മദനിയുടെ കാഴ്‌ച നഷ്ടപ്പെട്ടു; അടിയന്തര ശസ്‌ത്രക്രിയ വേണം
ബുധന്‍, 16 മെയ് 2012 (12:24 IST)
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടന പരമ്പര കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്‌ദുള്‍ നാസര്‍ മദനിയുടെ കാഴ്‌ച പൂര്‍ണ്ണമായും നഷ്ടപ്പെട്ട അവസ്ഥയില്‍. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്‍. കടുത്ത പ്രമേഹരോഗിയായ മദനിക്ക് ഡയബറ്റിക് റെറ്റിനോപ്പതി എന്ന അസുഖം ബാധിച്ചത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും രാജാജി നഗര്‍ നാരായണ നേത്രചികിത്സാലയത്തിലെ ഡോക്‌ടര്‍മാര്‍ പറഞ്ഞു.
മദനിയുടെ വലതു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു കഴിഞ്ഞു. അടിയന്തര ശസ്‌ത്രക്രിയ നടത്തിയില്ലെങ്കില്‍ ശേഷിക്കുന്ന കാഴ്ചയും പോയി അദ്ദേഹം അന്ധനായി മാറും. ലേസര്‍ ചികിത്സയാണ് മദനിക്ക് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കിവരുന്നത്. എന്നാല്‍ ശസ്‌ത്രക്രിയ കൂടി നടത്തിയാല്‍ മാത്രമേ കാഴ്‌ച പൂര്‍ണമായും നഷ്‌ടപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ.
ജയിലില്‍ കഴിയുന്ന മദനിക്ക് ജാമ്യം ലഭിക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കിയത്. റെറ്റിനോപ്പതി, ഞരമ്പുകളെ ബാധിക്കുന്ന ന്യൂറോപ്പതി, അള്‍സര്‍, നട്ടെല്ലിനു തേയ്‌മാനം, കടുത്ത രക്‌തസമ്മര്‍ദം തുടങ്ങിയ പ്രശ്നങ്ങളെല്ലാം മദനിയെ അലട്ടുന്നുണ്ട്.
ചികിത്സ തേടണം എന്ന ആവശ്യം ചൂണ്ടിക്കാട്ടി മദനി ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ മദനിക്ക് ഏത് ചികിത്സയും ലഭ്യമാക്കാന്‍ തയാറാണെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജാമ്യം നിഷേധിക്കപ്പെട്ടു. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാത്തതാണ് മദനിയുടെ നില വഷളാക്കിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.