ഈ മൌനം വി‌എസിന് ഭൂഷണമോ?

PRD
കടമ മറന്നോ നമ്മുടെ മുഖ്യന്‍?

ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ പത്ര സമ്മേളനത്തിന്‍റെ ടി ആര്‍ പി റേറ്റിംഗ് എത്രയാണെന്ന് ഇനിയും കണക്കാക്കിയിട്ടില്ല. എന്തായാലും അത് നമ്മുടെ കണ്ണീര്‍ സീരിയലുകളില്‍ ഏറ്റവും ജനപ്രിയമായതിന്‍റെ റേറ്റിംഗിനെപ്പോലും കവച്ചുവെക്കുമെന്നുറപ്പാണ്. കാരണം എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ വി എസ് തുടര്‍ന്നുവന്ന മൌനം ഭഞ്ജിക്കുന്നത് കാണാന്‍ കാത്തിരുന്നത് ഒരു സംസ്ഥാനം മുഴുവനായുമായിരുന്നു.

എന്നാല്‍ മന്ത്രിസഭാ യോഗത്തിനുശേഷമുള്ള മാധ്യമസമ്മേളനങ്ങളെ എന്നും സ്വന്തം നിലപാട് വിശദീകരിക്കാനുള്ള വേദികൂടിയാക്കിയിട്ടുള്ള മുഖ്യമന്ത്രി മാധ്യമങ്ങളെ മാത്രമല്ല പിണറായിയെപ്പോലും നിരാശനാക്കി എന്നതാണ് പരമാര്‍ത്ഥം. വി എസ് മന്ത്രിസഭയിലെ മന്ത്രിമാര്‍ പോലും വി എസിന്‍റെ പ്രതികരണം ഏതുരീതിയിലാവുമെന്നറിയാന്‍ ഒരു എസ് എന്‍ സ്വാമി സിനിമ കാണുന്ന സസ്പെന്‍സോടെ ടി വിക്ക് മുന്നില്‍ കുത്തിയിരുന്നിരുന്നു. എന്നാല്‍ മാധ്യമസമ്മേളനം കഴിഞ്ഞ് വി എസ് ലോംഗ്ഷോട്ടില്‍ നടന്നു മറഞ്ഞിട്ടും പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറിയെ പ്രതിരോധിച്ച് അല്ലെങ്കില്‍ സെക്രട്ടറിക്ക് എതിരെ വി എസ് ഒരു വാക്കെങ്കിലും പറയുമെന്ന്.

ഇതൊക്കെയാണെങ്കിലും വി എസിന്‍റെ മാധ്യമ സമ്മേളനം ഒരു ഉണ്ടയില്ലാ വെടിയായിരുന്നില്ല. എന്നതാണ് സത്യം. ഭരണഘടനാ വിധേയമായി താന്‍ ചെയ്യേണ്ട കാര്യങ്ങളേ ചെയ്യൂ എന്നറിയിച്ച വി എസ് ഇപ്പൊള്‍ തന്‍റെ കൂറ് തന്നെ മുഖ്യമന്ത്രിയാക്കിയ പാര്‍ട്ടിയുടെ ഭരണഘടനയോടാണോ അതൊ സംസ്ഥാനത്തിന്‍റെ ഭരണഘടനയോടാണോ എന്ന് വ്യക്തമാക്കിയില്ല. അടിസ്ഥാനപരമായി വി എസ് അച്യുതാനാന്ദന്‍ ഒരു പാര്‍ട്ടി അംഗമാണെന്നിരിക്കെ സ്വന്തം പാര്‍ട്ടി സെക്രട്ടറിയ്ക്കെതിരെയുള്ള നീക്കത്തെ പ്രതിരോധിക്കുക എന്നത് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍റെ അടിസ്ഥാന കടമകളില്‍ ഒന്നുകൂടിയാണെന്നതാണ് വി എസ് ഇവിടെ മറന്നത്.

WD
വി എസിന്റെ ഓര്‍മപ്പിശക

സെക്രട്ടറിയെ സംരക്ഷിച്ചില്ലെന്നു മാത്രമല്ല പരോക്ഷമായി ഒന്നുതോണ്ടി വിടാന്‍ വി എസ് ശ്രമിക്കുകയും ചെയ്തു. ഭരണഘടനയ്ക്കനുസരിച്ച് നീങ്ങുമെന്ന് പ്രഖ്യാപിച്ചതിലൂടെ പാര്‍ട്ടി ഭരണഘടനയിലെ പത്തൊമ്പതാം വകുപ്പിന്‍റെ പതിനൊന്നാം അനുഛേദം പോളിറ്റ് ബ്യൂറൊയെ ഓര്‍മപ്പെടുത്തുക എന്നത് കൂടി വി എസ് ലക്‍ഷ്യമിട്ടു.

ഗുരുതരമായ സാമ്പത്തിക അഴിമതി നടത്തിയെന്ന് കണ്ടാല്‍ കുറ്റപത്രം നല്‍കി വിശദീകരണം വരുത്തുന്നതുവരെ അയാളുടെ ഘടകമോ ഉപരിഘടകമോ അയാളെ സസ്പെന്‍ഡ് ചെയ്ത് അയാളെ ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന പതിനൊന്നാം അനുഛേദം പോളിറ്റ് ബ്യൂറോ മറന്നു പോയെങ്കില്‍ ഓര്‍മിപ്പിക്കുകയായിരുന്നു വി എസിന്‍റെ ലക്‍ഷ്യം.

എന്നാല്‍ ഇതേ വി എസ് തന്നെയാണ് മത്സരിക്കാനില്ലെന്ന് പി ബിയില്‍ വ്യക്തമാക്കിയശേഷം മാധ്യമങ്ങളുടെ സഹായത്തോടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ സഹതാപ തരംഗമുണ്ടാക്കി ചരിത്രത്തിലാദ്യമായി പി ബി തീരുമാനം തിരുത്തിച്ചതെന്ന് ഇപ്പൊള്‍ മാത്രം ഭരണഘടനയെ കുറിച്ച് ഓര്‍മിപ്പിക്കുന്ന വി എസിന്‍റെ ഓര്‍മപിശകാവാം. അന്ന് പാര്‍ട്ടി ഭരണഘടനയനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് വി എസ് ഉണ്ടാവില്ലായിരുന്നു എന്ന് കൂടി ഓര്‍മിക്കുന്നത് നന്ന്.

പിണറായിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ അഭിപ്രായത്തിനോട് എന്‍റെ അഭിപ്രായം പറഞ്ഞല്ലോ എന്ന വി എസിന്‍റെ മറുപടി സ്വന്തം മന്ത്രിസഭാംഗത്തോടുള്ള അവിശ്വാസ പ്രഖ്യാപനമായിരുന്നു.

PRO
അധികാരമോ പ്രതിച്ഛായയോ?

പിണറായി ഒമ്പതാം പ്രതിയാണെന്ന വാര്‍ത്തകള്‍ വന്നതിനു പുറകെ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാതെ നേരെ ഡല്‍ഹിക്ക് തിരിച്ച വിഎസ് ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വ്യാഖ്യാനങ്ങളോട് പ്രതികരിക്കാതിരിക്കുക വഴി പൊതുജനങ്ങളുടെ ഇടയില്‍ പാര്‍ട്ടി സെക്രട്ടറിയെ വീണ്ടും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താന്‍ കൂട്ടു നില്‍ക്കുകയായിരുന്നു. ഇതിനു പുറമെയാണ് സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ (അങ്ങിനെ ഒന്ന് ഇല്ലെങ്കിലും) എടുത്ത് കാട്ടാനും ലോകസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കാനുമായി പാര്‍ട്ടി സെക്രട്ടറി നയിക്കുന്ന നവകേരളയാത്രയുടെ ഉദ്ഘാടകന്‍റെ റോളില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിവായത്.

ഒടുവില്‍ എസ് ആര്‍ പിയെ ഉദ്ഘാടകനാക്കിയും വി എസ് സമാപനസമ്മേളനത്തില്‍ എത്തുമെന്ന് പാര്‍ട്ടിയെകൊണ്ട് പറയിപ്പിക്കാനും വി എസ് നിര്‍ബന്ധിതനാക്കി. ഇവിടേയും കുടുങ്ങിയത് വി എസ് തന്നെയാണ്. അടുത്ത മാസം ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ ഇതുവരെ വി എസ് കെട്ടിപ്പടുത്ത കോട്ട തകരും.

നവകേരളാ മാര്‍ച്ചിന്‍റെ സമാപനം മുന്‍ നിശ്ചയപ്രകാരം വി എസ് തന്നെ ഉദ്ഘാടനം ചെയ്യേണ്ടി വരും. അധികാരത്തോടാണോ ഊതിവീര്‍പ്പിച്ച പ്രതിച്ഛായയോടാണോ വി എസിന്‍റെ യഥാര്‍ത്ഥ പ്രതിബദ്ധതയെന്നത് അതോടെ വ്യക്തമാവുകയും ചെയ്യും. കാരണം പിന്നീട് വിഎസിന് മുന്നില്‍ തെളിയുന്നത് രണ്ട് വഴികളായിരിക്കും. നവകേരള മാര്‍ച്ചിന്‍റെ സമാപനം ഉദ്ഘാടനം ചെയ്ത് പ്രതിച്ഛായ നഷ്ടം പരിഹരിക്കാനായി വല്ലപ്പോഴും ചില പ്രസ്താവനകളും നടത്തി മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാം. അല്ലെങ്കില്‍ ആദര്‍ശവും പ്രതിച്ഛായയും ഉയര്‍ത്തിപിടിച്ച് പാര്‍ട്ടിയുടെ പടിയിറങ്ങാം. പുറത്ത് വിമതന്മാര്‍ ചുവന്ന പരവതാനി വിരിച്ച് കാത്തുനില്‍പ്പുണ്ടല്ലോ!