ടീം സോളാര്‍ കമ്പനി തട്ടിപ്പുകമ്പനിയല്ല!

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (16:11 IST)
PRO
‘ടീം സോളാര്‍’ കമ്പനി തട്ടിപ്പുകമ്പനിയാണെന്ന് താന്‍ കരുതുന്നില്ലെന്ന് സരിതാ നായരുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍. ആ കമ്പനി രജിസ്‌ട്രേഡാണെന്നും കമ്പനി നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും കൃത്യമായി നികുതി അടയ്ക്കുന്നുണ്ടായിരുന്നതായും ഫെനി വ്യക്തമാക്കുന്നു. പണം കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച പിഴവും ശാലു മേനോന്‍റെ കടന്നുവരവുമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായതെന്നും ഫെനി ബാലകൃഷ്ണന്‍ പറയുന്നു.

“സാങ്കേതിയ വൈദഗ്ധ്യം ഉള്ളവര്‍ ടീം സോളാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവര്‍ പലര്‍ക്കും സോളാര്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു നല്‍കിയിട്ടുമുണ്ട്. പക്ഷേ പണം കൈകാര്യം ചെയ്യുന്നതില്‍ ചുവടു പിഴച്ചു. ശാലുവിന്‍റെ കടന്നുവരവാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ബിജുവാണ് ബാധ്യതകള്‍ വരുത്തിവച്ചതെന്നും, വകമാറ്റി ബിജു ശാലുവിനു പണം നല്‍കി എന്നും സരിത പറഞ്ഞു” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഫെനി ബാലകൃഷ്ണന്‍ പറയുന്നു.

“കേസുകൊടുത്ത പലര്‍ക്കും പണം മടക്കി നല്‍കാന്‍ സരിത ശ്രമിച്ചിരുന്നു. ഒരാള്‍ കേസ് കൊടുത്തതിനെത്തുടര്‍ന്ന് ബാക്കിയുള്ളവരും ഓടിപ്പോയി പരാതികൊടുത്തു. അങ്ങിനെയാണ് അവര്‍ ഊരാക്കുടുക്കിലാവുന്നത്. എന്തായാലും തട്ടിപ്പിനുവേണ്ടി തുടങ്ങിയ സ്ഥാപനമല്ല അവരുടേത്” - ഫെനി വ്യക്തമാക്കി.

“33 കേസുകളാണ് ഇപ്പോള്‍ ഉള്ളത്. എല്ലാം വിശ്വാസ വഞ്ചന കേസുകള്‍ മാത്രമാണ്. നഷ്ടപരിഹാരം നല്‍കിയാല്‍ അതില്‍നിന്നെല്ലാം ഒഴിവാകാം. ഇതൊരു സാധാരണ സാമ്പത്തിക ഇടപാട് തര്‍ക്കമാണ്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേര്‍ന്നാണ് വിഷയം ഇത്രയും വഷളാക്കിയത്” - ഫെനി ബാലകൃഷ്ണന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക