ദുല്‍ക്കറിനെ കണ്ടവര്‍ മമ്മൂട്ടിയെ എന്തുകൊണ്ട് കാണുന്നില്ല, മമ്മൂട്ടിയെ ഒഴിവാക്കുന്നത് പതിവുരീതി!

ഗോവിന്ദ് നിഖില്‍

ചൊവ്വ, 1 മാര്‍ച്ച് 2016 (15:21 IST)
‘ചാര്‍ലി’ എന്ന സിനിമയിലെ പ്രകടനത്തിന് ദുല്‍ക്കര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം. ദുല്‍ക്കര്‍ അത് അര്‍ഹിക്കുന്നതുതന്നെയാണ്. അത്ര ഗംഭീര പ്രകടനമായിരുന്നു ആ ചിത്രത്തില്‍ അദ്ദേഹത്തിന്‍റേത്. എന്നാല്‍ അത് പത്തേമരി എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച നാരായണന്‍ എന്ന കഥാപാത്രത്തിന്‍റെ ഭാവവൈവിധ്യങ്ങളോട് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ചെറുതായിപ്പോകുന്നു എന്ന് പറയാതെ വയ്യ.
 
പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് നല്ല കാര്യമാണ്. എന്നല്‍ അതിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പതിവായി ഉപയോഗിക്കുമ്പോള്‍ അംഗീകരിക്കപ്പെടാതെ പോകുന്നത് ചില മഹാസൃഷ്ടികളാണ്. ‘പത്തേമാരി’ എന്ന ചിത്രത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ള ഒരു അവാര്‍ഡ് പ്രഖ്യാപനമായിരുന്നു ഇന്ന് നടന്നത്. മികച്ച സിനിമയ്ക്കുവേണ്ടിയോ സംവിധായകനുവേണ്ടിയോ നടനുവേണ്ടിയോ ഛായാഗ്രഹണത്തിനുവേണ്ടിയോ പത്തേമാരിയെ പരിഗണിക്കാമായിരുന്നു എന്ന് അഭിപ്രായമുള്ളവര്‍ ഏറെയാണ്.
 
ഒരുപാട് അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ളതിനാല്‍ മമ്മൂട്ടിയെപ്പോലുള്ള അഭിനേതാക്കളെ മാറ്റിനിര്‍ത്തിക്കളയാം എന്ന ഒരു ചിന്ത ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഇത്തവണത്തെ അവാര്‍ഡ് കമ്മിറ്റിയുടെ മാത്രം കാര്യമല്ല. വര്‍ഷങ്ങളായി മമ്മൂട്ടിയുടെ പല മികച്ച പ്രകടനങ്ങളെയും പിന്തള്ളി അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 
 
നിറക്കൂട്ടിലെ രവിവര്‍മ, യാത്രയിലെ ഉണ്ണികൃഷ്ണന്‍ എന്നീ കഥാപാത്രങ്ങളെ സംസ്ഥാന അവാര്‍ഡുകമ്മിറ്റി കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്. എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയില്ലെങ്കിലും യാത്രയിലെ അഭിനയത്തിന് പ്രത്യേകപരാമര്‍ശം നടത്താതെ പോകാന്‍ ജൂറിക്ക് കഴിഞ്ഞില്ല. 
 
തനിയാവര്‍ത്തനത്തിലെ ബാലന്‍‌മാഷ്, ന്യൂഡല്‍ഹിയിലെ ജി കൃഷ്ണമൂര്‍ത്തി, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയിലെ വിനയചന്ദ്രന്‍ ഇവരെല്ലാം കൂടി ഒരു വര്‍ഷം മുന്നിലേക്ക് കടന്നുവന്നപ്പോള്‍ ജൂറി മൈന്‍ഡ് ചെയ്തില്ല. പിന്നീടൊരുവര്‍ഷം ‘അമരം’ എന്ന സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും ജൂറി അവഗണിച്ചു. 
 
മാരകരോഗം ഭേദമായി വന്നപ്പോള്‍ എല്ലാവര്‍ക്കും അസ്വീകാര്യനായിപ്പോകുന്ന രവിശങ്കര്‍ എന്ന കഥാപാത്രത്തെ (സുകൃതം) ഉജ്ജ്വലമാക്കിയ മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കാതിരുന്നതും ഓര്‍ക്കാം. എന്നാല്‍ അതിലും വലിയ പ്രതിഷേധം ഭൂതക്കണ്ണാടിയിലെ വിദ്യാധരനെ മറന്നതിലാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ അത്രയും തിളക്കമുള്ള അധികം കഥാപാത്രങ്ങളില്ല.
 
പിന്നീട് ‘ഡാനി’യെ സംസ്ഥാന അവാര്‍ഡ് ജൂറി കാണാതെ പോകുന്നതും നമ്മള്‍ കണ്ടു. അന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍ ആ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. പളുങ്ക്, കൈയൊപ്പ്, കറുത്ത പക്ഷികള്‍ ഇവയിലെയൊക്കെ മമ്മൂട്ടിയുടെ പ്രകടനത്തെ സംസ്ഥാന അവാര്‍ഡ് കമ്മിറ്റികള്‍ കണ്ടില്ല. ഒരേ കടലിലെ നാഥന്‍ എന്ന കഥാപാത്രത്തിന്‍റെ മനസിന്‍റെ സങ്കീര്‍ണാവസ്ഥകളെ മമ്മൂട്ടി ഗംഭീരമാക്കിയപ്പോഴും ജൂറി അന്ധത തുടര്‍ന്നു.
 
കഴിഞ്ഞ വര്‍ഷം ‘മുന്നറിയിപ്പ്’ എന്ന സിനിമയിലെ സി കെ രാഘവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴും മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കാന്‍ ജൂറിക്ക് തോന്നിയില്ല. ഒരു ജയില്‍‌പുള്ളിയും മമ്മൂട്ടിയുടെ സൌന്ദര്യവും തമ്മിലെന്തോ കോമ്പിനേഷന്‍ ഒക്കുന്നില്ല എന്നൊക്കെയായിരുന്നു ജൂറിയുടെ വാദങ്ങള്‍. ഇപ്പോഴിതാ പത്തേമാരിയും.
 
പക്ഷേ ഈ അവഗണനയോടൊന്നും മമ്മൂട്ടി പ്രതികരിക്കാറില്ല. അഭിനയിക്കുക എന്നതുമാത്രമാണ് തന്‍റെ കര്‍മ്മമെന്ന് ആ മഹാനടന്‍ വിശ്വസിക്കുന്നതിനാലാവാം.

വെബ്ദുനിയ വായിക്കുക