ക്ലിഫ് ഹൌസില്‍ വീണ്ടുമൊരു പിറന്നാള്‍

ബുധന്‍, 20 ഒക്‌ടോബര്‍ 2010 (16:03 IST)
PRO
അടുത്ത പിറന്നാള്‍ ക്ലിഫ് ഹൌസില്‍ വേണമോ എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. എണ്‍പത്തിയെട്ടാം പിറന്നാള്‍ ദിനത്തില്‍ പതിവുപോലെ കുടുംബവുമൊത്ത് ഊണു കഴിക്കുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ഈ മറുപടി. ആഘോഷങ്ങളൊന്നുമില്ലാതെ പതിവുപോലെ ലളിതമായാണ് ഇക്കുറിയും വി എസിന് പിറന്നാള്‍ദിനം കടന്നുപോകുന്നത്.

മുന്‍കൂട്ടി തീരുമാനിച്ച എല്ലാ ഔദ്യോഗികപരിപാടികളിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ലോട്ടറിക്കേസുമായി ബന്ധപ്പെട്ടുള്ള ഉന്നതതലയോഗത്തില്‍ സംബന്ധിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി ഇന്ന് ഊണു കഴിക്കാന്‍ ക്ലിഫ് ഹൌസിലെത്തിയത്. ഈ നിലപാടുകള്‍ തന്നെയാണ് കേരള രാഷ്ട്രീയത്തിലും ജനമനസിലും വി എസിനെ പ്രിയങ്കരനാക്കുന്നത്.

വി എസ് അച്യുതാനന്ദന്‍ - ജീവിതരേഖ

കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായിരുന്ന ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബര്‍ 20-നാണ് അച്യുതാനന്ദന്‍ ജനിച്ചത്. നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്‌ഛനും മരിച്ചു. തുടര്‍ന്ന് അച്‌ഛന്‍റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്.

അച്‌ഛന്‍ മരിച്ചതിനെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ അച്യുതാനന്ദന്‍ പഠനം നിര്‍ത്തി. നിവര്‍ത്തനപ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് 1938-ല്‍ അദ്ദേഹം സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി കൃഷ്ണപിള്ളയാണ് വി എസിനെ പാര്‍ട്ടിയുടെ പ്രവര്‍ത്തനമണ്ഡലങ്ങളിലേക്ക് കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സര്‍ സി പി രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്‍റെ നേതൃസ്ഥാനത്ത് വി എസ് ആയിരുന്നു.

ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിനും മുമ്പേ വി എസ് പാര്‍ട്ടിയുടെ ഉന്നത തലങ്ങളിലെത്തിയിരുന്നു. 1957-ല്‍ കേരളത്തില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒമ്പതു പേരില്‍ ഒരാളായിരുന്നു വി എസ്. ഇവരില്‍ ഇന്നു ജീവിച്ചിരിക്കുന്നതും വി എസ് മാത്രമാണ്.

കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് വേദികളില്‍ കഴിഞ്ഞ നാലര പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന നേതാവാണ് വി എസ്. സ്വന്തം വീടുള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് 1965-ല്‍ നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോള്‍ തോല്‍‌വിയായിരുന്നു ഫലം. കോണ്‍ഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകള്‍ക്കായിരുന്നു പരാജയം. 1967-ല്‍ കോണ്‍ഗ്രസിലെ എ അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍‌പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ല്‍ ആര്‍‍ എസ് പിയിലെ കെ കെ കുമാരപിള്ളയെയാണ് വി എസ് തോല്‍പ്പിച്ചത്. എന്നാല്‍ 1977-ല്‍ കുമാരപിള്ളയോട് 5585 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

1991-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി സുഗതനെ 9980 വോട്ടുകള്‍ക്കു തോല്പിച്ചു. എന്നാല്‍ 1996-ല്‍ കേരളത്തിലെ രാഷ്‌ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചു കൊണ്ട് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദന്‍ തോല്‍‌വിയറിഞ്ഞു. പാര്‍ട്ടിയിലെ ഒരു വിഭാഗം പാലം വലിച്ചതാണ് വി എസ് വീഴാ‍ന്‍ കാരണമെന്ന് പിന്നീട് തെളിഞ്ഞു.

2001-ല്‍ ആലപ്പുഴ ജില്ലവിട്ട് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ച സീറ്റായി കരുതപ്പെടുന്ന പാലക്കാടു ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി. സതീശന്‍ പാചേനി എന്ന കോണ്‍ഗ്രസിന്‍റെ യുവരക്തമായിരുന്നു മറുതട്ടില്‍. കടുത്ത മത്സരത്തിനൊടുവില്‍ 4703 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു മലമ്പുഴക്കാര്‍ വി എസിനെ നിയമസഭയിലേക്കയച്ചത്. പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭരണം കയ്യാളിയിരുന്ന കോണ്‍ഗ്രസിനെ നക്ഷത്രമെണ്ണിച്ചത് ഇക്കുറിയായിരുന്നു. അതോടെ കേരളത്തിലെ സാധാരണക്കാരുടെ ഇടയില്‍ പോലും വി എസ് എന്ന വ്യക്തി ഒരു ഹീറോയിസത്തിന്‍റെ പ്രതീകമായി.

ഈ സമയത്ത് വി എസ് കൈക്കൊണ്ട നിലപാടുകളും പ്രവര്‍ത്തനങ്ങളുമായിരുന്നു 2006ല്‍ ഇടതുമുന്നണിയുടെ ഉജ്വലവിജയത്തിന് കാരണമായത്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണായക പങ്ക് വഹിച്ചത് വിജയത്തിന് കാരണമായി. 2006-ല്‍ മലമ്പുഴയില്‍ സതീശന്‍ പാച്ചേനിയുമായി വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ 20,017 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മലമ്പുഴക്കാര്‍ വി എസിന് സമ്മാനമായി നല്‍കിയത്.

അതേസമയം പാര്‍ട്ടിക്കുള്ളില്‍ പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നേതാവെന്ന ആക്ഷേപം വി എസിനെതിരെ ഉയര്‍ന്നിട്ടുണ്ട്. സി പി എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം വി രാഘവന്‍, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ വി എസാണ് ചുക്കാന്‍ പിടിച്ചതെന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നുണ്ട്. 1996-ല്‍ മാരാരിക്കുളത്തെ തന്‍റെ പരാജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും വി എസ് ഇതുപോലെ വെട്ടിനിരത്തി എന്നതാണ് മറ്റൊരാരോപണം.

പാര്‍ട്ടിയുടെ വെട്ടിനിരത്തലും ഗ്രൂപ്പ് പോരുമാണ് വി എസിനെ പിന്നീട് പ്രശസ്തനാക്കുന്നത്. വി എസ് - പിണറാ‍യി വിഭാഗങ്ങള്‍ തമ്മിലുള്ള പ്രത്യക്ഷയുദ്ധത്തിന്‍റെ പല ഏടുകള്‍ക്കും കേരള ജനത ഇന്നും സക്‍ഷ്യം വഹിക്കുന്നു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയില്‍ നിന്നും വി എസിന് പുറത്ത് പോകേണ്ടിയും വന്നു. പാര്‍ട്ടിയില്‍ അച്ചടക്കലംഘനം നടത്തിയെതിനെ തുടര്‍ന്ന് 2009 ജൂലൈ 12-ന്‌ വി എസിനെ വീണ്ടും പോളിറ്റ് ബ്യൂറോയില്‍ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു.

എണ്‍പത്തിയെട്ടാം പിറന്നാള്‍ ദിനത്തിലും വി എസിന് വിവാദങ്ങള്‍ കൂട്ടുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വി എസിനെ പോളിറ്റ് ബ്യൂറോയിലേക്ക് എടുക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ ലോട്ടറിവിവാദത്തെ സംബന്ധിച്ച് നടത്തിയ പ്രസ്താവനകളും തന്‍റെയൊപ്പം നില്ക്കുന്നവര്‍ക്ക് ദു:ഖിക്കേണ്ടി വരില്ല എന്നുള്ള സ്വയംപ്രഖ്യാപിത പരാമര്‍ശവും പാര്‍ട്ടിയില്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ചുരുക്കത്തില്‍ പോളിറ്റ് ബ്യൂറോയിലേക്ക് എത്തണമെങ്കില്‍ വി എസ് ഇനി കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.

വെബ്ദുനിയ വായിക്കുക