കുഞ്ഞാലിക്കുട്ടിയുടെ ചാനല്‍ പ്രതിസന്ധിയില്‍!

വെള്ളി, 29 ഏപ്രില്‍ 2011 (13:15 IST)
PRO
PRO
മുസ്ലീംലീഗ്‌ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം വിവാദം ഒരു ദുര്‍ഭൂതം പോലെ വീണ്ടും കടന്നുപിടിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട വാര്‍ത്തയായിരുന്നു ഇന്ത്യാവിഷന് ബദലായി ഐബിസി ടിവി എന്ന പേരില്‍ ഒരു ചാനല്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന്. വാര്‍ത്ത സത്യമായിരുന്നു. ഇന്ത്യാവിഷനില്‍ ജോലി നോക്കിയിരുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ഗോപീകൃഷ്ണന്റെ നേതൃത്വത്തില്‍ ഐബിസി അണിഞ്ഞൊരുങ്ങാന്‍ തുടങ്ങി. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്ത എന്തെന്നാല്‍ ഈ ചാനല്‍ നടക്കില്ല എന്നുതന്നെ!

കോഴിക്കോട്‌ ആസ്ഥാനമായി ചാനല്‍ ഇന്‍ഡിപെന്‍ഡന്റ്‌ ബ്രോഡ്കാസ്റ്റിംഗ്‌ കൗണ്‍സില്‍ (ചാനല്‍ ഐബിസി) ആരംഭിക്കുന്ന കാര്യം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത്‌ കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. ലീഗാണ് ചാനല്‍ ആരംഭിക്കുന്നത് എന്ന രീതിയിലായിരുന്നു പ്രചരണം. എന്നാല്‍ ഇന്ത്യാവിഷന്‍ മുനീറിനോട് അടുത്ത വൃത്തങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത് കുഞ്ഞാലിക്കുട്ടിയുടെ സ്വാര്‍ത്ഥ താല്‍‌പര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ചാനലാണെന്ന് പറഞ്ഞു പരത്തിയെത്രെ. ഈ പ്രചരണത്തോടെ ലീഗ്‌ അനുകൂല പ്രവാസി മലയാളികള്‍ ഐബിസിക്ക് ധനസഹായം ചെയ്യുന്നതില്‍ നിന്ന് വിട്ടുനിന്നു.

തെരഞ്ഞെടുപ്പ് കഴിയുകയും ഐസ്ക്രീം വിവാദത്തിന്റെ ചൂടാറുകയും ചെയ്തതോടെ കുഞ്ഞാലിക്കുട്ടിക്കും ഇപ്പോള്‍ ചാനലില്‍ താല്‍‌പര്യമില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ചാനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ലീഗ്‌ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ അബ്ബാസ്‌ സേഠ്‌ ഒരു കാര്യവും ഇപ്പോള്‍ അന്വേഷിക്കാറില്ലെത്രെ. തുടര്‍ച്ചയായി ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന്‌ ചാനല്‍ ജീവനക്കാര്‍ എഡിറ്റര്‍ ഗോപീകൃഷ്ണനെ തടഞ്ഞുവെച്ചത് വാര്‍ത്തയായിരുന്നു. വൈകാതെ പരിഹാരമുണ്ടാക്കാമെന്നു ഉറപ്പ് നല്‍കി തല്‍ക്കാലം പ്രശ്നം പരിഹരിച്ചെങ്കിലും ശമ്പളം മുഴുവന്‍ നല്‍കിയിട്ടില്ല.

ഇതിനൊക്കെ പുറമെ, കേന്ദ്രമന്ത്രി ഇ അഹമ്മദ്‌ ശ്രമിച്ചിട്ടുപോലും ചാനലിന് സംപ്രേഷണാനുമതി ലഭിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം. ചുരുക്കത്തില്‍ സമ്പൂര്‍ണ്ണ ‘ന്യൂസ്‌ ആന്‍ഡ്‌ എന്റര്‍ടെയ്ന്‍മെന്റ്‌ ചാനല്‍’ എന്നൊക്കെ കൊട്ടിഘോഷിച്ച്, സബ്‌എഡിറ്റര്‍മാര്‍, വിവിധ ജില്ലാ റിപ്പോര്‍ട്ടര്‍മാര്‍, വാര്‍ത്താ അവതാരകര്‍ തുടങ്ങിയവരെയൊക്കെ നിയമിച്ച ഐബിസി ടിവി ചാനല്‍ ‘ടേക്കോഫ്’ ചെയ്യില്ല എന്ന് ഉറപ്പായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക