനംകവര്‍ന്നു എന്നാണ് സര്‍വെ ഫലം തെളിയിക്കുന്നത്. രാഹുലിന് 29.11% വോട്ട് ലഭിച്ചപ്പോള്‍ അമിതാഭിന് 25.11% വോട്ടും ധോണിക്ക് 17.81% വോട്ടും സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് 12.27% വോട്ടും ലഭിച്ചു.
ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തി: ലോകത്തെ പ്രശസ്തനായ വ്യക്തിയെ തെരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ 45.40 വോട്ടിന്റെ പിന്‍ബലത്തില്‍ ഒന്നാമതെത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 28.52 ശതമാനം വോട്ട് സ്വന്തമാക്കി രണ്ടാം സ്ഥാനത്തും എത്തി. യോഗാസനത്തിന് ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ജനപ്രിയതയും വെബ്‌ദുനിയ സര്‍വേയില്‍ വ്യക്തമായി. യോഗഗുരു രാംദേവ് 8.94 % വോട്ട് സ്വന്തമാക്കി മൂന്നാം സ്ഥാനത്ത് എത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കറാണ് പട്ടികയില്‍ അവസാനം. പാകിസ്ഥാന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെക്കാള്‍ കുറവ് വോട്ടു മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
അടുത്ത പേജില്‍ - അദ്വാനിയുടെ ജനപ്രിയതയ്ക്ക് മങ്ങല്‍
PTI
അദ്വാനിയുടെ ജനപ്രിയതയ്ക്ക് മങ്ങല്‍: ഇത്തവണ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപിയുടെ എല്‍കെ അദ്വാനിയുടെ ജനപ്രിയതയ്ക്ക് വന്‍ ഇടിവു സംഭവിച്ചു എന്ന് സര്‍വെ ഫലം തെളിയിക്കുന്നു. കഴിഞ്ഞ സര്‍വെയില്‍ രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ അദ്വാനിക്ക് ഇത്തവണ 3.97% വോട്ട് മാത്രമാണ് ലഭിച്ചത്. കരുണാനിധി അദ്വാനിക്ക് മുന്നിലെത്തി. നരേന്ദ്രമോഡിയാണ് ഒന്നാം സ്ഥാനത്ത്.
സോണിയ രാജ്യത്തെ പ്രശസ്ത വനിതാ വ്യക്തിത്വം: ബോളിവുഡ് താരം ഐശ്വര്യ റായിയെ പിന്തള്ളിയാണ് 47.75 % വോട്ടുകളുടെ പിന്‍ബലത്തില്‍ സോണിയ ഗാന്ധി രാജ്യത്തെ പ്രശസ്ത വനിതയെന്ന സ്ഥാനം സ്വന്തമാക്കിയത്. 19.51 ശതമാനം വോട്ട് ലഭിച്ച ആഷിന് രണ്ടാം സ്ഥാനമാണുള്ളത്. മായാവതിയും പ്രതിഭാ പാട്ടീലുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
അക്ഷയ് നായകന്‍: ബ്ലൂ, ചാന്ദ്നി ചൌക്ക് ടു ചൈന തുടങ്ങിയ ഒരു പിടി നല്ല ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ് കുമാറിനെയാണ് വെബ്‌ദുനിയ സര്‍വെ-2009 മികച്ച നായകനായി തെരഞ്ഞെടുത്തത്. അക്ഷയ് 37.80 % വോട്ട് സ്വന്തമാക്കി. ഷാരൂഖ് ഖാന്‍ 22.45 % വോട്ട് സ്വന്തമാക്കി രണ്ടാം സ്ഥാനത്തും 10.74 % വോട്ട് സ്വന്തമാക്കിയ ആമിര്‍ഖാന്‍ മൂന്നാം സ്ഥാനത്തും എത്തി.
ആഷിന്റെ മാസ്മരികത മങ്ങുന്നില്ല: 2009ല്‍ ഒരു ചിത്രം പോലുമില്ലാതിരുന്നിട്ടു കൂടി ഐശ്വര്യ റായ് ജനപ്രിയ നടിയായത് അവരുടെ മാസ്മരികതയ്ക്ക് അവസാനമില്ലെന്ന് വിളിച്ചോതുന്നു. ആഷിന് 51.30 % വോട്ടാണ് ലഭിച്ചത്. 24.12 % വോട്ട് സ്വന്തമാക്കി കത്രീന കൈഫ് രണ്ടാം സ്ഥാനത്തും 5.40 % വോട്ട് നേടി ദക്ഷിണേന്ത്യന്‍ നടി അസിന്‍ മൂന്നാം സ്ഥാനത്തും വന്നു.
ബിപ്സ് സെക്സിയസ്റ്റ്: 2009 ലെ സെക്സിയസ്റ്റ് നടിയായി ബംഗാളി സുന്ദരി ബിപാഷ ബസുവിനെയാണ് വെബ്‌ദുനിയ ഉപയോക്താക്കള്‍ തെരഞ്ഞെടുത്തത്. ബിപ്സ് 22.94% വോട്ട് നേടിയപ്പോള്‍ 20.73 % വോട്ട് നേടി ലാറ ദത്ത രണ്ടാമതെത്തി. 19.48 % വോട്ട് നേടിയ മല്ലികാ ഷെരാവത്താണ് ഉപയോക്താക്കള്‍ തെരഞ്ഞെടുത്ത മൂന്നാമത്തെ സെക്സിയസ്റ്റ് നടി. 6.60 % വോട്ട് നേടിയ നയന്‍താര ആറാം സ്ഥാനത്തും 5.76 % വോട്ട് നേടിയ നമിത ഏഴാം സ്ഥാനത്തും എത്തി.
സ്ലംഡോഗ് മില്യണയര്‍ മികച്ച സിനിമ: 52.47 % വോട്ട് സ്വന്തമാക്കിയ സ്ലംഡോഗ് മില്യണയര്‍ ആണ് 2009 ലെ മികച്ച സിനിമയായി തെരഞ്ഞെടുത്തത്. അമിതാഭ് ബച്ചന്റെ ‘പാ’ 13.82% വോട്ട് സ്വന്തമാക്കി രണ്ടാം സ്ഥാനത്തും അജബ് പ്രേം കി കസബ് കഹാനി മൂന്നാം സ്ഥാനത്തും എത്തി.
സച്ചിന്‍ എന്നും പ്രിയങ്കരന്‍: ക്രിക്കറ്റില്‍ സച്ചിന്റെ സിംഹാസനം ഉറച്ചുതന്നെ! രാജ്യത്തെ മികച്ച ക്രിക്കറ്റ് കളിക്കാരുടെ പട്ടികയില്‍ സച്ചിന്‍ ഒന്നാം സ്ഥാനത്ത് എത്തി-51.25 % വോട്ടാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്വന്തമാക്കിയത്. 25.32 % വോട്ട് നേടി രാഹുല്‍ ദ്രാവിഡും 10.62 % വോട്ട് നേടി ധോണിയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പട്ടിലയില്‍ ഏറ്റവും താഴെയുള്ള ഹര്‍ഭജന്‍ സിംഗിന് 0.14 % വോട്ട് മാത്രമേ സ്വന്തമാക്കാന്‍ സാധിച്ചുള്ളൂ.