ഈ രാജാക്കന്‍‌മാര്‍ നഗ്‌നരാ‍ണ്!

തിങ്കള്‍, 7 ജനുവരി 2013 (19:07 IST)
PRO
സ്തുതിപാഠകരാല്‍ കബളിപ്പിക്കപ്പെട്ട പൂര്‍ണ്ണ നഗ്നനായ ആ പാവം രാജാവ്‌ രാജവീഥിയിലൂടെ ഗര്‍വോടെ നടന്നു. നഗ്നനായി നടന്നുപോകുന്ന രാജാവിനെ നോക്കി, ശിക്ഷ കിട്ടുമെന്ന് ഭയന്ന് പ്രജകള്‍ ‘മനോഹരം, മനോഹരം’ എന്ന് പുകഴ്ത്തി. തന്‍റെ മാന്ത്രിക വസ്‌ത്രം കണ്ട്‌ ജനങ്ങള്‍ തന്നെ അഭിനന്ദിക്കുന്നതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ രാജാവ്‌ എല്ലാവര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിച്ച്‌ നടന്നു നീങ്ങി.

പക്ഷേ, കുറെ ദൂരം ചെന്നപ്പോള്‍ രാജാവ്‌ പെട്ടെന്ന്‌ നിന്നു. ഒരു കൊച്ചു കുട്ടി മാത്രം രാജാവിനെ നോക്കി ചിരിക്കുന്നു. രാജാവ്‌ ഉടനെ ആ കുട്ടിയെ വിളിച്ച് കാരണം ചോദിച്ചു. എന്റെ മനോഹരമായ വസ്‌ത്രം കണ്ട്‌ ജനങ്ങള്‍ സന്തോഷിക്കുമ്പോള്‍ നീ മാത്രം എന്തുകൊണ്ടാണ്‌ കളിയാക്കി ചിരിക്കുന്നതെന്നു രാജാവ്‌ ചോദിച്ചു. ശിക്ഷയെക്കുറിച്ച് ഭയമില്ലാത്ത ആ ബാലന്‍ പറഞ്ഞു - ‘അല്ലയോ രാജാവേ, അങ്ങ്‌ നഗ്‌നനാണ്’ !

പദവിയുടെ ഉത്തുംഗശൃംഗത്തിലിരിക്കുമ്പോള്‍ കുറിക്കു കൊള്ളുന്ന വിമര്‍ശനം കേട്ട് തങ്ങളുടെ നില തിരിച്ചറിഞ്ഞ ചില അഭിനവ രാജാക്കന്മാര്‍ സിനിമയിലും രാഷ്ട്രീയത്തിലുമുണ്ട്. ചിലര്‍ ആ വിമര്‍ശനങ്ങളിലെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞപ്പോള്‍, മറ്റുചിലര്‍ ആ വിമര്‍ശനം അസൂയ മാത്രമായി കാണുന്നു. എന്നാല്‍ വിമര്‍ശനങ്ങളുണ്ടാകുമ്പോള്‍ അതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണ് അധികവും. കേരളത്തിലെ യു ഡി എഫ് മന്ത്രിസഭയ്ക്കെതിരെ ആന്‍റണി നടത്തിയ വിമര്‍ശനമാണ് സമീപകാലത്ത് ഏറ്റവും ചര്‍ച്ചാവിഷയമായ ഒരു സംഭവം. മന്ത്രിസഭയുടെ പ്രതിച്ഛായയെ വരെ ആ വിമര്‍ശനം ബാധിച്ചു. എന്നാല്‍ ഈ വിമര്‍ശനത്തില്‍ തളരില്ലെന്ന് കാണിച്ച് വിമര്‍ശനത്തെ ഒരു തണലാക്കി സര്‍ക്കാര്‍ മുന്നോട്ട് പോയി. എന്നാല്‍ വിമര്‍ശകര്‍ തന്റെയുള്ളിലെ വെല്ലുവിളി മനോഭാവം വളര്‍ത്തിയെടുത്തെന്ന് നമ്മുടെ ‘ബോള്‍ഡ് ഗേള്‍’ രഞ്ജിനി ഹരിദാസ് പറയുന്നു. മലയാളം അറിയില്ലെന്ന് വിമര്‍ശകര്‍ ആക്ഷേപിച്ചപ്പോള്‍ അത് ഒരു വെല്ലുവിളിയായി സ്വീകരിച്ച് മലയാള ഉച്ചാരണം മെച്ചപ്പെടുത്തുന്നതില്‍ ഒരു പരിധി വരെ താന്‍ വിജയിച്ചതായി രഞ്ജിനി വെളിപ്പെടുത്തുന്നു...

PRO
അടുത്തിടെ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പലരെയും കുറിച്ച് ഉയര്‍ന്നുകേട്ട ചില വിമര്‍ശനങ്ങള്‍:

സമൂഹത്തിനുവേണ്ടി യേശുദാസ് എന്ത് ചെയ്തു?

യേശുദാസ് കിട്ടുന്ന പണം മുഴുവന്‍ കുടുംബത്തിനുവേണ്ടി ചെലവഴിക്കുന്നുവെന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍ വിമര്‍ശിച്ചതാണ് അതില്‍ പ്രധാനപ്പെട്ടത്. “പാട്ടിന്‍റെ ദിവ്യത്വം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഗാനഗന്ധര്‍വനെന്ന് വിളിക്കുന്ന യേശുദാസ് കിട്ടുന്ന പണം മുഴുവന്‍ നിക്ഷേപിക്കുകയും കുടുംബത്തിനുവേണ്ടി മാത്രം ചെലവഴിക്കുകയുമാണ്. സമൂഹത്തിനുവേണ്ടി അദ്ദേഹം എന്തെങ്കിലും ചെയ്യുന്നില്ലെങ്കില്‍ എവിടെയാണ് സാമൂഹികക്ഷേമമുള്ളത്?” - ജി സുധാകരന്‍ ചോദിച്ചു.

മെഗാസ്റ്റാറുകള്‍ക്കെതിരെ ഒരു മഹാനടന്‍

മഹാനടന്‍ തിലകന്‍ മണ്‍മറഞ്ഞിട്ടും സിനിമാലോകത്തിന് വലിയ ഒരു തിരിച്ചറിവാണ് തിലകന്‍ നല്‍കിയത്. താരാധിപത്യത്തിനെതിരെ മരണം കൊണ്ടും ആ മഹാനടന്‍ ചോദ്യം ചെയ്തു.

മോഹന്‍ലാല്‍ എന്ന നടന്‍ കുറേ ഉപഗ്രഹങ്ങള്‍ക്കിടയിലാണെന്ന് തിലകന്‍ പറഞ്ഞത് അങ്ങനെയൊരു സത്യം അറിയുന്നതുകൊണ്ടായിരുന്നു. ദിലീപിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ അതിനെയും തിലകന്‍ എതിര്‍ത്തു. ദിലീപ് അവാര്‍ഡ് അര്‍ഹിക്കുന്നില്ലെന്നാണ് തിലകന്‍ പറഞ്ഞത്. മമ്മൂട്ടിയും തിലകന്റെ നിശിത വിമര്‍ശനം ഏറ്റു വാങ്ങി. തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി മലയാള സിനിമയെ നശിപ്പിക്കുന്നത് താരാധിപത്യമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

PRO
ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെതിരെ ബ്രിട്ടീഷ് പത്രം നടത്തിയ അധിക്ഷേപത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തയാള്‍, സോണിയാ ഗാന്ധിയുടെ പാവക്കുട്ടി- പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ ബ്രിട്ടിഷ്, അമേരിക്കന്‍ മാധ്യമങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അതിരൂക്ഷമായി ആക്രമിച്ചു. മന്‍‌മോഹന്‍ ഒരു ദുരന്തചിത്രമാണ് എന്നാണ് പ്രമുഖ യു എസ് പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് വിലയിരുത്തല്‍ നടത്തിയത്.

‘ഇന്ത്യയുടെ മൗനിയായ പ്രധാനമന്ത്രി ഒരു ദുരന്ത ചിത്രമാണ്‘- 79-കാരനായ മന്‍‌മോഹന്‍ സിംഗിനെ വാഷിംഗ്ടണ്‍ പോസ്റ്റ് ഇങ്ങനെ വിലയിരുത്തി. ഇന്ത്യയെ ശക്തമാക്കാനും ആധുനികവത്കരിക്കാനും പ്രാപ്തനായ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ഒരു പരാജയമായി ചരിത്രത്തില്‍ ഇടം‌പിടിക്കാന്‍ പോകുകയാണ് അദ്ദേഹം എന്നും പത്രം പറഞ്ഞു. മന്‍‌മോഹന്‍ സിംഗ് കടുത്ത മാനക്കേടിലേക്കാണ് നടന്നുനീങ്ങുന്നത്. ഭീരുത്വം, സത്യസന്ധതയില്ലായ്മ എന്നിവയിലൂടെ ദുരന്തകഥാപാത്രമായി മാറുകയാണ്. മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡില്‍ ഇടുന്നതിന് ‘മന്‍‌മോഹന്‍ സിംഗ് മോഡില്‍ ഇടൂ‘ എന്നാണ് പലരും പരിഹസിച്ച് പറയുന്നതെന്നും പത്രം വിമര്‍ശിക്കുന്നുണ്ട്.

"തന്റെ പദവിക്ക് അദ്ദേഹം കടപ്പെട്ടിരിക്കുന്നത് സോണിയ ഗാന്ധിയോടാണ്. രാഹുല്‍ ഗാന്ധിക്ക് വഴിയൊരുക്കാന്‍ മന്‍മോഹന്‍സിംഗ് സ്ഥാനമൊഴിയണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്നുതന്നെ ഉയരുന്നുണ്ട്. ഉദാരവത്ക്കരണത്തിന്‍െറ ക്രെഡിറ്റ് നരസിംഹറാവു മന്ത്രിസഭയിലിരുന്ന് നേടിയയാളാണ് മന്‍മോഹന്‍സിങ്. എന്നാല്‍, അദ്ദേഹം ഉണ്ടാക്കിയെടുത്ത പേരിന് ആജീവനാന്ത പരിക്കേറ്റു. ചരിത്രത്തില്‍ ഇടം ഉറപ്പിക്കാന്‍ സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യേണ്ടത് മന്‍മോഹന്‍ തന്നെയാണ്" -ഇന്‍ഡിപെന്‍ഡന്‍റ് പറയുന്നു.

മന്‍‌മോഹന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ നീരാവി പോലെ ആയിപ്പോയെന്നും അതിനാല്‍ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായി എന്നും പത്രം കുറ്റപ്പെടുത്തുന്നു. മന്‍മോഹന്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തയാളാണെന്നും ആത്മവിശ്വാസമില്ലാത്തയാളാണെന്നും യു.എസ് മാസികയായ 'ടൈം' വിലയിരുത്തി.

PRO
രാഷ്ട്രപതിയായിരുന്ന സമയത്ത് പ്രതിഭാപാട്ടീല്‍ വിദേശ യാത്രക്കായി 200 കോടി രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നു. രാഷ്ട്രപതി പദവി കാലാവധി പൂര്‍ത്തികരിക്കാന്‍ നാലുമാസം ബാക്കിയിരിക്കെ വിദേശയാത്രക്ക് പ്രതിഭാപാട്ടീല്‍ 205 കോടി രൂപ ചെലവാക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളിലാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്.ചുമതലയേറ്റശേഷം രാഷ്ട്രപതി 12 യാത്രകളിലായി 22 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. യാത്രകള്‍ക്ക് ആകെ 79 ദിവസമെടുത്തു. എയര്‍ ഇന്ത്യ വിമാനം ചാര്‍ട്ടര്‍ചെയ്യുന്നതിനുവേണ്ടി മാത്രം 169കോടി രൂപയായി. താമസം, ഭക്ഷണം, ദിനബത്ത, മറ്റുചെലവുകള്‍ തുടങ്ങിയതിലേക്കായി 36കോടി രൂപ ചെലവായി.യാത്രയില്‍ മിക്കപ്പോഴും കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം 12 യാത്രകള്‍ നടത്തിയെങ്കിലും 17 രാജ്യങ്ങളിലാണ് സഞ്ചരിച്ചത്.

ആന്റണി നല്‍കിയ സര്‍ട്ടിഫിക്കറ്റ്

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാനും അവയോട് സഹകരിക്കാനും കോണ്‍ഗ്രസ് സര്‍ക്കാരിനേക്കാള്‍ സംസ്ഥാനത്ത് മുന്നിട്ട് നിന്നത് ഇടതു സര്‍ക്കാരാണെന്നും. ഒന്നരവര്‍ഷമായി കേരളത്തിലേക്ക്‌ പദ്ധതികള്‍ കൊണ്ടുവരാനുള്ള ധൈര്യം ചോര്‍ന്നുപോയെന്നും കേന്ദ്ര പ്രതിരോധമന്ത്രി ആന്റണി.കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന കേരള രാഷ്ട്രീയത്തില്‍ ചൂട് പിടിച്ച വിവാ‍ദങ്ങള്‍ക്ക് കാ‍രണമായി. ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ്‌ ഉമ്മന്‍ചാണ്ടി കഴുത്തില്‍ കെട്ടിത്തൂക്കട്ടെയെന്ന്‌ വി എസ്‌ പരിഹസിച്ചു. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ ആളാണ്‌ ആന്റണി.എമര്‍ജിംഗ് കേരളയും അതിവേഗം ബഹുദൂരവും മുന്നോട്ട് പോയെന്ന് കരുതിയ മന്ത്രി സഭ കുറച്ചെങ്കിലും സ്വയം തിരിച്ചറിയാന്‍ ഈ വിമര്‍ശനം സഹായിച്ചു.

PRO
ചോദ്യം ചെയ്യാനായി മാത്രം നാവുചലിപ്പിക്കുന്ന മാധ്യമങ്ങളെന്ന ഒരു വിഭാഗത്തിനെതിരെ ഉയര്‍ന്ന ഏറ്റവുംവലിയ ചോദ്യമായിരുന്നു നമ്പി നാരായണനെന്ന ശാസ്ത്രഞ്ജന്‍.അന്താരാഷ്ട്ര സംഘടനകളില്‍ ജോലിചെയ്യാന്‍ അവസരമുണ്ടായിട്ടും രാജ്യസേവനത്തിനായി ഇന്ത്യയില്‍ തന്നെ ജോലിചെയ്യാന്‍ തീരുമാനിച്ച ആ ശാസ്ത്രഞ്ജന്‍ മാധ്യമങ്ങള്‍ക്ക് സ്വയം വിമര്‍ശനത്തിനുതന്നെ ഒരു കാരണമായി.

ശിക്ഷിക്കപ്പെടുന്നതുവരെ കുറ്റവാളിയെ നിരപരാധിയായി കാണണമെന്നാണ്‌ നിയമവ്യവസ്ഥ. പക്ഷേ കോടതികൂട്ടില്‍ കയറുന്നതിനു മുന്‍പ് നിറം പിടിപ്പിച്ച കഥകളിലൂടെ മാധ്യമങ്ങള്‍ നമ്പിനാരായണനെ കുറ്റവാളിയാക്കി വിധി പ്രഖ്യാപിക്കുകയും ശിക്ഷ നല്‍കുകയും ചെയ്തു.

പക്ഷേ അന്ന് നമ്പിനാരായണെന്റെ വിധിയില്‍ സംശയം പ്രകടിപ്പിച്ച കുറെ പത്രപ്രവര്‍ത്തകരുണ്ട്. കെ എം റോയിയെയും സക്കറിയെയും പോലുള്ളവര്‍ സമൂഹം അന്ന് അവര്‍ക്കും വിലക്ക് കല്‍പ്പിച്ചു ഇപ്പോള്‍ സത്യം വെളിയില്‍ വന്നിരിക്കുന്നു. മാധ്യമലോകം നാണക്കേട് മറയ്ക്കാന്‍ അഭിമുഖ നാടകങ്ങള്‍ നടത്തി സമാധാനിച്ചു പക്ഷേ ആ മാപ്പ് പറച്ചിലിനേക്കാളും ആത്മാര്‍ഥത തോന്നിയ വാക്കുകള്‍ നമ്പിനാരായണന്റെ ഇന്റര്‍വ്യൂ വായിച്ച ശേഷം ഒരു സാധാരണക്കാരനെഴുതിയതാണ്.സര്‍ ഞാനും താങ്കളെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്ത വായിച്ച് തെറ്റിദ്ധരിക്കപ്പെട്ട ഒരാളാണ്. കോടതിയില്‍ താങ്കളെ കൊണ്ടുവന്നപ്പോള്‍ ഞാനും താങ്കളെ രാജ്യദ്രോഹിയെന്ന് വിളിച്ചു ചെരുപ്പെറിഞ്ഞു. ഇപ്പോള്‍ ഞാന്‍ ചെയ്ത തെറ്റ് ഞാന്‍ മനസിലാക്കുന്നു എന്നോട് ക്ഷമിക്കൂ‍...

എന്നെ ക്രിക്കറ്റ് പഠിപ്പിച്ചത് വിമര്‍ശകരല്ല

തുടര്‍ച്ചയായി മോശം ഫോം തുടരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടരണോ എന്ന കാര്യം തീരുമാനിക്കാന്‍ സമയമായെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഭാവിയെകുറിച്ച് സച്ചിന്‍ സെലക്ടര്‍മാരോട് സംസാരിച്ച് തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നും കപില്‍ ദേവ് . ഫോമിലല്ലാത്തവരെ ടീമില്‍ ഉള്‍പ്പെടുത്തി മുന്നോട്ട് പോകുന്നത് ദോഷം ചെയ്യുമെന്നും കപില്‍ .ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്ന അഭിപ്രായവുമായി സുനില്‍ ഗാവസ്ക്കറും രംഗത്തെത്തി. ഭാവി സംബന്ധിച്ച് സെലക്ടറുമാരുമായി സച്ചിന്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഗാവസ്ക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വളരെക്കാലം മികച്ച നിലവാരത്തില്‍ സച്ചിന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. ഇതിനിടയില്‍ വളരെ കുറച്ച് സമയം മാത്രമാണ് റണ്‍സ് കണ്ടെത്താനാകാതെ മോശം ഫോമില്‍ അദ്ദേഹം കളിച്ചത്. എന്നാല്‍ ഇപ്പോള്‍ സെലക്ടറുമാരുമായി ഒരു ചര്‍ച്ച നടത്തുന്നത് നല്ലതായിരിക്കുമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഗവാസ്ക്കര്‍ പറഞ്ഞു. അതേസമയം സച്ചിന്‍റെ ഭാവി സംബന്ധിച്ച് സെലക്ടര്‍മാര്‍ എന്തു തീരുമാനിച്ചാലും വിരമിക്കലിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സച്ചിന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

വാല്‍: അന്യന്മാരുടെ പ്രവൃത്തികളില്‍ ഗുണവും ദോഷവും കണ്ടു പറവാന്‍ തുനിയുന്നവര്‍ അവരുടെ പ്രവൃത്തികളുടെ ഗുണദോഷങ്ങളെ സൂക്ഷ്മമായി അറിയണം. ഈ വിഷയത്തില്‍ അവന്നു ആ അന്യന്മാരോളമെങ്കിലും അറിവു ആ സംഗതിയില്‍ ഉണ്ടായിരിക്കണം(സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള).

വെബ്ദുനിയ വായിക്കുക