പനിയെ പിടിച്ചു കെട്ടാന്‍ കഴിയാതെ കേരളം. പനി പടരുന്നതും പനി മൂലമുളള മരണവും സംസ്ഥാനത്ത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു പനിമരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് വടകരയിലാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഗര്‍ഭിണി മരിച്ചത്. ഒരാഴ്ചയായി പനിക്ക് ചികിത്സയിലായിരുന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളജില്‍ വെച്ചാണ് മരിച്ചത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 9 പേരാണ് പനി മൂലം മരിച്ചു. ആറ് പേര്‍ മരിച്ച തിരുവനന്തപുരമാണ് മരണനിരക്കില്‍ ഏറ്റവും മുന്നിലുള്ളത്‍.
ഡെങ്കിപ്പനി, വൈറല്‍ പനി, എച്ച്1 എന്‍1 തുടങ്ങിയ വിവധ അസുഖങ്ങളാണ് സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത്. ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം ആളുകളാണ് സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയത്. പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള സംസ്ഥാനത്തെ ത്രിതല ചികിൽസാ കേന്ദ്രങ്ങളിൽ ദിവസവും നൂറുകണക്കിനു രോഗികളാണ് വിവിധ രോഗങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്താകമാനം കഴിഞ്ഞ ദിവസം എണ്ണൂറില്‍പ്പരം ആളുകളെയാണ് പനി ബാധിതരായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതില്‍ 150ലധികം പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ കൂടുതല്‍ ആളുകള്‍ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ അലംഭാവം കാണിച്ചെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഇനിയും പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അവര്‍ പറഞ്ഞു. കൊതുകിന്റെ പ്രജനനം ഒഴിവാക്കാനും മാലിന്യ സംസ്കരണവുമാണ് പ്രതിരോധപ്രവര്‍ത്തനമായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.