ഗര്‍ഭഛിദ്രം 24 ആഴ്ചയ്ക്ക് ശേഷമാകുമ്പോള്‍

പ്രിയങ്ക

ചൊവ്വ, 26 ജൂലൈ 2016 (20:55 IST)
രണ്ട് വര്‍ഷം മുമ്പ് ഗര്‍ഭഛിദ്രം നിഷേധിച്ചതിന്റെ പേരില്‍ അയര്‍ലണ്ടില്‍ ഇന്ത്യക്കാരിയായ സവിത ഹാലപ്പനവര്‍ മരണപ്പെട്ടതോടെ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനെ കുറിച്ച് അയര്‍ലണ്ടിനൊപ്പം ഇന്ത്യയിലും ചര്‍ച്ച വ്യാപകമായിരുന്നു. അയര്‍ലണ്ട് അടക്കമുള്ള പല വിദേശ രാജ്യങ്ങളിലെയും പോലെ ഇന്ത്യയിലെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ അത്ര കടുത്തതല്ലെങ്കിലും 20 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭഛിദ്രം അനുവദനീയമായിരുന്നില്ല. എന്നാല്‍ അമ്മയെയും ഗര്‍ഭസ്ഥ ശിശുവിനെയും ഒരു പോലെ കാണുന്ന നിയമത്തിന്റെയും വൈദ്യ ശാസ്ത്രത്തിന്റെയും നിലപാടിനോട് യോജിക്കാന്‍ പലര്‍ക്കും സാധിക്കുന്നതുമല്ല. എന്നാല്‍ ഇപ്പോള്‍ 24 ആഴ്ചവരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നു. 
 
മുംബൈയില്‍ ക്രൂരമായ പീഡനത്തിനിരയായി ഗര്‍ഭം ധരിച്ച യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ വിധി. മുമ്പ് ഉപാധികള്‍ക്ക് വിധേയമായി 20 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രത്തിന് ഇന്ത്യയില്‍ അനുമതി ഉണ്ടായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയവൈകല്യമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് 2008ല്‍ മുംബൈയില്‍ ഒരു വീട്ടമ്മ ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയെങ്കിലും കുഞ്ഞിന്റെ വളര്‍ച്ച 24 ആഴ്ച ആയതിനാല്‍ ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നിഷേധിച്ചു. എന്നാല്‍ വിഷയം അന്നു തന്നെ ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. അതോടെയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെക്കാള്‍ അമ്മയുടെ ജീവനും മാനസികാവസ്ഥയ്ക്കും പ്രധാന്യം നല്‍കണം എന്ന് വനിതാ സംഘടനകളും ഡോക്ടര്‍മാരും ഒരു പോലെ ആവശ്യപ്പെട്ടു തുടങ്ങിയത്. 
 
1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമപ്രകാരം 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുളള ഗര്‍ഭം അലസിപ്പിക്കാന്‍  വ്യവസ്ഥയില്ല. എന്നാല്‍ നിയമപ്രകാരമുളള കാലയളവ് കഴിഞ്ഞ ശേഷം കുഞ്ഞിന്റെ തുടര്‍ന്നുള്ള വളര്‍ച്ച അമ്മയ്ക്ക് ശാരീരികമോ മാനസികമോ ആയ പ്രശ്‌നം സൃഷ്ടിക്കുക, ബലാത്സംഗത്തിന് ഇരയായതു മൂലമാണ് കുഞ്ഞുണ്ടായതെന്നും കുഞ്ഞ് ജനിക്കുന്നത് അമ്മയ്ക്ക് മാനസികപ്രശ്‌നം ഉണ്ടാക്കുമെന്നുമുള്ള വിലയിരുത്തല്‍ തുടങ്ങിയവയാണ് 24 ആഴ്ചയുള്ള ഗര്‍ഭഛിദ്രത്തിന് അനുവദിച്ചിട്ടുള്ള ഉപാധികള്‍. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെടുകയും തന്മൂലം കുഞ്ഞ് ജനിക്കുകയും ചെയ്താല്‍ അത് അമ്മയ്ക്ക് മാനസികാഘാതമുണ്ടാകുമെന്ന് കണ്ടെത്തിയാലും ഗര്‍ഭഛിദ്രമാകാം. 
 
18 ആഴ്ചകള്‍ക്ക് ശേഷമാണ് വൈകല്യ നിര്‍ണയത്തിനായി പല ആശുപത്രികളും പരിശോധനകള്‍ നിര്‍ദ്ദേശിക്കാറ്. ഹൃദയ വൈകല്യമടക്കമുള്ള പല പ്രശ്‌നങ്ങളും ഗര്‍ഭസ്ഥശിശുവില്‍ സ്ഥിരീകരിക്കാനാവുന്നത് 20നും 24നും ഇടയ്ക്കുള്ള ആഴ്ചകളിലാണ്. ഇതുതന്നെയാണ് 24 ആഴ്ച പ്രായമായാലും ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകാനുള്ള കാരണവും. 
 
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുന്നത് ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. യോഗ്യതയില്ലാത്ത ഡോക്ടറോ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളോ ഇത്തരം ചികിത്സ നടത്തിയാലും നിയമനടപടികള്‍ സ്വീകരിക്കാം. എന്നാല്‍ പുതിയ ഗര്‍ഭഛിദ്ര നിയമം സ്ത്രീകളുടെ ആരോഗ്യവും ജീവനും അപകടത്തിലാക്കുന്നതിനൊപ്പം പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിക്കാനും ഇടയാക്കുമെന്നാണ് പ്രധാന ആരോപണം. 24 ആഴ്ച എന്നത് ഗര്‍ഭകാലത്തെ സംബന്ധിച്ച് നിര്‍ണായകമായ ഘട്ടമാണ്. ഇക്കാലയളവില്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ അമ്മയില്‍ അമിതമായ രക്തസ്രാവമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മതിയായ സൗകര്യങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താനും പാടുള്ളൂ.

വെബ്ദുനിയ വായിക്കുക