അസ്വസ്ഥനായ കേന്ദ്രമന്ത്രിയായിരുന്നു വയലാര്‍ രവി. കാബിനറ്റ് പദവി ഉണ്ടെങ്കിലെന്താ, വകുപ്പ് പ്രവാസികാര്യമല്ലേ? ഇതായിരുന്നു രവിക്കുണ്ടായിരുന്ന പരിഭവം. വെറും 80 കോടി രൂപ മാത്രം ബജറ്റില്‍ മാറ്റി വയ്ക്കുന്ന വകുപ്പാണ് പ്രവാസികാര്യം. തന്നേപ്പോലെ മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവിന് ഈ ചെറിയ വകുപ്പില്‍ ഒതുങ്ങിക്കൂടാന്‍ കഴിയില്ലെന്നത് അദ്ദേഹം നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെയാണ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള കൊണ്ടുപിടിച്ച ശ്രമം വയലാര്‍ രവി നടത്തിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനായി കടുത്ത പരിശ്രമമാണ് രവിയുടെ ഭാഗത്തുനിന്നുണ്ടായത്. ‘ഉമ്മന്‍ചാണ്ടി തന്നെയാണ് ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി’ എന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അടുത്തിടെ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ വയലാര്‍ രവി പരസ്യമായി രംഗത്തെത്തിയിരുന്നു. ‘കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ഹൈക്കമാന്‍ഡ് ആണ്’ എന്നായിരുന്നു രവിയുടെ പ്രതികരണം.
എസ് എന്‍ ഡി പിയുടെ ശക്തമായ പിന്തുണയും വയലാര്‍ രവിയുടെ നീക്കങ്ങള്‍ക്കുണ്ടായിരുന്നു. ഇത് ഇങ്ങനെ പോയാല്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം എന്നത് വലിയൊരു രാഷ്ട്രീയ പ്രശ്നമായി മാറുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് മനസിലായി. അപകടം മണത്ത പാര്‍ട്ടി ഉടന്‍ തന്നെ വയലാര്‍ രവിക്ക് കൂടുതല്‍ മെച്ചമായ ഒരു വകുപ്പ് നല്‍കി കേന്ദ്രമന്ത്രിയാക്കി തന്നെ നിലനിര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. അതിനൊടുവിലാണ് വ്യോമയാന വകുപ്പ് രവിക്ക് ലഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കച്ചകെട്ടി ‘കേരളമോചന യാത്ര’ നടത്തുന്ന ഉമ്മന്‍ചാണ്ടിക്ക് വയലാര്‍ രവിയുടെ നീക്കങ്ങള്‍ വിലങ്ങുതടിയായി മാറുമായിരുന്നു. ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്തിയെടുക്കാനാണ് ഇപ്പോള്‍ രവിക്ക് മികച്ച വകുപ്പ് നല്‍കിയതെന്ന് ചുരുക്കം. വരുന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രവിയുടെ ശല്യം ഉണ്ടാകില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് ഇനി ഉറപ്പിക്കാം.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന മറ്റൊരാള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനാണ്. എന്‍ എസ് എസിന്‍റെയും എ കെ ആന്‍റണിയുടെയും പിന്തുണയോടെയാണ് ശങ്കരനാരായണന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കേരളത്തിന്‍റെ പ്രമുഖ പരിപാടികളിലെല്ലാം തന്‍റെ സാന്നിധ്യം ഉറപ്പാക്കാന്‍ ശങ്കരനാരായണന്‍ ശ്രമിക്കുന്നുണ്ട്. ശങ്കരാനാരായണനെക്കൂടി എങ്ങനെയെങ്കിലും ഒതുക്കാനുള്ള ശ്രമങ്ങള്‍ ഉമ്മന്‍ചാണ്ടി തുടങ്ങിയതായാണ് വിവരം.