മുത്തൂറ്റ് പോള്‍ വധക്കേസില്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള ഓംപ്രകാശിന്റെ അച്ഛന്‍ പ്രസന്നകുമാരന്‍ വിദേശത്തായിരിക്കുമ്പോള്‍ ചാരായം വാറ്റി വിറ്റതിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍. ഓംപ്രകാശിന് ഉണ്ടെന്ന് പറയുന്ന ക്രിമിനല്‍ പശ്ചാത്തലം ഓംപ്രകാശിന്റെ അച്ഛനും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. സൌദിയിലെ തൈമയില്‍ ആയിരുന്നപ്പോഴാണ് പ്രസന്നകുമാരന്‍ ചാരായം വാറ്റി വിറ്റ് സൌദി പൊലീസിന്റെ പിടിയിലാകുകയും ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തത്.
ജയിലില്‍ ആയിരിക്കുമ്പോള്‍ ആരുടെയോ ഉപദേശം സ്വീകരിച്ച്, ശിക്ഷയില്‍ ഇളവ് ലഭിക്കാനായി പ്രസന്നകുമാരന്‍ മുസ്ലീം മതം സ്വീകരിക്കുകയും ഉണ്ടായെത്രെ. സര്‍ക്കാരിനെ കബളിപ്പിക്കാനായി അബ്ദുള്ള എന്ന പേരാണ് ഇയാള്‍ സ്വീകരിച്ചത്. ഇയാളുടെ മതംമാറ്റം യഥാര്‍ത്ഥമാണെന്ന് തെറ്റിദ്ധരിച്ച് സൌദി ജയില്‍ അധികൃതര്‍ ഇയാളുടെ ശിക്ഷയില്‍ ഇളവ് നല്‍കുകയും ചെയ്തു. ജയില്‍ മോചിതനായ ശേഷവും മതംമാറ്റത്തിന്റെ പേരില്‍ ഇയാള്‍ ടൂര്‍ അടിച്ചുവെത്രെ.
സൌദി മോസ്കുകളില്‍ നിസ്കരിക്കുകയും താന്‍ മുസ്ലീമാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തുകൊണ്ട് സര്‍ക്കാരിനെ പറ്റിക്കുകയും മതകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ മക്കയിലേക്കും മദീനയിലേക്കും വിനോദസഞ്ചാരം സംഘടിപ്പിക്കുകയും ചെയ്തു. ഏകദേശം ഒരുവര്‍ഷം മുമ്പ് പാസ്‌പോര്‍ട്ടില്‍ റീഎന്‍ട്രി അടിച്ച്, സ്പോണ്‍സറെ പറ്റിച്ച് നാട്ടിലേക്ക് കടക്കുകയായിരുന്നു പ്രസന്നകുമാരന്‍. അന്ന് മുങ്ങിയ പ്രസന്നകുമാരനെ കഴിഞ്ഞ ദിവസം ടിവി അഭിമുഖത്തിനിടെയാണ് തൈമയിലെ മലയാളികള്‍ കാണുന്നത്.
പ്രസന്നകുമാരന്റെ സുഹൃത്തുക്കളായിരുന്ന മലയാളികളോട് പ്രസന്നകുമാരനെ തേടിപ്പിടിക്കാന്‍ സഹായിക്കണമെന്ന് പലപ്പോഴും സ്പോണ്‍സര്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ പ്രസന്നകുമാരന്‍ എവിടെ നിന്നുള്ള ആളാണെന്ന് ആര്‍ക്കും അറിവില്ലായിരുന്നു. മകന്‍ ഓംപ്രകാശിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഇയാള്‍ ക്രിമിനലെന്ന് ആരോപിക്കപ്പെടുന്ന ഓംപ്രകാശിന്റെ അച്ഛനാണെന്ന് മലയാളികള്‍ക്ക് മനസിലായത്. വിവരം സ്പോണ്‍സറെ അറിയിക്കാന്‍ ഒരുങ്ങുകയാണ് തൈമയിലെ മലയാളികള്‍.
പ്രസന്നകുമാരന്റെ മറ്റൊരു മകനും ഓംപ്രകാശിന്റെ സഹോദരനുമായ പ്രഭാതും മതം മാറിയെന്ന വ്യാജേന അലി എന്ന പേരു സ്വീകരിച്ച് നാട്ടിലെത്തിയിട്ടുണ്ടെന്നും തൈമയിലെ മലയാളികള്‍ പറയുന്നു. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അപ്പോള്‍ ഓംപ്രകാശ് ക്രിമിനല്‍ ആയതില്‍ അത്ഭുതപ്പെടാനില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എന്തായാലും, ഓംപ്രകാശിനെ വെള്ളപൂശാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് തൈമയിലെ മലയാളികളുടെ വെളിപ്പെടുത്തല്‍.