പ്രധാനമന്ത്രിയായി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും വന്നതോടെ ഇനി രാഷ്ട്രപതികൂടി തീവ്രഹിന്ദുത്വവാദിയായ ഒരാള്‍ ആയാല്‍ ഹിന്ദുരാഷ്ട്രമെന്ന സ്വപ്നത്തിലേക്കുള്ള അകലം കുറയുമെന്നാണ് ശിവസേനയുടെ വാദം. ജൂലൈയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോഹന്‍ ഭഗവതിന്‍റെ പേരുയര്‍ത്തി ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
കെ എസ് സുദര്‍ശന്‍റെ പിന്‍ഗാമിയായി 2009 മാര്‍ച്ചിലാണ് ആര്‍ എസ് എസിന്‍റെ മേധാവിയായി മോഹന്‍ ഭഗവത് വരുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ സ്വദേശിയായ മോഹന്‍ ഭഗവത് വെറ്റിനറി സയന്‍സില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുമ്പോഴാണ് പഠനം പാതിവഴി നിര്‍ത്തി ആര്‍ എസ് എസ് പ്രചാരക് ആകുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് ഒളിവിലിരുന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം.