നാടു നീങ്ങിയത് തിരുവിതാംകൂറിന്റെ മനസ് അറിഞ്ഞ മഹാരാജാവ്
തിങ്കള്‍, 16 ഡിസംബര്‍ 2013 (12:14 IST)
PRO
PRO
തിരുവിതാംകൂറിന്റെ മനസ് അറിഞ്ഞ മഹാരാജാവ് ആയിരുന്നു അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. രാജഭരണത്തെ ജനാധിപത്യത്തോട് ബന്ധിപ്പിച്ചിരുന്ന കണ്ണിയായിരുന്നു അദ്ദേഹം. രാജാധിപത്യത്തേക്കാള്‍ വൈകാരിക ബന്ധമായിരുന്നു അദ്ദേഹത്തിന് തിരുവിതാംകൂറിനോടും ശ്രീപത്മനാഭസ്വാമിയോടും. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
1922 മാര്‍ച്ച് 22ന് രവിവര്‍മ കൊച്ചു കോയിക്കല്‍ തമ്പുരാന്റെയും റാണി സേതു പാര്‍വതി ഭായിയുടെയും മകനായി ജനനം. രാജഭരണകാലത്ത് 1947 വരെ തിരുവിതാംകൂറിന്റെ ഇളയരാജാവ്. 1991 മുതല്‍ തിരുവിതാംകൂറിന്റെ മഹാരാജാവാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. ജേഷ്ഠന്‍ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പിന്‍ഗാമിയായാണ് അദ്ദേഹം അവരോധിക്കപ്പെട്ടത്.
1943ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. സംസ്കൃതത്തില്‍ മികച്ച വിദാര്‍ഥിക്കുള്ള സ്വര്‍ണമെഡല്‍നേടി. തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്സിന്‍റെ ലഫ്റ്റനന്‍റ് കേണലാകാന്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു. 1952ല്‍ പ്ലീമത് കാര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായി. കുട്ടിക്കാലത്ത് കായികപ്രതിഭയായിരുന്നു.
അടുത്ത പേജില്‍: ഭക്തിയുടെ നറുംപാല്‍ തിളപ്പിച്ച് ശ്രീപത്മനാഭന് നിവേദ്യം ഒരുക്കിയ ഭക്തന്‍
PRO
PRO
'ഭക്തിയുടെ നറുംപാല്‍ തിളപ്പിച്ച് ശ്രീപത്മനാഭന് നിത്യവും നിവേദ്യം ഒരുക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദാസഭക്തനാ'ണ് താനെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ചെറുപ്പം മുതല്‍ തന്നെ ഫോട്ടോഗ്രഫിയോട് വലിയ താല്പര്യമായിരുന്നു. യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹതോടൊപ്പം ക്യാമറ എപ്പോഴും ഉണ്ടായിരുന്നു. അങ്ങനെ ചിത്രങ്ങളുടെ ചക്രവര്‍ത്തിയായി അദ്ദേഹം. ഇപ്പോള്‍ രംഗവിലാസം കൊട്ടാരത്തില്‍ ഉത്രാടം തിരുനാള്‍ ഫോട്ടോകള്‍ക്ക് പ്രത്യേകം ഗാലറി തന്നെയുണ്ട്.
എല്ലാ കായിക വിനോദങ്ങളും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പുതിയ കാറുകള്‍, കുതിരസവാരി, ക്യാമറ, യാത്രകള്‍ എന്നിവയോട് വല്ലാത്ത കമ്പമായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞവര്‍ഷം കുടുംബാംഗങ്ങളുടെയും സര്‍ക്കാരിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി നവതി ആഘോഷിച്ചു. ഈ വര്‍ഷം നവംബര്‍ 11-ന് ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. അനാരോഗ്യത്തെ വകവെയ്ക്കാതെ കൊച്ചിയിലെത്തിയാണ് അദ്ദേഹം ചാള്‍സ് രാജകുമാരനെ കണ്ടത്. തിരുവിതാംകൂര്‍ പവന്‍ ചാള്‍സിന് സമ്മാനമായി നല്‍കുകയും ചെയ്തു.
അടുത്ത പേജില്‍: മഹാനിധിയുടെ തമ്പുരാന്‍
PRO
വ്യവസായ വാണിജ്യമേഖലകളെക്കുറിച്ചു തികഞ്ഞ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. പത്മനാഭ സ്വാമി ക്ഷേത്ര കാര്യങ്ങളിലും അദ്ദേഹം പ്രത്യേക ശ്രദ്ധ വച്ചു. വോട്ടു ചെയ്തില്ലെങ്കിലും ജനാധിപത്യത്തോട് നീരസമില്ലാതിരുന്നു ഉത്രാടംതിരുനാള്‍ മിതമായി മാത്രം മറുപടി പറഞ്ഞും മൗനം പാലിച്ചും വിമര്‍ശനങ്ങളെ നേരിട്ടു. ഒരിക്കല്‍ പോലും വിവാദങ്ങള്‍ക്കു വേണ്ടി ആ നാവ് ചലിച്ചില്ല. 2010 ജൂണില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയെക്കുറിച്ച് ലോകമറിഞ്ഞതോടെ തിരുവിതാംകൂര്‍ രാജകുടുംബവും അതിന്റെ സ്ഥാനിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
രാജഭരണത്തിന്റെ പ്രതാപ കാലത്ത് ജനിച്ചും ജനാധിപത്യത്തിന്റെ കാലത്ത് രാജപദവിയില്‍ ജീവിക്കുകയും ചെയ്ത ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കേരള ചരിത്രത്തിലെ അനശ്വരമായ ഓര്‍മയാണ്. 2005-ല്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മക്കള്‍ പദ്മനാഭ വര്‍മയും പാര്‍വതിദേവിയും. 'തൃപ്പടിദാനം' എന്നപേരില്‍ ആതമകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവിതാംകൂറിന്റെ അന്‍പത്തിയഞ്ചാം തമ്പുരാനായിരുന്നു ഉത്രാടം തിരുനാള്‍. കിരീടവും ചെങ്കോലുമില്ലെങ്കിലും മഹാരാജാവിന്‍റെ പദവി മാത്രം ബാക്കി. എന്നാല്‍ തിരുവിതാംകൂറുകാരുടെ മനസിന്റെ സിംഹാസനത്തില്‍ എന്നും രാജാവായിരുന്നു അദ്ദേഹം.