ഒരേയൊരിന്ത്യ, ഒരൊറ്റ ഇന്ദിര

WDWD
ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരിലൊരാളായിരുന്നു ഇന്ദിരാ പ്രിയദര്‍ശിനി. അടിയന്തരാവസ്ഥ ഒരു കറുത്ത പാടായി ശേഷിക്കുന്നുണ്ടെങ്കിലും ഇന്ദിരയുടെ ഓര്‍മ്മകള്‍ക്ക് ഭാരതത്തില്‍ പൊന്‍തിളക്കമാണുള്ളത്.

ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മ പുതുക്കുന്ന ഈ കാലം കോണ്‍ഗ്രസ് പുകഞ്ഞു കൊണ്ടിരിക്കുന്നു എന്നത് വിരോധാഭാസമാണ്.എങ്കിലും ജ്വലിക്കുന്ന നക്ഷത്രമായി ഭാരതത്തിന്‍റെ ഹൃദയത്തില്‍ ഇന്ദിര ഇന്നും ജീവിക്കുന്നു.

രാഷ്ട്രം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്‍‌മദിന സ്മരണ പുതുക്കുകയാണ് 2007 നവംബര്‍ 19 ന് .ഇന്ദിരാഗാന്ധിയുടെ തൊണ്ണൂറാം ജന്‍‌മദിനമാണ്.

ഇന്ദിരാഗാന്ധിയുടെ പിറന്നാള്‍ ദിനം ദേശീയോദ്ഗ്രഥന ദിനമായാണ് ആചരിക്കുന്നത്. ക്വാമി ഏകതാ വാരവും ഇന്ന് തുടങ്ങും

പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്, ഐക്യജനാധിപത്യ പുരോഗമനസഖ്യം ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധി എന്നിവര്‍ ഇന്ദിരാഗാന്ധിയുടെ ഡല്‍ഹിയിലുള്ള ശവകുടീരമായ ശക്തിസ്ഥലില്‍ പ്രണാമമര്‍പ്പിച്ചു.


1917 നവംബര്‍ 19 ന് അലഹബാദിലെ ആനന്ദഭവനില്‍ ജനനം. പ്രിയദര്‍ശിനി അതായിരുന്നു അച്ഛനമ്മമാരിട്ട പേര്

ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ ഭരണാധികാരിയുടെ പിറവിയായിരുന്നു അത്- ഇന്ദിരാഗാന്ധിയുടെ! 1984 ഒക്ടോബര്‍ 31ന് രാജ്യത്തിനു വേണ്ടി അവര്‍ രക്തസാക്ഷിയായി.

സ്വാതന്ത്ര്യാനന്തരം പതിനേഴു വര്‍ഷം ഇന്ത്യ ഭരിച്ച അച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയോ കുടുംബ പാരമ്പര്യത്തിന്‍റെയോ പേരിലല്ല ഇന്ദിര ഇന്ത്യയുടെ അനിഷേധ്യ നേതാവായി വളര്‍ന്നത്.

സ്വാതന്ത്ര്യ സമരത്തിന്‍റെ തീവ്രത അനുഭവപ്പെട്ടിരുന്ന ഇരുപതുകളില്‍ മഹാത്മാഗാന്ധി ആനന്ദഭവനില്‍ എത്തുമായിരുന്നു. രാഷ്ട്രീയ ജനനായകരെ അടുത്തറിയാന്‍ കുട്ടിക്കാലത്തേ പ്രിയദര്‍ശിനിക്ക് കഴിഞ്ഞിരുന്നു.

എളിമയുടെ കരുത്തില്‍ വിശ്വസിച്ചിരുന്ന സബര്‍മതി ആശ്രമവും അവിടത്തെ ജീവിത രീതികളും സന്ദര്‍ശകയായി എത്തിയ ഇന്ദിരയെ സ്വാധീനിച്ചിരിക്കണം. പലയിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പുനെയില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായി. ടാഗോറിന്‍റെ ശാന്തിനികേതനില്‍ പഠിച്ചു.

സ്വിറ്റ്സര്‍ലണ്ടിലും ഇംഗ്ളണ്ടിലും പഠനം തുടര്‍ന്നു. അമ്മ കമലാ നെഹ്റുവിന്‍റെ ആകസ്മിക മരണത്തിനു ശേഷം ഇന്ദിര ഓക്സ്ഫോര്‍ഡിലെത്തി. യുദ്ധത്തിന്‍റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരുന്ന യൂറോപ്പില്‍ പക്ഷെ പഠനം തുടരാനായില്ല.

1942 മാര്‍ച്ചില്‍ ഫിറോസ് ഗാന്ധിയുമായുള്ള വിവാഹം. അതോടെ പ്രിയദര്‍ശിനി ഇന്ദിരാ ഗാന്ധിയായി മാറി. 1959 ല്‍ ഇന്ദിര കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷയായി.

ഇന്ദിരയെ ഏറെ തളര്‍ത്തിയ സംഭവമായിരുന്നു നെഹ് റുവിന്‍റെ മരണം. 1964 ലായിരുന്നു സ്വതന്ത്ര ഭാരതത്തിന്‍റെ ആ രാജ ശില്‍പിയുടെ വിയോഗം. ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് ഇന്ദിര കൈകാര്യം ചെയ്തു.


ജീവിതരേ

ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും കമലാ നെഹ്റുവിന്‍റെയും മകളായി 1917 നവം. 19-ന് ജനനം.

ശാന്തിനികേതനില്‍ കുറച്ചുകാലം പഠിച്ചു(1934) അമ്മയുടെ രോഗം നിമിത്തം പൂര്‍ത്തിയാക്കിയില്ല.അമ്മയുടെ മരണശേഷം (1936) യൂറോപ്പില്‍ പഠനം തുടര്‍ന്നു.

1941-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

1942-ല്‍ ഫിറോസ് ഗാന്ധിയെ വിവാഹം ചെയ്തു.

1955-ല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായി.

1960-ല്‍ ഫിറോസ് ഗാന്ധി അന്തരിച്ചു

1964-ല്‍ നെഹ്റു അന്തരിച്ചു .നെഹ്റുവിന്‍റെ മരണശേഷം ലാല്‍ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായി.

ശാസ്ത്രിയുടെ മരണത്തെത്തുടര്‍ന്ന് (1966) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി.

1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നെങ്കിലും 1971-ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാപക്ഷം വിജയിച്ച് വീണ്ടും പ്രധാനമന്ത്രിയായി.

1973-ല്‍ ചേരിചേരാ രാഷ്ട്രസമ്മേളനത്തിന്‍റെ അധ്യക്ഷയായി.

1972ല്‍ ഭാരതരത്നം ബഹുമതി ലഭിച്ചു. ആദ്യ ബഹിരാകാശയാത്ര, റോക്കറ്റ് വിക്ഷേപണം, ആദ്യ അണു പരിക്ഷണ സ്ഫോടനം, അന്‍റാര്‍ട്ടിക്ക യാത്ര തുടങ്ങിയ ശാസ്ത്രനേട്ടങ്ങളും ഇന്ദിരാഭരണകാലത്തിന്‍റെ സംഭാവനയാണ്.

1975 ജൂണ്‍ 12-ന് അലാഹാബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ആറ് കൊല്ലത്തേക്ക് തെരഞ്ഞെടുപ്പില്‍ നില്‍ക്കരുതെന്നും വിധിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു എന്നതായിരുന്നു കുറ്റം. ഇന്ദിര രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതിയുടെ സ്റ്റേ ഉപയോഗിച്ച് അധികാരത്തില്‍ തുടരുകയും ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥ അതിക്രമങ്ങള്‍ ജനരോഷം ഇളക്കി വിട്ടു.

1977 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ഇന്ദിരാഗാന്ധിയും പരാജയപ്പെട്ടു. ജനതാഭരണത്തിന് (77-80) ശേഷം 1980 ജനുവരിയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് വീണ്ടും പ്രധാനമന്ത്രിയായി.

16 വര്‍ഷത്തെ ഭരണകാലത്ത് ബാങ്ക് ദേശസാത്കരണം, സിക്കിമിനെ ഇന്ത്യന്‍ സംസ്ഥാനമാക്കല്‍, ബംഗ്ളാദേശ് മോചനയുദ്ധം, ബ്ളൂസ്റ്റാര്‍ ഓപ്പറേഷന്‍ തുടങ്ങിയവ നടന്നു

1984 ഒക്ടോബര്‍ 31ന് ന്യൂഡല്‍ഹിയിലെ വസതിയില്‍ രണ്ട് സിക്ക് സുരക്ഷാ ഭടന്മാരുടെ വെടിയേറ്റമരിച്ചു .

സിക്ക് വിഘടനവാദികളെ സുവര്‍ണ്ണക്ഷേത്രത്തില്‍ നിന്ന് തുടച്ചുനീക്കുന്നതിന് നടത്തിയ പട്ടാള നടപടികളിലുള്ള (ഓപ്പറേഷന്‍ ബ്ളൂ സ്റ്റാര്‍) പ്രതികാരമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെതന്നെ സുരക്ഷാഭടന്മാരായിരുന്ന ബിയാന്ത് സിങ്, സത്വന്ത് സിങ് എന്നിവരുടെ നടപടി.

രാജ്യത്ത് 12 ദിവസത്തെ ദുഃഖാചരണം. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 31-ന് വൈകുന്നേരം അവരുടെ പുത്രനും കോണ്‍ഗ്രസ് (ഐ) ജനറല്‍ സെക്രട്ടറിയുമായ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

വെബ്ദുനിയ വായിക്കുക