കേരളത്തിലെ പ്രതിപക്ഷ നേതാവും, മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് 65 വയസ്സായി.
പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്, സഹപ്രവര്‍ത്തകരുടെ ഒ.സി -- ഉമ്മന്‍ ചാണ്ടി എന്നും ജനങ്ങളുടെ പ്രിയപ്പെട്ടവനാണ്. പുതുപ്പള്ളിയുടെ പ്രശ്നങ്ങള്‍ അറിയാന്‍ എന്നും സമയം കണ്ടെത്തിയിരുന്ന കുഞ്ഞൂഞ്ഞെന്ന ഉമ്മന്‍ ചാണ്ടിയെ സ്നേഹിക്കാത്തവര്‍ ചുരുക്കമാണ്.
എട്ട് തവണ തുടര്‍ച്ചയായി(33 കൊല്ലം) പുതുപ്പള്ളിയെ നയിച്ച ഉമ്മന്‍ ചാണ്ടി ഇനി സംസ്ഥാനത്തെ വിദഗ്ദമായി നയിച്ചു. കേരളത്തിന്‍റെ സ്വന്തം കുഞ്ഞൂഞ്ഞ് ആകാന്‍ ഉമ്മന്‍ ചാണ്ടിക്കായി എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം നയിച്ച് കോണ്‍ഗ്രസ്സ് എട്ടു നിലയില്‍ പൊട്ടി.
എ.കെ.ആന്‍റണിയുടെ സന്തത സഹചാരിയായിരുന്ന ഉമ്മന്‍ ചാണ്ടി ആന്‍റണിക്ക് പകരക്കാരനായാണ് അധികാര സ്ഥാനങ്ങളിലെത്തിയത്. മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടതും ആന്‍റണിയും ആശിര്‍വാദത്തോടെയാണ്. രാഷ്ട്രീയജീവിതത്തിലെന്നും എ.കെ ആന്‍റണിക്ക് പിന്നില്‍ ഉറച്ചു നിന്ന ഈ കോട്ടയംകാരന്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെയും ബാലജനസംഖ്യത്തിന്‍റെ നേതാവായുമാണ് കേരള രാഷ്ട്രീയത്തില്‍ എത്തുന്നത്.
ചീകിയോതുക്കാത്ത തലമുടിയുമായി രാഷ്ട്രീയ കേരളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വളര്‍ച്ച പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു.
അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ചാണ്ടി പിന്നീട് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനോടുള്ള അതൃപ്തിമൂലം ധനമന്ത്രി കസേരയും വലിച്ചെറിഞ്ഞിട്ടുണ്ട്. എം.എ.കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോഴായിരുന്നു ഈ രാജിവയ്ക്കല്‍.
സംസ്ഥാന യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പുനഃസംഘടിപ്പിക്കപ്പെട്ട കെ.പി.സി.സി സെക്രട്ടറിയായി എ.കെ.ആന്‍റണി ചുമതലയേറ്റപ്പോള്‍ യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതും ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു.
പുതുപ്പളളി എം.ഡി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയുടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പുതുപ്പള്ളി സെന്‍റ് ജോര്‍ജ് സ്കൂളിലായിരുന്നു. കോളജ് വിദ്യാഭ്യാസം തുടങ്ങിയത് കോട്ടയം സി.എം.എസ്. കോളജിലും. ചങ്ങനാശേരി എസ്.ബി. കോളജില്‍നിന്നും ബി.എ. ബിരുദവും എറണാകുളം ലോ കോളജില്‍നിന്നും നിയമ ബിരുദവും നേടി.
1959-60 കാലയളവില്‍ പുതുപ്പള്ളി ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ട ഉമ്മന്‍ചാണ്ടിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സി.എം.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പടിക്കുമ്പോള്‍ കെ.എസ്.യു. ജില്ലാ സെക്രട്ടറിയായി.
എസ്.ബി.കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്‍റായി. എ.കെ.ആന്‍റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായപ്പോള്‍ ഉമ്മന്‍ചാണ്ടി വൈസ് പ്രസിഡന്‍റായി. ആന്‍റണി കെ.പി.സി.സി. മെമ്പറായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് ആക്ടിംഗ് പ്രസിഡന്‍റായി. 1970 ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ ആയി.
പരേതനായ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനാണ് പുതുപ്പള്ളിയുടെ ഈ കുഞ്ഞൂഞ്ഞ്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായ മറിയാമ്മയാണ് ഭാര്യ. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍ കോളജ-ില്‍ ബി.എ ചരിത്ര വിദ്യാര്‍ത്ഥിയായ ചാണ്ടി ഉമ്മന്‍ മകനാണ്.
ഉമ്മന്‍ ചാണ്ടിയുടെ മൂത്ത മകള്‍ മറിയം വിവാഹിതയാണ്. മുത്തൂറ്റ് കുടുംബത്തിലെ റിക്കി മാത്യുവാണ് ഭര്‍ത്താവ്. രണ്ടാമത്തെ മകളായ അച്ചു ഉമ്മന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാണ്.