ഡാറ്റാസെന്ററില്‍ തട്ടി പിറവം UDFന് കിട്ടുമോ?

വ്യാഴം, 23 ഫെബ്രുവരി 2012 (15:50 IST)
PRO
സംസ്ഥാന ഡാറ്റാ സെന്റ്ര്‍ കേസ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ യു‌ഡി‌എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ഡാറ്റാ സെന്റര്‍ നടത്തിപ്പിന്റെ കരാര്‍ റിലയന്‍സ് കമ്യൂണിക്കേഷന് കൈമാറിയ നടപടി സംബന്ധിച്ചാണ് അന്വേഷണം. വിവാദ ഇടനിലക്കാരന്‍ ടി ജി നന്ദകുമാറിന്റെ പങ്കിനെ പറ്റിയും സി‌ബി‌ഐ അന്വേഷിക്കുമെങ്കിലും സ്വാഭാവികമായും ഈ അന്വേഷണം വി ‌എസിനെയാണ് ഉന്നം വയ്ക്കുന്നത്. പിറവം തെരഞ്ഞെടുപ്പ് മുറുകുന്ന വേളയില്‍ ഉമ്മന്‍‌ചാണ്ടി തൊടുത്തിരിക്കുന്ന ഈ ശരം അനൂപ് ജേക്കബിനെ നിയമസഭയില്‍ എത്തിക്കാനുള്ള ചാണക്യതന്ത്രം ആണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

വി‌ എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഈ ആരോപണം ഉമ്മന്‍‌ചാണ്ടി ഉന്നയിച്ചതാണ്. അന്നുമുതല്‍ക്ക് തന്നെ വി‌ എസ് അച്യുതാനന്ദന്‍ ഈ ആരോപണത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ടാറ്റയ്ക്കുവേണ്ടി കേസ് വാദിക്കുന്ന വക്കീലാകാന്‍ ഉമ്മന്‍‌ചാണ്ടി ശ്രമിക്കുന്നതെന്ന് അന്ന് വി‌ എസ് പറഞ്ഞിരുന്നു. ഇതിനെ അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തികളാണ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാറിന്റെ പക്ഷത്ത് നിന്നും പിന്നീട് ഉണ്ടായിട്ടുള്ളത്. ഡാറ്റാ സെന്റര്‍ വിഷയത്തില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ ഉമ്മന്‍‌ചാണ്ടി കേസ് കൊടുക്കാന്‍ തയ്യാറാകണമെന്നാണ് അന്ന് വി‌ എസ് പറഞ്ഞത്. വി‌ എസ് പറഞ്ഞപോലെ വിവാദം ഇപ്പോള്‍ കേസായിരിക്കുന്നു, സി‌ബി‌ഐ കേസ്.

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്, ഡാറ്റാ സെന്ററിന്റെ നടത്തിപ്പുചുമതല കൈമാറുന്നത്. 2004 മെയ് 28ന് ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. അന്ന്, ഈ ചുമതല കൈമാറിയത് പൊതുമേഖലാ സ്ഥാപനമായ സി-ഡാകിനാണെന്ന് ഉമ്മന്‍‌ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുക്കാര്‍ കരുതിപ്പോന്നു. എന്നാല്‍ ടെന്‍ഡര്‍ നടപടികളില്‍ ടെക്നിക്കല്‍ സഹായം നല്‍കിയ കണ്‍സള്‍ട്ടന്റ് മാത്രമായിരുന്നു സി-ഡാക്. അന്നും ഡാറ്റ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ചുമതല ടാറ്റയെ ആണ് യുഡി‌എഫ് ഏല്‍പ്പിച്ചതെന്നും വി‌ എസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഏകദേശം എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഡി‌എഫ് സര്‍ക്കാര്‍ തന്നെ സ്വകാര്യവല്‍കരിച്ച ഒരു മേഖലയാണ് ഡാറ്റാ സെന്റര്‍ എന്ന ഇന്ന് ചര്‍ച്ചയാകുന്ന സംരംഭം.

2004ല്‍ ഡാറ്റാ സെന്ററിന്റെ ചുമതലയ്ക്കായി ടെന്‍ഡര്‍ വിളിക്കുമ്പോഴും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. ടെന്‍ഡറില്‍ പങ്കെടുത്തവരില്‍ നാലാമതായി ഉണ്ടായിരുന്നത് കെല്‍ട്രോണ്‍ ആയിരുന്നു. വി ‌എസ് സര്‍ക്കാര്‍ തഴഞ്ഞത് പോലെ അന്നും കെല്‍ട്രോണിനെ ടെന്‍ഡറില്‍ നിന്നും അയോഗ്യരാക്കിയിരുന്നു. അതുമാത്രമല്ല, ഏറ്റവും കുറഞ്ഞ തുക അന്ന് ക്വാട്ട് ചെയ്തത് ഡിഷ്‌നെറ്റ് എന്ന കമ്പനിയായിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് അവരെ ഒഴിവാക്കി. പകരം, രണ്ടാം സ്ഥാനത്തുവന്ന ടാറ്റ കമ്പനിക്ക് പദ്ധതി കൈമാറുകയായിരുന്നു. സിബിഐ അന്വേഷണത്തില്‍ ഈ ടെന്‍ഡര്‍ നടപടി കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ വി‌ എസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത്.

കുറഞ്ഞ ടെന്‍ഡര്‍ ഉപയോഗിച്ച് സമീപിച്ചതിനാലാണ് റിലയന്‍സിന് കരാര്‍ ലഭിച്ചതെന്ന് വി‌ എസ് പറയുന്നു. ടെന്‍ഡര്‍ നടപടിയ്ക്കുള്ള തീയതി മാറ്റിവച്ചതെന്തിനാണ്, അതില്‍ നന്ദകുമാറിനുള്ള പങ്കെന്താണെന്നതൊക്കെ അന്വേഷണ വിധേയമാക്കേണ്ടത് തന്നെയാണ്. എന്നാല്‍ വീണ്ടും ഡാറ്റാ സെന്ററിന്റെ ടെന്‍ഡര്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ കൈകളില്‍ എങ്ങനെ എത്തി എന്നുകൂടി അന്വേഷിച്ചാല്‍ ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ പ്രത്യേകിച്ച്, മുഖ്യമന്ത്രി തന്നെ സമര്‍ദ്ദത്തിലായേക്കുമെന്നാണ് സൂചന.

പക്ഷേ അവിടെയും ചെറിയൊരു തന്ത്രമുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ വരുതിയില്‍ നില്‍ക്കാതെ, “സൂപ്പര്‍ മന്ത്രി” കളിക്കുന്ന എ കെ ആന്റണിക്കും ഈ കേസില്‍ നിന്നൊരു പണി കിട്ടും എന്നതാണ് ആ തന്ത്രം. കാരണം, ആദ്യമായി ഡാറ്റാ സെന്റര്‍ ഏജന്‍സിയ്ക്ക് ഏല്‍പ്പിക്കുന്നത് ആന്റണി സര്‍ക്കാറിന്റെ കാലത്താണ്. ആന്റണിയെ ചെറുതായി ഒന്ന് സമ്മര്‍ദ്ദത്തിലാക്കാം എന്നായിരിക്കാം ഉമ്മന്‍ചാണ്ടിയുടെ മനസിലിരുപ്പ്.

എന്തൊക്കെയായാലും പ്രധാന ഉന്നം പിറവം തന്നെ. സംഭവം മറ്റൊന്നുമല്ല, പിറവത്തെ ഇടത് സ്ഥാനാര്‍ത്ഥി എം ജെ ജോസഫിന്റെ മുഖ്യ പ്രചരണ ആയുധം വി‌ എസ് അച്യുതാനന്ദനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി‌ എസിന്റെ പ്രഭാവം ഇടതിനുണ്ടാക്കിയ ഫലം ആരും മറന്നിട്ടില്ല. പിറവം സീറ്റ് പോയാല്‍ കോണ്‍ഗ്രസിന് പായും മടക്കി വീട്ടിലേക്ക് നടക്കേണ്ടി വരും. വി‌ എസിനെ, അതുവഴി എല്‍‌ഡി‌എഫിനെ കരിവാരി തേയ്ക്കുക എന്നതു തന്നെയാണ് സി‌ബി‌ഐ കേസ് കൊണ്ട് ഉമ്മന്‍‌ചാണ്ടി ലക്‌ഷ്യമിടുന്നത്. വി‌ എസിനെതിരെ ഉണ്ടാക്കിയ ഭൂമിദാന കേസ് മുന്നോട്ട് പോകണമോയെന്ന നിയമോപദേശം രഹസ്യമായി തേടുകയാണ് ഉമ്മന്‍‌ചാണ്ടിയും കൂട്ടരും.

വെബ്ദുനിയ വായിക്കുക